
വനത്തിൽ എന്താണ്?; വനാതിർത്തിയിൽ അജ്ഞാതരുടെ മോഷണങ്ങൾ തുടർക്കഥ, പിടികിട്ടാതെ പ്രതികൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സീതത്തോട് ∙ വനാതിർത്തിയിലെ വീടുകൾ കേന്ദ്രീകരിച്ച് കഴിഞ്ഞ ഏതാനും മാസങ്ങളായി നടക്കുന്ന മോഷണങ്ങളിൽ ആശങ്കയിലാണ് സീതത്തോട് മേഖല. തുടക്കത്തിൽ ഒറ്റപ്പെട്ട സംഭവമെന്നു കരുതിയെങ്കിലും ഒരു വർഷത്തിനിടെ അരി ഉൾപ്പെടെ ഭക്ഷ്യ സാധനങ്ങൾ മാത്രം മോഷ്ടിക്കുന്ന പത്തോളം സംഭവങ്ങൾ വനാതിർത്തി മേഖലയിലുണ്ടായി. വീട്ടിലെ വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കുന്നതല്ല അതിക്രമം നടത്തുന്നവരുടെ ലക്ഷ്യമെന്നു മനസിലാകുമ്പോളാണ് ആശങ്കയേറുന്നത്. പൊലീസിൽ പരാതി നൽകിയെങ്കിലും ഈ സംഭവങ്ങളിലൊന്നും പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.
മോഷ്ടാക്കളുടെ ലക്ഷ്യം മോഷണം മാത്രമല്ലെന്നുള്ള ഉറച്ച വിശ്വാസത്തിലാണ് അന്വേഷണ സംഘം.ജനങ്ങളിൽ ഭീതി പരത്തേണ്ടെന്നു കരുതി ഉദ്യോഗസ്ഥർ പ്രതികരിക്കുന്നില്ലെന്നതാണ് വാസ്തവമെന്ന് ജനപ്രതിനിധികൾ പറയുന്നു.വിവിധ ഉന്നത പൊലീസ് സംഘങ്ങൾ ഇതിനോടകം മോഷണംനടന്ന വീട്ടുകളിൽ എത്തി വിവരങ്ങൾ ആരാണ് മടങ്ങിയിരുന്നു. പ്രതികൾക്കായി പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥ സംഘങ്ങൾ അന്വേഷണം നടത്തുന്നുണ്ടെങ്കിലും കാര്യമായ ഒരു തുമ്പും ലഭിച്ചിട്ടില്ല. മോഷ്ടാക്കളെ ഭയന്ന് വനാതിർത്തിയിൽ താമസിക്കുന്നവർക്കു വീട് വിട്ട് പുറത്ത് പോകാൻ കഴിയാത്ത അവസ്ഥയിലാണ്.
കഴിഞ്ഞ ദിവസം താമസമില്ലാതെ അടഞ്ഞു കിടന്ന കൊച്ചുകോയിക്കൽ 4ാം ബ്ലോക്കിലെ കാവിത്തടം ലില്ലിക്കുട്ടിയുടെ വീടിന്റെ പിന്നിലെ ജനൽ തകർത്ത് അകത്ത് കടന്ന മോഷ്ടാക്കൾ ആഹാരസാധനങ്ങളും പാത്രങ്ങളും വസ്ത്രവും മോഷ്ടിച്ചു. ലില്ലിക്കുട്ടി മക്കൾക്കൊപ്പം മുബൈയിലാണ് താമസം. വീട് നോക്കുന്ന സഹോദരൻ മാത്യു ഇന്നലെ രാവിലെ വീട്ടിൽ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഞായറാഴ്ച ഗുരുനാഥൻമണ്ണ് ചരുവിൽ ബാബുരാജിന്റെ വീട്ടിൽ നിന്നും അരിയും ഭക്ഷണ സാധനങ്ങളും മോഷണം പോയിരുന്നു. കൊച്ചു കോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലക സംഘം സ്ഥലവാസികളുടെ സഹകരണത്തോടെ വനത്തിൽ തിരച്ചിൽ തുടങ്ങി. അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്നാണ് വനപാലകർ പറയുന്നത്.
തുടരുന്ന മോഷണങ്ങൾ
കഴിഞ്ഞ വർഷമാണ് മോഷണ പരമ്പരയുടെ തുടക്കം. ആങ്ങമൂഴി, വാലുപാറ, കൊച്ചു കോയിക്കൽ, ഗുരുനാഥൻ മണ്ണ് പ്രദേശങ്ങളിൽ നടന്നത് പത്തിലധികം മോഷണങ്ങൾ. വാതിൽ,ജനൽ തുടങ്ങിയ വെട്ടിപ്പൊളിച്ച് അകത്ത് കടക്കുന്ന അജ്ഞാത സംഘങ്ങൾ അരി,പാത്രങ്ങൾ,പാകം ചെയ്തു വച്ചിരിക്കുന്ന ഭക്ഷണ സാധനങ്ങൾ,വീട്ടുകളിലെ നിത്യോപയോഗ ആയുധങ്ങൾ തുടങ്ങിയവയാണു സംഘം പ്രധാനമായും മോഷ്ടിക്കുന്നത്. മോഷണം നടന്ന വീടുകൾ എല്ലാം സാധാരണക്കാരുടെയാണ്. റാന്നി ഫോറസ്റ്റ് ഡിവിഷനിലെ ഗൂഡ്രിക്കൽ,വടശേരിക്കര റേഞ്ചുകളിൽപ്പെട്ട വനമേഖലയോടു ചേർന്ന് താമസിക്കുന്നവരുടെ വീടുകൾ കേന്ദ്രീകരിച്ചായിരുന്നു മോഷണം.
തിരച്ചിൽ ഊർജിതം
പൊലീസ് നായയുടെ സഹായത്തോടെയും ഫോറൻസിക് വിദഗ്ധരുടെ സാന്നിധ്യത്തിലും മോഷണം നടന്ന വീടുകൾപരിശോധിച്ചിരുന്നു.സ്ഥലവാസികളുടെ സഹകരണത്തോടെ വനപാലകർ പലവട്ടം കാടുകളിൽ തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ആദ്യഘട്ടത്തിൽ സംശയിച്ചിരുന്ന പലരുടെയും വീട്ടിൽ ഒരു മാസം സുഭിക്ഷമായി കഴിയാനുള്ള ഭക്ഷണം ഉള്ളതായി കണ്ടെത്തിയതിനെ തുടർന്ന് ആ സംശയവും നീങ്ങി. വനമേഖല കേന്ദ്രീകരിച്ച് നിയമ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഏതെങ്കിലും സംഘങ്ങളാണോ എന്നുള്ള സാധ്യതകളും ഇപ്പോൾ പരിശോധിക്കുന്നുണ്ട്.