
നന്ദനം എന്ന മലയാള സിനിമയില്‍ ഇന്നസെന്റ് പറയുന്ന ഒരു ഡയലോഗുണ്ട്, അവിടേം കണ്ടു ഇവിടേം കണ്ടു, ഡബിളാ ഡബിള്‍. ഐപിഎല്‍ ഇന്ന് അത്തരമൊരു നിമിഷത്തിനാണ് സാക്ഷിയായത്. ഇവിടെ സിനിമയിലെ കുമ്പിടിക്ക് പകരം ബംഗ്ലാദേശ് താരം മുസ്തഫിസൂര്‍ റഹ്മാനാണെന്ന് മാത്രം. 24 മണിക്കൂറിനിടെ മുസ്തഫിസൂറിനെ ഷാര്‍ജയിലേയും ഡല്‍ഹിയിലേയും ക്രിക്കറ്റ് മൈതാനങ്ങളില്‍ കണ്ടു.
ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരം മിച്ചല്‍ സ്റ്റാര്‍ക്കിന്റെ താല്‍ക്കാലിക പകരക്കാരനായാണ് മുസ്തഫിസൂര്‍ തിരഞ്ഞെടുക്കപ്പെട്ടത്. ഇന്നലെ രാത്രി ബംഗ്ലാദേശ്-യുഎഇ ട്വന്റി 20 അന്താരാഷ്ട്ര മത്സരത്തില്‍ പങ്കെടുത്ത ശേഷമായിരുന്നു മുസ്തഫിസൂര്‍ ഡല്‍ഹിക്കൊപ്പം ചേര്‍ന്നത്.
ബംഗ്ലാദേശിനായി നാല് ഓവറില്‍ 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് താരം നേടി. 27 റണ്‍സിനാണ് യുഎഇയെ ബംഗ്ലാദേശ് കീഴടക്കിയത്. ശേഷം ഉടൻ തന്നെ 2000 കിലോമീറ്റര്‍ അകലെയുള്ള ഡല്‍ഹിയില്‍ ഇടം കയ്യൻ പേസര്‍ പറന്നിറങ്ങി. വിശ്രമത്തിന് പോലും ആവശ്യമായ സമയം ലഭിച്ചിരുന്നില്ല മുസ്തഫിസൂറിന്. ഫ്രാഞ്ചൈസി ക്രിക്കറ്റിന്റേയും അന്താരാഷ്ട്ര മത്സരങ്ങളുടേയും കൂട്ടിയിടിയുടെ ഇരയായി ബംഗ്ലാദേശ് താരം മാറി.
ഡല്‍ഹിക്കായി ഇതുവരെ രണ്ട് ഓവര്‍ എറിഞ്ഞ താരം 13 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തിട്ടുള്ളത്.
അതേസമയം, ഗുജറാത്തിനെതിരെ 199 റണ്‍സ് ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നേടി.. കെ എല്‍ രാഹുലിന്റെ (65 പന്തില്‍ 112) സെഞ്ചുറിയാണ് ഡല്‍ഹിയെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. അഭിഷേക് പോറല്‍ (19 പന്തില്‍ 30), അക്സല്‍ പട്ടേല്‍ (16 പന്തില്‍ 25) എന്നിവരാണ് മികച്ച പ്രകടനം പുറത്തെടുത്ത മറ്റുതാരങ്ങള്‍. മൂന്ന് വിക്കറ്റ് മാത്രമാണ് ഡല്‍ഹിക്ക് നഷ്ടമായത്. ഒരു മാറ്റവുമായിട്ടാണ് ഗുജറാത്ത് ഇറങ്ങിയത്.
കഗിസോ റബാദ ടീമില്‍ തിരിച്ചെത്തി. ഡല്‍ഹി രണ്ട് മാറ്റം വരുത്തി. വിപ്രജ് നിഗം, മുസ്തഫിസുര്‍
എന്നിവര്‍ ടീമിലെത്തി. മാധവ് തിവാരി, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരാണ് പുറത്തായത്. സ്റ്റാര്‍ക്ക് ഐപിഎല്ലില്‍ നിന്ന് പിന്മാറിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]