ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്ത 15 ലോഡ് (15 Shipments) മാമ്പഴങ്ങൾക്ക് (Indian Mangoes) അനുമതി നിഷേധിച്ച് യുഎസ് അധികൃതർ. ആവശ്യമായ രേഖകളില്ലെന്ന് ചൂണ്ടിക്കാട്ടി സാൻ ഫ്രാൻസിസ്കോ, അറ്റ്ലാന്റ, ലൊസാഞ്ചലസ് വിമാനത്താവളങ്ങളിലാണ് മാമ്പഴങ്ങൾ തടഞ്ഞത്. നശിപ്പിക്കാനോ ഇന്ത്യയിലേക്ക് തിരികെകൊണ്ടുപോകാനോ ആണ് നിർദേശം. ചരക്കുകൂലി ഉൾപ്പെടെ നൽകി ഇന്ത്യയിലേക്ക് തിരികെക്കൊണ്ടുപോവുന്നത് വൻ സാമ്പത്തിക നഷ്ടം കൂടിയുണ്ടാക്കുമെന്നതിനാൽ നശിപ്പിക്കാനാണ് യുഎസിലേക്ക് കയറ്റുമതി ചെയ്തവർ ആലോചിക്കുന്നതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.

യുഎസ് അധികൃതർക്ക് തന്നെ സംഭവിച്ച പിഴവിന് ഇന്ത്യൻ കയറ്റുമതിക്കാരെ ശിക്ഷിക്കുകയാണെന്ന് കയറ്റുമതിക്കാർ പ്രതികരിച്ചു. മുംബൈയിൽ മേയ് 8, 9 തീയതികളിൽ ഇറേഡിയേഷൻ (irradiation) നടപടികൾ പൂർത്തിയാക്കിയശേഷമായിരുന്നു യുഎസിലേക്കുള്ള മാമ്പഴക്കയറ്റുമതി. ഇന്ത്യൻ മാമ്പഴങ്ങളുടെ ഏറ്റവും വലിയ വിപണിയുമാണ് യുഎസ്. കീടങ്ങളെ തടയുന്നതിന് പ്രത്യേക ഡോസിലുള്ള റേഡിയേഷൻ നടത്തുന്ന പ്രക്രിയയാണ് ഇറേഡിയേഷൻ.

യുഎസ് കാർഷിക വകുപ്പിലെ (USDA) ഒരു ഓഫിസറുടെ സാന്നിധ്യത്തിലായിരുന്നു ഈ നടപടി. ഈ ഓഫിസറാണ് കയറ്റുമതിക്ക് ആവശ്യമായ പിപിക്യു203 ഫോം സർട്ടിഫൈ ചെയ്തു നൽകേണ്ടത്. ഓഫിസർ തെറ്റായ പിപിക്യു203 ആണ് നൽകിയതെന്നും ഇതാണ് മാമ്പഴങ്ങൾക്ക് അനുമതി നിഷേധിക്കാനിടയാക്കിയതെന്നും കയറ്റുമതിക്കാർ പ്രതികരിച്ചു. ഏകദേശം 5 ലക്ഷം ഡോളറിന്റെ (4.25 കോടി രൂപ) നഷ്ടമാണ് കയറ്റുമതിക്കാർ നേരിടുന്നത്.

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:

English Summary:

US rejects 15 Indian mango shipments over documentation lapses