
പെട്ടത് 8 മണിക്കൂർ; മണ്ണുത്തി–വടക്കഞ്ചേരി സർവീസ് റോഡുകൾ മഴയിൽ തകർന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പട്ടിക്കാട് ∙ മഴയിൽ സർവീസ് റോഡിലെ ചില ഭാഗങ്ങൾ തകർന്നതോടെ മണ്ണുത്തി–വടക്കഞ്ചേരി ദേശീയപാതയിൽ പട്ടിക്കാടിനടുത്തു കല്ലിടുക്കിൽ ഗതാഗതം തടസ്സപ്പെട്ടത് എട്ടു മണിക്കൂർ. തൃശൂർ ഭാഗത്തേക്കുള്ള പാതയിൽ പുലർച്ചെ 3നാണ് ബ്ലോക്ക് തുടങ്ങിയത്. പാലക്കാട് ഭാഗത്ത് കുതിരാനു സമീപം വഴുക്കുംപാറ മേൽപാത മുതൽ അഞ്ചു കിലോമീറ്ററോളം വാഹനങ്ങളുടെ നിര നീണ്ടു. തൃശൂർ ഭാഗത്തു പട്ടിക്കാട് വരെ രണ്ടു കിലോമീറ്ററും വാഹനങ്ങളുടെ വരി രൂപപ്പെട്ടു.
പല സ്വകാര്യ ബസുകളും രാവിലത്തെ ട്രിപ്പുകൾ റദ്ദാക്കി. ചില വാഹനങ്ങൾ മേലേച്ചിറ, തെക്കുംപാടം, വഴുക്കുംപാറ വഴിയിലൂടെയാണു കടന്നുപോയത്. തിരക്കു കൂടിയതോടെ സമാന്തര റോഡുകളിലും ഗതാഗതം സ്തംഭിച്ചു. മണ്ണുത്തി–വടക്കഞ്ചേരി ദേശീയപാതയിൽ പുതിയതായി 3 അടിപ്പാതകളാണു നിർമിക്കുന്നത്.
പാണഞ്ചേരി പഞ്ചായത്തിൽ 12 കിലോമീറ്ററിനുള്ളിൽ വാണിയമ്പാറയിലും കല്ലിടുക്കിലും മുടിക്കോട്ടുമാണ് നിർദിഷ്ട അടിപ്പാതകൾ. ഇതിൽ കല്ലിടുക്കിലാണു സർവീസ് റോഡ് ഏറ്റവും വീതി കുറവ്. കഴിഞ്ഞ ദിവസം മുടിക്കോട് സെന്ററിലുണ്ടായ ഗതാഗതക്കുരുക്കിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കുടുങ്ങിയിരുന്നു.
ഗതാഗത നിയന്ത്രണം അശാസ്ത്രീയം
വേണ്ടത്ര പഠനമോ മുന്നൊരുക്കമോ ഇല്ലാതെ അടിപ്പാത നിർമാണം നടത്തുന്നതാണു തൃശൂർ ജില്ലയിൽ പലയിടത്തും ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നതെന്ന് ആക്ഷേപമുണ്ട്. നാമക്കൽ ആസ്ഥാനമായുള്ള പിഎസ്ടി പ്രൈവറ്റ് ലിമിറ്റഡ് എന്ന കരാർ കമ്പനിയാണ് എല്ലാ അടിപ്പാതകളുടെയും കരാർ ഏറ്റെടുത്തിട്ടുള്ളത്. കല്ലിടുക്കിൽ അടിപ്പാത നിർമാണം ഇഴഞ്ഞു നീങ്ങുകയാണ്. കഴിഞ്ഞയാഴ്ചവരെ കല്ലിടുക്കിലുണ്ടായിരുന്ന തൊഴിലാളികളെ ജില്ലയുടെ തെക്കൻ മേഖലയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായപ്പോൾ അങ്ങോട്ടു മാറ്റി.
പാലക്കാട് ഭാഗത്തേക്കുള്ള സർവീസ് റോഡിലെ കലുങ്ക് നിർമാണം പൂർത്തിയാക്കി ഗതാഗതത്തിനു സജ്ജമാക്കാതെയാണു പട്ടിക്കാട് മുതൽ കല്ലിടുക്കു വരെ ഒരേ പാതയിൽ രണ്ടു വശത്തേക്കുമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. പട്ടിക്കാട് മുതൽ കല്ലിടുക്കു വരെ തെക്കുഭാഗത്തു സർവീസ് റോഡ് പൂർത്തിയാകാത്തതും ഗതാഗത തടസ്സത്തിനു കാരണമാകുന്നുണ്ട്.
