
ആൾമാറാട്ടവും മോഷണവും; യുവാവ് അറസ്റ്റിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
താനൂർ ∙ ആൾമാറാട്ടം നടത്തി പണവും വാഹനങ്ങളും മോഷ്ടിക്കുന്ന യുവാവ് പിടിയിൽ. കൂട്ടായി പുതിയ വീട്ടിൽ അബ്ദുൽ ജംഷിയാണ് (43) അറസ്റ്റിലായത്. പൊലീസ് സംഘം തുടർച്ചയായി നടത്തിയ അന്വേഷണത്തിലാണ് ഇയാൾ വലയിലായത്. മൂന്നാഴ്ച മുൻപ് മോര്യയിലെ സജീഷിന്റെ മോട്ടർബൈക്ക് റെയിൽവേ സ്റ്റേഷനു സമീപത്തു നിന്ന് മോഷണം പോയിരുന്നു. തുടർന്ന് സിസിടിവികൾ പരിശോധിച്ചു അന്വേഷണവും ആരംഭിച്ചിരുന്നു. മാസ്ക് ധരിച്ചതിനാൽ മോഷ്ടാവിനെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല.
മോഷ്ടിച്ച ബൈക്ക് ചമ്രവട്ടത്ത് ടൂ വീലർ വർക്ക് ഷോപ്പിൽ ഏൽപിച്ചതായി കണ്ടെത്തി. 2023ൽ സമാന രീതിയിലുള്ള കുറ്റകൃത്യത്തിനു പാലക്കാട് കല്ലടിക്കോട്, ചാലിശ്ശേരി പൊലീസ് സ്റ്റേഷനുകളിലെ കേസുകളിൽ ഉൾപ്പെട്ട് കോടതിയിൽ നിന്ന് ജാമ്യത്തിൽ ഇറങ്ങി മുങ്ങി നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ വാറന്റും നിലവിലുണ്ട്. പ്രതി പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒട്ടേറെ തട്ടിപ്പുകളും പണവുമായി കടന്നു കളയുന്ന ജംഷിയാണെന്ന് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചു.
വിവിധ കേന്ദ്രങ്ങളിൽ താമസിച്ചു തട്ടിപ്പ് നടത്തിയ പ്രതിയെ കഴിഞ്ഞ ദിവസം കോഴിക്കോട് വച്ചാണ് അന്വേഷണസംഘം പിടികൂടിയത്. സംസാരിച്ച് ആളുകളെ വശീകരിക്കുന്നതിൽ സമർഥനാണ് പ്രതി. വയനാട് ദുരിത മേഖലയിലെത്തി ഒറ്റപ്പെട്ടവരായ സ്ത്രീകൾക്ക് വിവാഹ വാഗ്ദാനം നൽകി പണം തട്ടിയ കേസുകളും ഇയാളുടെ പേരിലുണ്ട്.
ഡിവൈഎസ്പി പി.പ്രമോദിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ടോണി ജെ.മറ്റം, സബ് ഇൻസ്പെക്ടർമാരായ എൻ.ആർ. സുജിത്, പ്രമോദ്, എഎസ്ഐ സലേഷ്, സിപിഒമാരായ ബീജോയ്, വിപീഷ്, പ്രഭീഷ്, ലിബിൻ എന്നിവർ അടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്. പ്രതിയെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.