
കോട്ടയം: ഓർത്തഡോക്സ് സഭ അടൂർ ഭദ്രാസനാധിപൻ സഖറിയാസ് മാർ അപ്രേമിനെതിരെ കുന്നംകുളം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ യൂലിയോസ്. കഴിഞ്ഞ ദിവസം അപ്രേം ഭരണഘടനയേയും സിനഡിനേയും വിമർശിച്ച് നടത്തിയ പ്രസംഗത്തിൽ ന്യൂനതകളുണ്ടെന്നും അത് എന്ത് അടിസ്ഥാനത്തിലാണെന്നും ചോദിക്കുകയാണ് യൂലിയോസ്. അതേസമയം ഓറിയന്റൽ ഓർത്തഡോക്സ് സഭകളിൽ നിന്ന് മലങ്കര സഭയെ പുറത്താക്കിയെന്ന പ്രചരണവും ഗീവർഗീസ് മാർ യൂലിയോസ് തള്ളി. സഭ തർക്കത്തിൽ ഓറിയന്റൽ ഓർത്തഡോക്സ് സഭയിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്നും ഗീവർഗീസ് മാർ യൂലിയോസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
സഭാ ഭരണഘടനയിൽ വേദ പുസ്തകത്തിനെതിരെ ഒന്നുമില്ല, അതിൽ ഭീകരവാദമില്ല. ഭരണഘടനയ്ക്ക് എതിരെ ആരെങ്കിലും സംസാരിച്ചിട്ടുണ്ടെങ്കിൽ പ്രതിരോധമുണ്ടാകും. മെത്രാപ്പൊലീത്തമാർ ഉത്തരവാദിത്വത്തോടെ സംസാരിക്കണം. സഖറിയാസ് മാർ അപ്രേമിന് വീഴ്ചയുണ്ടായി, അങ്ങനെ പ്രസംഗിക്കാൻ പാടില്ല. അപ്രേം പള്ളി പിടിച്ചെടുക്കുക എന്ന വാക്ക് ഉപയോഗിച്ചു, ഈ പ്രയോഗം വളരെ ഗൗരവമുള്ളതാണ്. ഓർത്തഡോക്സ് സഭ ആരുടേയും ഒന്നും പിടിച്ചെടുക്കാൻ പോയിട്ടില്ല. സഭ സിനഡിനും ഭരണഘടനയ്ക്കുമെതിരെയായിരുന്നു സഖറിയാസ് മാർ അപ്രേമിന്റെ പ്രസംഗമെന്നും യൂലിയോസ് വിമർശിച്ചു.
ഓർത്തഡോക്സ്- യാക്കോബായ തർക്കവുമായി ബന്ധപ്പെട്ട് ഓറിയന്റൽ ഓർത്തഡോക്സ് സഭകളുടെ വേദിയിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആഗോള വേദിയിൽ ചർച്ചകൾക്ക് സാധ്യതയില്ലെന്നും അത്തരം ചർച്ചകൾ നടക്കുമെന്നത് ചിലരുടെ സ്വപ്നങ്ങൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഓറിയന്റൽ ഓർത്തഡോക്സ് സഭകളിൽ നിന്ന് മലങ്കര സഭയെ പുറത്താക്കിയെന്ന് ചിലർ പ്രചരിപ്പിക്കുന്നു. ഈജിപ്തിലെ കെയ്റോയിൽ കഴിഞ്ഞ ദിവസം ആഗോള തലത്തിലെ മൂന്ന് ഓർത്തഡോക്സ് സഭകളാണ് സംഗമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]