
വളരെയേറെ സാധ്യതയുള്ള, അതേസമയം തുടങ്ങാനും കൊണ്ടുനടക്കാനും കുറച്ചു ബുദ്ധിമുട്ട് നേരിടുന്നതുമായ ഒരു സംരംഭമാണ് വേണുകുമാറിന്റേത്. 15 വർഷമായി ഷൊർണൂർ വ്യവസായ എസ്റ്റേറ്റിൽ അതുല്യ എൻജിനീയറിങ് ആൻഡ് പൗഡർ കോട്ടിങ് എന്ന പേരിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്
എന്താണ് ബിസിനസ്?
ലോഹങ്ങൾ, പ്രത്യേകിച്ച് ഇരുമ്പിനങ്ങൾ തുരുമ്പിക്കാതിരിക്കാനും ഏറെനാൾ നിലനിൽക്കാനുമായി ഉപയോഗിച്ചുവരുന്ന സാങ്കേതികവിദ്യയാണ് പൗഡർ കോട്ടിങ്. കാർഷിക ഉപകരണങ്ങൾ, സ്റ്റീൽ ഫർണിച്ചറുകൾ, ഓട്ടമൊബീൽ യൂണിറ്റുകളിൽ ഉപയോഗിക്കുന്ന റോഡുകൾ, ഫോർജിങ് സാമഗ്രികൾ തുടങ്ങിയവയിലാണ് പൗഡർ കോട്ടിങ് ആവശ്യമായിട്ടുള്ളത്. കാർഷിക ഉപകരണങ്ങളിലാണ് ഇവിടെ കൂടുതലായും പൗഡർ കോട്ടിങ് നടത്തുന്നത്. ഒപ്പം കാർഷിക ഉപകരണങ്ങളുടെ നിർമാണവും ചെറിയതോതിൽ വേണുകുമാറിന്റെ സ്ഥാപനത്തില്‍ നടന്നുവരുന്നു.
എയർഫോഴ്സ് ഉദ്യോഗസ്ഥൻ
15 വർഷത്തെ സേവനത്തിനുശേഷം എയർഫോഴ്സിൽനിന്നു വിരമിച്ച ഉദ്യോഗസ്ഥനാണ് വേണുകുമാർ. വിരമിച്ചശേഷം അത്ര മത്സരം ഇല്ലാത്ത ഒരു ബിസിനസ് ചെയ്യണമെന്നായിരുന്നു ആലോചന. സർവീസിലുണ്ടായിരുന്ന സമയത്തുതന്നെ ഇത്തരം മേഖലയുമായി നല്ല ബന്ധം ഉണ്ടായിരുന്നതിനാൽ സംരംഭം തുടങ്ങുക എളുപ്പമായി. സ്വകാര്യസ്ഥലത്താണ് ആദ്യം യൂണിറ്റ് ആരംഭിച്ചത്. പിന്നീട് സർക്കാരിന്റെ ഡവലപ്മെന്റ് പ്ലോട്ട് ഷൊർണൂരിൽ ലഭിച്ചതിനെ തുടർന്ന് മാറുകയായിരുന്നു. വ്യവസായ എസ്റ്റേറ്റിൽ സംരംഭം തുടങ്ങിയിട്ട് 15 വർഷമാകുന്നു.
ഷൊർണൂരിന്റെ വ്യവസായ പശ്ചാത്തലം
ഷൊർണൂരിനു കേരളത്തിന്റെ വ്യവസായ ഭൂപടത്തിൽ വലിയ പ്രാധാന്യമുണ്ട്. എല്ലാ വ്യവസായങ്ങളുടെയും അടിസ്ഥാനമായ ഇരുമ്പ്–ഉരുക്ക് അധിഷ്ഠിത സംരംഭങ്ങൾക്കു പേരുകേട്ട സ്ഥലമാണ് ഷൊർണൂർ. ഒരു കാലഘട്ടത്തിൽ കേരളത്തിൽ വിറ്റഴിച്ചിരുന്ന കാർഷിക ഉപകരണങ്ങൾ മുഖ്യമായും നിർമിച്ചിരുന്നത് ഷൊർണൂരായിരുന്നു. അതിന്റേതായ പാരമ്പര്യവും സംസ്കാരവും ഇവിടത്തെ വ്യവസായങ്ങളിൽ തെളിഞ്ഞുകാണാം. പ്രാദേശികമായി ഈ സാഹചര്യം ഉപയോഗപ്പെടുത്തിക്കൊണ്ടാണ് വേണുകുമാർ സംരംഭം തുടങ്ങുന്നതും.
