
‘തീപിടിത്തത്തിൽ ഉദ്യോഗസ്ഥർക്കിടയിൽ വീഴ്ചയുണ്ടെങ്കിൽ നടപടി ഉണ്ടാകും; ഇത് എല്ലാവർക്കും ഒരു പാഠം ആകണം’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട്∙ കോഴിക്കോട് കോർപറേഷൻ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെങ്കിൽ നടപടി എടുക്കുമെന്ന് കോർപറേഷൻ മേയർ ബീനാ ഫിലിപ്പ്. പല ഊഹാപോഹങ്ങളും ഉണ്ടാകുമെന്നും അതൊന്നും വിശ്വസിക്കാൻ പറ്റില്ലെന്നും മേയർ അറിയച്ചു. തിപിടിത്തത്തെ കുറിച്ച് ചർച്ച ചെയ്യാൻ കോർപറേഷനിൽ ഇന്ന് സ്റ്റിയറിങ് കമ്മിറ്റി യോഗം നടക്കുമെന്നും യോഗത്തിൽ എല്ലാ ഉദ്യോഗസ്ഥരും പങ്കെടുക്കുമെന്നും മേയർ അറിയിച്ചു.
‘‘കുറേപേരുടെ കരിഞ്ഞ ജീവിതത്തിന്റെ മുൻപിലാണ് നമ്മൾ നിൽക്കുന്നത്. അതിലെ ശരി തെറ്റുകളെ കുറിച്ച് അന്വേഷിക്കണം. പലവിധത്തിലും പലതലത്തിലും അന്വേഷിച്ച ശേഷം മാത്രമേ, എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് നമ്മൾക്ക് പറയാൻ കഴിയൂ. പല ഊഹാപോഹങ്ങളും ഉണ്ടാകാം, നമ്മൾക്ക് അതൊന്നും വിശ്വസിക്കാൻ പറ്റില്ല. പൊലീസ്, അഗ്നിരക്ഷാ സേന, ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റ് എന്നിവിടങ്ങളിൽ നിന്ന് പരിശോധന നടത്തിയാൽ മാത്രമേ, ഇതിന്റെ തുടക്കം എന്താണ് എന്നതിനെക്കുറിച്ച് പറയാൻ സാധിക്കൂ. വലിയ ദൗർഭാഗ്യകരമായ സംഭവമാണിത്. കോഴിക്കോട് നഗരത്തിലെ ഏറ്റവും വലിയ ഷോറൂമാണ് കത്തി നശിച്ചത്. ഇന്ന് പ്രത്യേക സ്റ്റിയറിങ് കമ്മിറ്റി യോഗം ചേരും. ഉദ്യോഗസ്ഥ തലത്തിൽ എന്തെല്ലാം ചെയ്യാൻ കഴിയുമെന്ന് കോർപറേഷൻ തലത്തിൽ അന്വേഷിക്കും’’ – മേയർ അറിയിച്ചു.
‘‘ഇത് എല്ലാവർക്കും ഒരു പാഠം ആകണം. തീപിടിത്തം ഇടയ്ക്കിടക്ക് ഉണ്ടാകുന്നതാണ്, പ്രത്യേകിച്ച് പഴയ കെട്ടിടങ്ങളിൽ ഇടയ്ക്കിടക്ക് തീപിടിത്തമുണ്ടാകുമ്പോൾ ശാസ്ത്രീയമായ കാര്യങ്ങളെ കുറിച്ച് അവബോധം ഉണ്ടാകുകയും അത് കർശനമായി നടപ്പിലാക്കുകയും വേണമെന്നാണ് പറയാനുള്ളത്. പഴയ കെട്ടിടമായതിനാൽ അഗ്നിരക്ഷാശമന ഉപാധി ഉണ്ടായേക്കില്ല. തകര ഷീറ്റ് കൊണ്ട് മറച്ചിട്ടുണ്ടോയെന്ന കാര്യം പരിശോധിച്ചിട്ട് പറയാം. അനുമതിയാട് കൂടിയാണോ കെട്ടിയടച്ചത് എന്ന് സ്റ്റിയറിങ് കമ്മിറ്റിയിൽ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് പഠിച്ച് പറയാം. ഒരു തരത്തിലുള്ള അനധികൃത നിർമാണത്തിനും കെട്ടിടത്തിൽ അനുമതി നൽകിയിട്ടില്ല. വരാന്ത അടക്കം അടച്ച് കെട്ടി ഗോഡൗണാക്കിയെന്ന ആരോണം കോർപറേഷൻ പരിശോധിക്കും’’ – മേയർ പറഞ്ഞു.
‘‘അടിയന്തിരമായി കെട്ടിടം നന്നാക്കിയെടുക്കുക എന്നതാണ് കോർപറേഷന്റെ മുൻപിലുള്ള നടപടി. കോർപറേഷന്റെ കെട്ടിടം ആണ്. എല്ലാ കെട്ടിടത്തിലും ഫയർ ഓഡിറ്റിങ് നടത്താനുള്ള മുന്നറിയിപ്പ് കൂടിയാണ് ഇങ്ങനെയൊരു സംഭവം. ഉദ്യോഗസ്ഥ തലത്തിൽ വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കും, പാളിച്ചയുണ്ടായോയെന്ന് പരിശോധിക്കും. കോഴിക്കോട് നഗരത്തിൽ പലയിടത്തും ഈ അനധികൃത നിർമാണം കാണുന്നുണ്ട്. കടയുടമകളുമായി ചർച്ച നടത്തും. ഉദ്യോഗസ്ഥ വീഴ്ചയുണ്ടെങ്കിൽ നടപടി ഉണ്ടാകും’’ – മേയർ പറഞ്ഞു.