
സുരക്ഷയിൽ വിള്ളൽ ആറുവരിപ്പാത നിർമാണം: ആശങ്കകൾ ചർച്ച ചെയ്യാൻ യോഗം വിളിക്കും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മലപ്പുറം∙ ജില്ലയിലെ ആറുവരിപ്പാത നിർമാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ജനപ്രതിനിധികളെയും ദേശീയപാത അതോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി യോഗം വിളിക്കുമെന്നു ജില്ലാ കലക്ടറുടെ ഉറപ്പ്. കൂരിയാട് ആറുവരിപ്പാത തകർന്നു വീണ പശ്ചാത്തലത്തിൽ ആറു വരിപ്പാത നിർമാണവുമായി ബന്ധപ്പെട്ട് ദേശീയപാത അതോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി യോഗം വിളിക്കണമെന്നു ആവശ്യപ്പെട്ട പി.അബ്ദുൽ ഹമീദ് എംഎൽഎയ്ക്കാണ് കലക്ടർ ഉറപ്പു നൽകിയത്.ആറുവരിപ്പാത നിർമാണവുമായി ബന്ധപ്പെട്ട് പ്രദേശവാസികളും ജനപ്രതിനിധികളും ഒട്ടേറെ പരാതികൾ ഉയർത്തിയിരുന്നു. ജില്ലാ വികസന സമിതി യോഗങ്ങളിൽ പലവട്ടം ഇതു ചർച്ചയ്ക്കു വന്നു. എന്നാൽ, ദേശീയ പാത അതോറിറ്റിയുടെ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കാത്തതിനാൽ തൃപ്തികരമായ മറുപടി ലഭിക്കാറില്ലെന്നു ജനപ്രതിനിധികൾ പറയുന്നു.
ജനപ്രതിനിധികളും നാട്ടുകാരും മുന്നോട്ടുവച്ച ആശങ്കകൾ പരിഹരിക്കാത്തതിന്റെ ഫലമാണു കൂരിയാട് നടന്നതെന്നാണു അവർ ആരോപിക്കുന്നു. ഇനിയും ഇതേ രീതി തുടരാനാവില്ലെന്ന നിലപാടിലാണു ദേശീയ പാത കടന്നു പോകുന്ന പ്രദേശങ്ങളിലെ ജനപ്രതിനിധികൾ.വെള്ളം ഒഴുകിപ്പോകാനുള്ള അഴുക്കുചാൽ സംവിധാനമില്ലാത്തതു പലേടത്തും വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി പരാതിയുയർന്നിട്ടുണ്ട്. വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും വെള്ളം ഒഴുകുന്ന സ്ഥിതിയുണ്ട്. മഴക്കാലം തുടങ്ങുന്നതിനു മുൻപ് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കണമെന്നാണു ജനപ്രതിനിധികളുടെ ആവശ്യം. ആറുവരിപ്പാതയുടെ നിർമാണത്തെത്തുടർന്നു റോഡിന്റെ നിരപ്പിൽ നിന്നു വളരെ ഉയരത്തിലായ വീടുകൾ ജില്ലയിൽ ദേശീയ പാതയുടെ വശങ്ങളിലുണ്ട്. കൂരിയാട് ദേശീയപാത ഇടിഞ്ഞു വീണത് ഇത്തരം വീടുകളിലെ താമസക്കാരെ ആശങ്കയിലാക്കിയിട്ടുണ്ട്. ഇതു നീക്കാനുള്ള നടപടികൾ വേണമെന്ന ആവശ്യവും ഉയരുന്നു.
ഗതാഗതം തിരിച്ചുവിട്ടു
∙ കോഴിക്കോട്ടുനിന്ന് തൃശൂർ ഭാഗത്തേക്കു പോകുന്നവർ തലപ്പാറയിൽനിന്ന് വലത്തോട്ടു തിരിഞ്ഞ് ചെമ്മാട്–തിരൂരങ്ങാടി വഴി പോകണം. തുടർന്ന് കക്കാട്ടു നിന്ന് സർവീസ് റോഡ് വഴി വീണ്ടും ദേശീയപാതയിൽ കയറാം.∙ തൃശൂരിൽനിന്ന് കോഴിക്കോട് ഭാഗത്തേക്കു പോകുന്നവർ കക്കാട്ടുനിന്ന് തിരൂരങ്ങാടി–മമ്പുറം വഴി വി.കെ.പടിയിലെത്തണം. ഇവിടെനിന്ന് സർവീസ് റോഡ് വഴി വീണ്ടും ദേശീയപാതയിൽ കയറാം.