പ്രവർത്തനരീതി
പൗഡർ കോട്ടിങ് ലളിതമായ ഒരു സംരംഭമല്ല. നിരവധി സങ്കീർണമായ പ്രക്രിയകളിലൂടെ കടന്നുപോവുന്ന ഒന്നാണ്. വിവിധതരം പോളിസ്റ്റർ പൗഡറുകളാണ് ഇതിനായി ഉപയോഗിക്കുന്ന അസംസ്കൃത വസ്തു.
∙ കൊണ്ടുവരുന്ന ലോഹ ഉൽപന്നങ്ങൾ ആദ്യം ക്ലീൻചെയ്യുന്നു. 7 ടാങ്കുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. De Greesing-Water Bath, De-Rusting-Water Bath തുടങ്ങിയവ ഈ ടാങ്കുകൾ വഴി നടത്തുന്നു.
∙ തുടർന്ന് വെള്ളത്തിന്റെ അംശം അൽപംപോലും ഉണ്ടാകാതിരിക്കാൻ ചൂടാക്കിയെടുക്കുന്നു.
∙ പിന്നീട് ബൂത്തിലെത്തിച്ച് പൗഡർ കോട്ടിങ് സ്പ്രേ രൂപത്തിൽ നടത്തുന്നു.
∙ തുടർന്ന് 180–220 ഡിഗ്രി ചൂടിൽ 30 മിനിറ്റുകൊണ്ടു ബേക്ക് ചെയ്തെടുക്കുന്നു.
∙ ലോഹത്തിന്റെ കനം അനുസരിച്ച് ബേക്കിങ് ഒരു മണിക്കൂർവരെ നീളും.
∙ കൈകൊണ്ടു തൊടാതെ ലോഹങ്ങൾ നീക്കുന്നതിനായി പ്രത്യേക ചെയിൻ സംവിധാനവും സ്ഥാപിച്ചിട്ടുണ്ട്.
മുഖ്യ അസംസ്കൃത വസ്തുവായ പൗഡർ കൊച്ചിയിലെ സ്വകാര്യ കച്ചവടക്കാരിൽനിന്നു സുലഭമായി ലഭിക്കുന്നു.
ഉപഭോക്താക്കള്‍ എൻജിനീയറിങ് സ്ഥാപനങ്ങൾ
കാർഷിക ഉപകരണങ്ങൾ നിർമിക്കുന്ന എൻജിനീയറിങ് സ്ഥാപനങ്ങളാണ് പ്രധാന കസ്റ്റമേഴ്സ്. ഫർണിച്ചർ നിർമാതാക്കള്‍, വെൽഡിങ് വർക്ഷോപ്പുകള്, ഫോർജിങ് സ്ഥാപനങ്ങൾ എന്നിയും ഓർഡർ തരുന്നു. വാഹനങ്ങളുടെ വിവിധ ഭാഗങ്ങളും പൗഡർ കോട്ടിങ് ചെയ്തു നൽകുന്നുണ്ട്. ചില സീസണുകളിൽ ചെയ്താൽ തീരാത്തത്ര വർക്കുണ്ടാകും. എന്നാൽ ചിലപ്പോൾ തീരെ കുറവും. 10 ലക്ഷംമുതൽ 20 ലക്ഷംവരെയാണ് പ്രതിമാസ വരുമാനം. അതിൽ 10മുതൽ 20% വരെയാണ് ലാഭം.
ലാഭവുമായി ബന്ധപ്പെട്ടു വേണുകുമാർ പറയുന്ന ഒരു പ്രധാന വാചകം ഇതാണ്: ‘10 ശതമാനത്തിൽ താഴെ ലാഭം കിട്ടുന്നതും 20 ശതമാനത്തിൽ അധികം ലാഭം കിട്ടുന്നതുമായ പദ്ധതികൾ ഏറ്റെടുക്കാതിരിക്കുന്നതാണ് സംരംഭകർക്കു നല്ലത്.’ അതിനു അദ്ദേഹം ചൂണ്ടിക്കാട്ടുന്ന കാരണങ്ങൾ ഇവയാണ്: 10 ശതമാനത്തിൽ താഴെയാണെങ്കിൽ സ്ഥാപനത്തിനു നിലനിൽപില്ല. 20 ശതമാനത്തിൽ കൂടിയാൽ മറ്റുള്ളവർ അനുകരിക്കാനുള്ള സാഹചര്യം ഏറെയാണ്.