കൊടകരയിലും ബ്ലോക്ക്
കൊടകര ∙ ദേശീയപാതയിൽ പേരാമ്പ്രയിൽ വാഹനങ്ങൾ ഗതാഗതക്കുരുക്കിൽപ്പെട്ടു. ദേശീയപാതയിലൂടെ ഇരുനിരകളിലായി എത്തുന്ന വാഹനങ്ങൾ പേരാമ്പ്ര പെട്രോൾ പമ്പിന് സമീപം അടിപ്പാത സർവീസ് റോഡിലൂടെ ഒരു നിരയിൽ പോകേണ്ട അവസ്ഥയിലാണ് കുരുക്കിൽപ്പെടുന്നത്. പ്രത്യേകിച്ച് ഭാരവാഹനങ്ങൾ, ട്രെയിലറുകൾ എന്നിവ എത്തുമ്പോൾ ചെറുവാഹനങ്ങൾക്ക് പോകാൻ പറ്റാത്ത അവസ്ഥയിൽ കുരുക്ക് മുറുകുന്നു.
കൂടാതെ കൊടകരയിൽ നിന്ന് സർവീസ് റോഡിലൂടെ വാഹനങ്ങൾ എത്തുന്നതോടെ തിരക്ക് കൂടുന്നു.. തിരക്കേറുമ്പോൾ സർവീസ് റോഡിലെ അഴുക്ക് ചാലിന് മുകളിലൂടെ വാഹനങ്ങൾ കയറിയിറങ്ങുന്നതിനാൽ പലയിടത്തും സ്ലാബുകൾ തകരുകയാണ്. അഴുക്ക് ചാലിന് മുകളിൽ സ്ഥാപിച്ച ഇരുമ്പ് ഗാർഡിന്റെ ഒരു വശം താഴ്ന്നു പോയ അവസ്ഥയിലാണ്.
ഷോളയാർ: വാഹനങ്ങൾ ചെളിയിൽ താഴ്ന്ന് ഗതാഗതക്കുരുക്ക്
അതിരപ്പിള്ളി ∙ ചാലക്കുടി–മലക്കപ്പാറ സംസ്ഥാന പാതയിൽ ഷോളയാർ മേഖലയിൽ വാഹനങ്ങൾ കാനയിൽ കുടുങ്ങി ഗതാഗതക്കുരുക്ക് പതിവായി. 32 കിലോമീറ്റർ ദൂരത്തിലാണ് പ്രശ്നം. ടാറിങ് കഴിഞ്ഞതോടെ പലഭാഗങ്ങളിലും റോഡ് മുപ്പത് സെന്റീമീറ്ററിൽ അധികം ഉയർന്ന നിലയിലാണ്. ടാറിങ് വിട്ട് ഇറങ്ങുമ്പോഴാണ് ചെളിയിൽ താഴുന്നത്.
കഴിഞ്ഞ അവധി ദിവസം ബസ് അടക്കം 5 വാഹനങ്ങൾ താഴ്ന്നു. രാവിലെ പത്തിനു തുടങ്ങിയ ഗതാഗതക്കുരുക്ക് വൈകിട്ട് അഞ്ചരയോടെയാണ് പരിഹരിച്ചത്. റോഡിന് വീതി കുറവായതിനാൽ വലിയ വാഹനങ്ങൾ സൈഡ് കൊടുക്കുമ്പോൾ ടാറിങ്ങിൽ നിന്ന് ഇറക്കണം. ഇത്തരത്തിൽ റോഡിൽ വശങ്ങളിലേക്ക് ഇറക്കിയ വാഹനങ്ങളാണ് യാത്രക്കാരുമായി മണിക്കൂറുകൾ വനപാതയിൽ അകപ്പെട്ടത്. വിനോദസഞ്ചാരികളുടെ 2000 വാഹനങ്ങളാണ് ഞായറാഴ്ച അതിർത്തി കടന്നെത്തിയത്.