
കൂടരഞ്ഞി : തോട്ടുമുക്കം – പനമ്പിലാവ് റോഡിലെ കൈവരി ഇല്ലാത്ത പാലം അപകടാവസ്ഥയിൽ. ഏകദേശം 33 വർഷം പഴക്കമുള്ള ഈ പാലത്തിനു കേവലം മൂന്ന് മീറ്റർ വീതി മാത്രമാണുള്ളത്. കൈവരിയില്ലാത്ത ഈ പാലത്തിലൂടെയുള്ള യാത്ര ഏറെ സാഹസം നിറഞ്ഞതാണ്. 1990- ൽ ട്രൈബൽ ഡവലപ്മെന്റ് ഫണ്ടുപയോഗിച്ച് മലപ്പുറം, കോഴിക്കോട് ജില്ലകളുടെ അതിർത്തി പങ്കിടുന്ന ചെറുപുഴയ്ക്ക് കുറുകെ പനമ്പിലാവിൽ നിർമ്മിച്ച ഓവർ ഫ്ലോ ക്രോസ്സ് വേ ആയി നിർമ്മിച്ച പാലമാണ് ഇപ്പോൾ അപകടാവസ്ഥയിലായത്.
തോട്ടുമുക്കം, വെറ്റിലപ്പാറ, കൂമ്പാറ, മരഞ്ചാട്ടി, ചുണ്ടത്തുംപൊയിൽ തുടങ്ങി വിവിധ സ്കൂളുകളിലേക്കുള്ള നൂറുകണക്കിന് വിദ്യാർഥികൾ ഉൾപ്പെടെ യാത്ര ചെയ്യുന്ന റൂട്ടിലാണീ പാലം. നിത്യേന നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ഈ പാലത്തിന്റെ അപകടാവസ്ഥ മനസ്സിലാക്കി ഉടൻ പുതുക്കി പണിയണം എന്നാണ് നാട്ടുകാരുടെ ആവശ്യം. കക്കാടംപൊയിൽ ടുറിസ്റ്റ് മേഖലയിലേക്കുള്ള നിരവധി സഞ്ചാരികളും ഈ പാലത്തെ ആശ്രയിക്കുന്നു. പാലത്തിന്റെ അടിയിലുള്ള രണ്ട് തൂണുകളും ദ്രവിച്ച അവസ്ഥയിലാണ്. നിരവധി ഭാരവാഹനങ്ങൾ കടന്നു പോകുന്ന ഈ പാലത്തിന്റെ മെയിൻ സ്ലാബിന്റെ അടിഭാഗം ദ്രവിച്ചു കോൺക്രീറ്റു പൊളിഞ്ഞു കമ്പികൾ പുറത്തു കാണുന്ന അവസ്ഥയിലെത്തിയെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
പാലത്തിന്റെ അപകടാവസ്ഥ സൂചിപ്പിച്ച് പലതവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.2018 മുതൽ 2021 വരെ കാലഘട്ടങ്ങളിൽ രണ്ട് തവണ ബഡ്ജറ്റിൽ പണം അനുവദിച്ചു എന്ന വാർത്തയുണ്ടായെങ്കിലും പാലംപണി മാത്രം നടന്നില്ല.
മലപ്പുറം ജില്ലയിലെ ഏറനാട് നിയോജക മണ്ഡലത്തിൽ ഊർങ്ങാട്ടരി പഞ്ചായത്തിലെ പനമ്പിലാവിലാണീ പാലം സ്ഥിതി ചെയ്യുന്നത്.പഴയ പാലം പൊളിച്ചു മാറ്റി പുതിയ പാലം നിർമിക്കാൻ സർക്കാർ തയ്യാറാകുന്നില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് നാട്ടുകാർ പറഞ്ഞു.
ഇതു സംബന്ധിച്ച് ജനകീയ വേദി പനമ്പിലാവ്, മലയോര മേഖല കെ.എസ്.ആർ ടീ.സി ഫോറം തോട്ടുമുക്കം എന്നീ സംഘടനകളുടെ ഭാരവാഹികൾ ഗതാഗത വകുപ്പ് മന്ത്രി ക്കും പിഡബ്ലിയുഡി അധികൃതർക്കും നിവേദനം നൽകി.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]