
എൻഐഎയ്ക്ക് പിടിവള്ളിയായത് കഴുത്തിലെ ടാറ്റൂ; തലശേരിയിൽ പിടിയിലായ മണിപ്പുർ സ്വദേശിക്ക് നിരോധിത സംഘടനയുമായി ബന്ധം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കണ്ണൂർ ∙ തലശേരിയിൽ പിടിയിലായ പ്രതിയും മെയ്തെയ് വിഭാഗക്കാരനുമായ രാജ് കുമാറിനു നിരോധിത സംഘടനയായ യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ടുമായി (യുഎൻഎൽഎഫ്) ബന്ധമെന്ന് കണ്ടെത്തൽ. പ്രതിയെ മാസങ്ങൾനീണ്ട അന്വേഷണത്തിലൂടെ, വിവരം കൈമാറാതെയാണ് എൻഐഎ അറസ്റ്റു ചെയ്തത്. കഴിഞ്ഞമാസം കേരളത്തിലെത്തിയ ഇയാൾ വിവിധ ജില്ലകളിൽ ചുറ്റിക്കറങ്ങിയ ശേഷമാണ് തലശേരിയിലെത്തിയത്. തലശേരിയിൽ എത്തും മുൻപ് ഇയാൾ തിരൂരിലാണ് കഴിഞ്ഞിരുന്നത്.
യുഎൻഎൽഎഫിൽ നിന്നും സായുധപരിശീലനം നേടിയ ആളാണ് രാജ് കുമാർ. ചെവിക്കു കീഴെയായി കഴുത്തിൽ ഇയാൾ പ്രത്യേകരീതിയിൽ പച്ചകുത്തിയിരുന്നതാണ് എൻഐഎയ്ക്ക് തിരിച്ചറിയാൻ എളുപ്പമാക്കിയത്. തലശേരിയിലെ ഹോട്ടലിൽ തൊഴിലാളികളെ തേടി സമൂഹമാധ്യമങ്ങളിൽ പരസ്യം നൽകിയിരുന്നു. ഹിന്ദിക്കൊപ്പം നന്നായി ഇംഗ്ലീഷും സംസാരിക്കാനറിയാമെന്നതിനാൽ ജോലിക്കെടുത്തവരിൽ അധികവും മണിപ്പുരിൽ നിന്നുള്ളവരാണ്. നാലുദിവസം മുൻപാണ് രാജ് കുമാർ ഹോട്ടൽ അധികൃതരെ ബന്ധപ്പെട്ടത്. ബെംഗളൂരുവിൽനിന്ന് പരസ്യംകണ്ടാണ് വിളിക്കുന്നതെന്നാണ് പറഞ്ഞത്. തിരൂരിൽ നിന്നാണെന്ന കാര്യം ഇയാൾ മനപൂർവം മറച്ചുവയ്ക്കുകയായിരുന്നു.
ആധാർവിവരങ്ങൾ കൈമാറി മൂന്നുദിവസം രാജ് കുമാർ ജോലി ചെയ്തു. ഹോട്ടൽ ഉടമകൾക്ക് ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയിരുന്നില്ല. പൊതുവെ അന്തർമുഖനായിരുന്നു രാജ് കുമാർ. വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് ഇയാൾ വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചിരുന്നു. ഇത് പരാജയപ്പെട്ടപ്പോഴാണ് തലശേരിയിൽ ജോലിയ്ക്കെത്തിയത്.