
വിഹിതം അടച്ചില്ല, കെഎസ്ഇബിയുടെ ബാങ്ക് അക്കൗണ്ടുകൾ ഇഎസ്ഐസി മരവിപ്പിച്ചു; 31 കോടി രൂപ പിടിച്ചെടുത്തു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം ∙ കരാർ തൊഴിലാളികളുടെ തുകയുടെ വിഹിതം അടച്ചില്ല. കെഎസ്ഇബിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് 31 കോടിയോളം രൂപ ഇഎസ്ഐസി പിടിച്ചെടുത്തു. മാർച്ച് – ഏപ്രിൽ മാസങ്ങളിലായാണ് വൈദ്യുതി ബോർഡിന്റെ എസ്ബിഐ തിരുവനന്തപുരം പട്ടം ശാഖയിലെ പ്രധാന അക്കൗണ്ടും കനറാ ബാങ്കിന്റെ കന്റോൺമെന്റ് ശാഖയിലെ കലക്ഷൻ അക്കൗണ്ടും ഇഎസ്ഐസി മരവിപ്പിച്ചത്. ഇഎസ്ഐ തുക അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ നോട്ടിസ് നൽകിയിട്ടും അനുകൂല മറുപടി ലഭിക്കാതായതോടെയാണ് നടപടി.
31 കോടിയോളം രൂപ ഇഎസ്ഐസി പിടിച്ചെടുത്തിട്ടും കരാർ തൊഴിലാളികളുടെ പട്ടിക കൈമാറാൻ കെഎസ്ഇബി ഇതുവരെ തയാറായിട്ടില്ല. ഇതോടെ പിടിച്ചെടുത്ത പണം തൊഴിലാളികൾക്ക് ഗുണമില്ലാതെ ഇഎസ്ഐസിയുടെ പക്കൽ തന്നെയിരിക്കുകയാണ്. 2017 മുതൽ 2021 വരെയുള്ള 4 വർഷക്കാലത്തെ അടവ് മുടങ്ങിയതിൽ 18 കോടി രൂപ മുതലായും 13 കോടി പലിശയിനത്തിലുമാണ് അക്കൗണ്ടുകൾ മരവിപ്പിച്ച് ഇഎസ്ഐസി പിടിച്ചെടുത്തത്.
കെഎസ്ഇബിയുടെ നിസഹകരണം കാരണം വൈകാതെ 2021 മുതൽ 2025 വരെയുള്ള പണവും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് പിടിച്ചെടുക്കേണ്ടി വരും. കരാർ തൊഴിലാളികളുടെ എണ്ണം കൂടിയതിനാൽ ഇത് 31 കോടിയ്ക്കും മുകളിലേക്ക് പോകും. കെഎസ്ഇബിയിൽ ഇരുപതിനായിരത്തോളം കരാർ തൊഴിലാളികൾ ഉണ്ടെന്നാണ് കണക്ക്. ഇതിൽ 20 വർഷം പിന്നിട്ട കരാർ തൊഴിലാളികളുടെ എണ്ണം പതിമൂവായിരത്തിനും മുകളിലാണ്. മീറ്റർ റീഡർമാർ, സബ് സ്റ്റേഷൻ ഓപ്പറേറ്റർമാർ, ലൈൻ വർക്കേഴ്സ്, ഷിഫ്റ്റ് അസിസ്റ്റന്റുമാർ എന്നിവരിൽ ഭൂരിപക്ഷവും കരാർ തൊഴിലാളികളാണ്.
ഇഎസ്ഐസിയിൽ നിയമാനുസൃതമായ വിഹിതം അടയ്ക്കുന്നതിനു പകരം കെഎസ്ഇബി ഹൈക്കോടതിയെ സമീപിക്കുകയും സ്റ്റേ വാങ്ങുകയും ചെയ്തിരുന്നു. ഇതിനെതിരെ ഇഎസ്ഐസി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. കരാർ തൊഴിലാളികളുടെ സംഘടനയായ കരാർ തൊഴിലാളി ഫെഡറേഷനും കേസിൽ കക്ഷി ചേർന്നു. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ഇതിനുപിന്നാലെയാണ് ബാങ്ക് അക്കൗണ്ടുകൾ മരവപ്പിച്ച് ഇഎസ്ഐസി തുക പിടിച്ചെടുത്തത്. കരാർ തൊഴിലാളികൾ ഇഎസ്ഐ തുകയ്ക്ക് അർഹരല്ലെന്നാണ് കെഎസ്ഇബിയുടെ വാദം. എന്നാൽ ഇഎസ്ഐ അധികൃതർ വൈദ്യുതി ഓഫിസുകളിൽ പരിശോധന നടത്തുകയും കരാർ തൊഴിലാളികൾ ഇഎസ്ഐയ്ക്ക് അർഹരാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.
അതേസമയം, കെഎസ്ഇബിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് പണം പിടിച്ചെടുത്ത ഇഎസ്ഐസി നടപടി താൻ അറിഞ്ഞിട്ടില്ലെന്നും അന്വേഷിക്കട്ടെയെന്നും വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി മനോരമ ഓൺലൈനോട് പറഞ്ഞു.