
ചെറിയ ചികിത്സയൊന്നും പോരാ, പാനൂർ താലൂക്ക് ആശുപത്രിക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാനൂർ∙ താലൂക്ക് ആശുപത്രിയിൽ ചികിത്സ വേണ്ടത് രോഗികൾക്കു മാത്രമല്ല, ആശുപത്രി കെട്ടിടത്തിനു കൂടിയാണെന്ന് രോഗികൾ പറയുന്നു. ഇതിനു കാരണമുണ്ട്. ശരാശരി അഞ്ഞൂറിലേറെ രോഗികൾ ചികിത്സ തേടിയെത്തുന്ന ആശുപത്രിയുടെ സ്ഥിതി അതിദയനീയമാണ്. ഒപി വിഭാഗത്തിലെത്തിയാൽ അറിയാം ആരോഗ്യകേന്ദ്രത്തിന്റെ ശോച്യാവസ്ഥ. വർഷാവർഷം പെയിന്റടിക്കാൻ പോലും അധികൃതർ തയാറാകുന്നില്ല. പെയിന്റടിച്ച് 3 വർഷം പിന്നിട്ടു. ഡോക്ടർമാരുടെ പരിശോധന മുറികളും അത്യാഹിതവിഭാഗവും വികൃതമാണ്. ഓരോ മുറിയിലെ ചുമരിലും പൂപ്പൽ നിറഞ്ഞിരിക്കുകയാണ്.
തറയിലെ ടൈലുകളെല്ലാം പൊട്ടിക്കിടപ്പാണ്. ഇളകിക്കിടക്കുന്ന ടൈലുകൾ അപകടഭീഷണി ഉയർത്തുന്നു. ഇപ്പോൾ തറയിൽ പായയിട്ടിരിക്കുകയാണ്. ഇതാകട്ടെ തടഞ്ഞുവീഴാനുള്ള സാധ്യതയുണ്ട്. പ്രവേശന കവാടത്തിലുള്ള പ്രധാന കെട്ടിടത്തിലും സ്ഥിതി വ്യത്യസ്തമല്ല. മുകൾ നിലയിലെ കോൺഫറൻസ് ഹാളിന്റെ ഷീറ്റ് കാറ്റിൽ പാറിപ്പോയി. മാറ്റി സ്ഥാപിക്കാനുള്ള നടപടിയൊന്നും ആയില്ല. മഴപെയ്യുമ്പോൾ വെള്ളം സീലിങ്ങിലൂടെ തറയിലെത്തുന്നു. കാലപ്പഴക്കമുള്ള സിമന്റ് ഷീറ്റാണ് മേൽക്കൂരയിലുള്ളത്. ഇപ്പോൾ അതുപയോഗിക്കുന്നതിൽ വിലക്കുണ്ട്. മുൻപേ അലൂമിനിയം ഷീറ്റാക്കി മാറ്റേണ്ടതായിരുന്നു.
ആശുപത്രിയ്ക്ക് ചുറ്റുമതിൽ ഇല്ല. പിൻഭാഗം തുറന്നുകിടക്കുന്നതുകൊണ്ടുതന്നെ തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമാണിവിടം. ആശുപത്രിയിൽ രാത്രിയിലെത്തുന്നവർക്കു നേരെ തെരുവുനായ്ക്കൾ ചാടിവീഴുന്ന അവസ്ഥയുണ്ട്. ആരും ശ്രദ്ധിക്കാത്ത നിലയിലേക്ക് ആശുപത്രി മാറുന്നുവെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. പാനൂർ നഗരസഭാ പരിധിയിലാണ് ആശുപത്രി. അറ്റകുറ്റപ്പണികൾക്ക് എല്ലാ വർഷവും ഫണ്ട് വകയിരുത്തും. എന്നാൽ ഉപയോഗപ്പെടുത്തുന്നില്ല. 3 വർഷമായി പെയ്ന്റിങ് പോലും നടക്കാതെ പോയത് തികഞ്ഞ അനാസ്ഥയാണ്. വാർഷിക അറ്റകുറ്റപ്പണി നടക്കേണ്ടിടത്താണ് വർഷങ്ങളായി ഒന്നും നടക്കാതെ പോകുന്നത്.
ഫണ്ട് ഉണ്ട്, ഉപയോഗിക്കുന്നില്ല
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സ്ഥലം എംഎൽഎ കൂടിയായിരുന്ന ആരോഗ്യമന്ത്രി കെ.കെ.ശൈലജ, ആശുപത്രിയുടെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 45 ലക്ഷം അനുവദിച്ചിരുന്നു. ഒപി വിഭാഗത്തിന് മുകളിൽ കെട്ടിടം പണിയാനാണ് തുക അനുവദിച്ചത്. വർഷങ്ങൾ പിന്നിട്ടിട്ടും ഫണ്ട് കടലാസിൽ കിടക്കുന്നു. കേന്ദ്ര ധനകാര്യ കമ്മിഷൻ വക ആരോഗ്യ കേന്ദ്രത്തിന് അനുവദിച്ച ലക്ഷങ്ങൾ ഉപയോഗിക്കാതെ കിടക്കുകയാണ്. ആശുപത്രി പരിധിയിൽ 3 ഹെൽത്ത് വെൽനസ് സെന്ററെങ്കിലും ആരംഭിക്കാനാണ് തുക അനുവദിച്ചത്. ഒരെണ്ണമാണ് തുടങ്ങിയത്. ആശുപത്രി വികസന സമിതി യോഗം പതിവുപോലെ നടക്കുമെങ്കിലും ശോച്യാവസ്ഥയുടെ കാര്യത്തിൽ ഒരു മാറ്റവുമില്ലെന്ന ആരോപണം ഉണ്ട്. എല്ലാം ചടങ്ങിനു മാത്രം.
പുതിയ കെട്ടിടം കാത്തുകാത്ത്
താലൂക്ക് ആശുപത്രി നിലവിലെ സ്ഥലത്തു നിന്ന് മാറ്റി ആധുനിക സംവിധാനത്തിൽ ആശുപത്രി പണിയാൻ പൂക്കോം റോഡിൽ സ്വകാര്യ വ്യക്തിയുടെ ഒരേക്കർ സ്ഥലം കണ്ടെത്തിയിരുന്നു. സ്ഥലം വിട്ടുകിട്ടുന്നതിനുള്ള നടപടി ആരംഭിച്ച് അക്വിസിഷൻ വരെ എത്തിയതാണ്. ആശുപത്രിക്ക് 92 കോടി ഒന്നാം പിണറായി സർക്കാർ അനുവദിച്ചതായിരുന്നു. കെട്ടിടത്തിന്റെ അന്തിമ രൂപരേഖപോലും തയാറാക്കിയിരുന്നു. സ്ഥലം വിട്ടുകിട്ടുന്നതിലെ തടസ്സം കാരണം വേഗത കുറഞ്ഞു. പുതിയ സ്ഥലവും കെട്ടിടവും കാത്തുനിൽക്കുമ്പോൾ, നിലവിലുള്ള കേന്ദ്രത്തിൽ അറ്റകുറ്റപ്പണി നടത്താനും കൂടുതൽ സൗകര്യം ഒരുക്കാനും അധികൃതർ മടിക്കുന്നതാണ് നിലവിലെ അവസ്ഥയ്ക്കു കാരണം.