നിക്ഷേപം ഒരു കോടി
30 ലക്ഷം രൂപ നിക്ഷേപിച്ചുകൊണ്ടാണു സംരംഭം ആരംഭിക്കുന്നത്. ഘട്ടംഘട്ടമായി മെഷീനറികളും ടാങ്കുകളും ബിൽഡിങ്ങുകളും നിർമിച്ചു. ഇപ്പോൾ ആകെ നിക്ഷേപം ഒരു കോടി രൂപയോളംവരും.
70 ലക്ഷം രൂപയും മെഷീനറി/ ടാങ്കുകൾ എന്നിവയ്ക്കാണ് വിനിയോഗിച്ചത്. ടാങ്കുകൾ എയർപൾവറൈസർ, പെയിന്റ് ബൂത്ത് എന്നിവയാണ് ഇതിൽ വരുന്നത്. ജോബ് വർക്കാണ് പൗഡർ കോട്ടിങ് എന്നതിനാൽ വലിയതോതിലുള്ള പ്രവർത്തന മൂലധനം ആവശ്യമില്ല. 9 ജോലിക്കാരാണ് സ്ഥാപനത്തിലുള്ളത്.
അനുകൂലം
∙ മത്സരം കുറവായതുകൊണ്ടു വലിയ റിസ്കില്ല. മികച്ച ലാഭവിഹിതം
∙ സ്ഥിരം ഉപഭോക്താക്കാള്‍. വിപണി തേടി അലയേണ്ട
∙ ഓർഡറുകളനുസരിച്ച് ഉൽപന്നങ്ങള് നിർമിക്കാനുള്ള അവസരം
∙ ക്രെഡിറ്റ് കച്ചവടം കുറവ്
∙ നൈപുണ്യമുള്ള തൊഴിലാളികൾ
പ്രതികൂലം
∙ മലിനീകരണം കൂടിയ സംരംഭം
∙ സങ്കീർണമായ സംസ്കരണപ്രക്രിയ
∙ ഒരു ബ്രാൻഡ് വളർത്തിയെടുക്കാനുള്ള ബുദ്ധിമുട്ടുകൾ
കാർഷിക ഉപകരണങ്ങൾ
കാർഷിക ഉപകരണങ്ങളുടെയും ഓട്ടമൊബീൽ പാർട്സുകളുടെയും നിർമാണം കൂടുതൽ വ്യാപകമാക്കുക എന്നതാണ് വേണുകുമാറിന്റെ ഭാവി പരിപാടി.
പുതുസംരംഭകർക്ക്
വളർച്ചാസാധ്യതയുള്ള സംരംഭമാണ് പൗഡർ കോട്ടിങ്. ചെറിയ വിഭാഗം ബിസിനസുകൾക്കു മാത്രമാണ് സേവനം നല്കുന്നതെങ്കിലും ഡിമാൻഡ് എക്കാലത്തും ഒരുപോലെയായിരിക്കും. 30–40 ലക്ഷം രൂപ മുതല്‍മുടക്കിൽ ബിസിനസ് ആരംഭിക്കാം. സർക്കാർ വ്യവസായ മേഖലകളിൽ ഭൂമി ലഭിച്ചാൽ സംരംഭം ചെയ്യുക എളുപ്പമാണ്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി വാങ്ങിയശേഷം വേണം സംരംഭത്തിലേക്കു കടക്കാൻ. 6 ലക്ഷം രൂപയുടെ ബിസിനസ് പ്രതിമാസം നേടാനായാൽ 1.20 ലക്ഷം രൂപ അറ്റാദായം നേടാം. നാലു പേർക്കു തൊഴിലും നൽകാം.
ലേഖകൻ സംസ്ഥാന വ്യവസായ–വാണിജ്യവകുപ്പിലെ മുൻ ഡെപ്യൂട്ടി ഡയറക്ടറാണ്