
മലിനജലം റോഡിൽ, വാഹനങ്ങൾ കുഴിയിൽ; ഡ്രെയ്നേജ് പുതുക്കാതെ, നവീകരണം ഇല്ലാതെ ബൈപാസ് റോഡ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാസർകോട് ∙ ദേശീയപാത വികസനത്തിൽ ദക്ഷിണേന്ത്യയിൽ തന്നെ ശ്രദ്ധേയമായ നിലയിൽ നഗരത്തിൽ പണിതീർത്ത ഫ്ലൈഓവറിനു സമീപത്തുള്ള കാസർകോട് പുതിയ ബസ് സ്റ്റാൻഡ് – കോട്ടക്കണി റോഡിലെ ഡ്രെയ്നേജ് തകർന്നു കാലം ഏറെ ആയിട്ടും നന്നാക്കാൻ നടപടികളില്ല. റോഡ് നവീകരണം ഇല്ലാതെ പതിറ്റാണ്ടുകൾ പിന്നിട്ടു.
കാസർകോട് പുതിയ ബസ് സ്റ്റാൻഡ് മാത്രമല്ല നഗരത്തിലെ ചുറ്റും സർവീസ് റോഡുകളെ ഉൾപ്പെടെ ബന്ധപ്പെടുത്തുന്ന പ്രധാന ബൈപാസ് റോഡ് ആണ് ഇത്. കറന്തക്കാട് – കാസർകോട്, കറന്തക്കാട്– ചൂരി, ചൂരി– കാസർകോട്, കാസർകോട്– നുള്ളിപ്പാടി സർവീസ് റോഡുകളിലേക്ക് ഇതു വഴി എത്താം. ബദിയടുക്ക, മധൂർ, ഉളിയത്തടുക്ക, ചൗക്കി, കുമ്പള, സീതാംഗോളി, കാസർകോട് ടൗൺ എന്നിവിടങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്ക് ചൂരി–കോട്ടക്കണി റോഡ് വഴി കാസർകോട് പുതിയ ബസ് സ്റ്റാൻഡിൽ എത്താം. 7 മീറ്റർ വീതിയിൽ 800 മീറ്ററോളം നീളം ഉള്ളതാണ് റോഡ്.
മലിനജലം റോഡിൽ
കോട്ടക്കണിയിൽ 20 വർഷം മുൻപ് പണിത ഡ്രെയ്നേജ് പല ഇടങ്ങളിലായി പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നു. കാസർകോട് പുതിയ ബസ് സ്റ്റാൻഡ് കോംപ്ലക്സ്, സമീപ പ്രദേശങ്ങളിൽ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെയും റോഡിന്റെ നാനാഭാഗത്തു നിന്നുള്ള മലിനജലം ഈ ഓടയിൽ കൂടിയാണ് ചൂരി തോട് ഭാഗത്തേക്ക് പോകുന്നത്. ശുചിമുറി മലിന ജലം ഉൾപ്പെടെ ഉണ്ട് ഇതിൽ. മഴക്കാലത്ത് ഇതെല്ലാം കവിഞ്ഞ് റോഡിലേക്ക് ഒഴുകും. വേനൽക്കാലത്തും റോഡിലേക്ക് ഒഴുകുന്നുണ്ട്. പല ഇടങ്ങളിലായി സ്ലാബ് തകർന്നതാണു കാരണം. തകർന്ന ഇടങ്ങളിൽ പല ഭാഗത്തും നഗരസഭ അംഗവും നാട്ടുകാരും സ്വന്തം ചെലവിൽ ചെങ്കല്ല് വച്ച് താൽക്കാലിക മറ തീർത്തിട്ടുണ്ട്.
വാഹനങ്ങൾ കുഴിയിൽ
റോഡിന് മതിയായ വീതി ഇല്ലാത്തതിനാൽ ഇരു ഭാഗത്തു നിന്നും ഒരേ സമയത്ത് വാഹനങ്ങൾ വരുമ്പോൾ പലതും ഡ്രെയ്നേജ് സ്ലാബിൽ കയറിയാണ് പോകുന്നത്. കരുതലോടെ നടന്നില്ലെങ്കിൽ കാൽനട യാത്രികരും കുഴിയിൽ വീഴും.സ്ലാബ് തകർന്ന ഇടങ്ങളിൽ കയറുന്ന വാഹനങ്ങൾ കുഴിയിൽ വീഴുന്നത് പതിവായി. പലപ്പോഴും ഈ വാഹനങ്ങളെ മുകളിലോട്ട് ഉയർത്തേണ്ട സ്ഥിതി തുടരുന്നുണ്ട്. നുള്ളിപ്പാടി അടിപ്പാത ഇല്ലാത്തതിനാൽ പ്രധാന ദേശീയപാതയിലേക്കും സർവീസ് റോഡുകളിലേക്കും പോകുന്നതിന് ഈ റോഡിലൂടെയുള്ള വാഹനഗതാഗതം ഇരട്ടിയിലേറെയായി വർധിച്ചു. വലിയ ഭാരമുള്ള വാഹനങ്ങൾ കയറിയാണ് സ്ലാബ് തകരുന്നത്.
മാറുമോ അഴുകിയ കാഴ്ച
നഗരത്തിന്റെ കണ്ണായ റോഡ്, ഡ്രെയ്നേജ് എന്നിവ നവീകരിച്ചു നഗരത്തിന്റെ ഹൃദയഭാഗം ചേലാക്കണം എന്നാണ് പരക്കെ ആവശ്യം ഉയരുന്നത്. ആരെയും ആകർഷിക്കുന്ന ദേശീയപാത ഫ്ലൈഓവർ കടന്നു പോകുമ്പോൾ താഴെയുള്ള പുതിയ ബസ് സ്റ്റാൻഡും പരിസരവും അഴുകിയ നിലയിൽ കിടക്കുന്നത് ദേശീയപാത വികസനത്തിന്റെ പകിട്ട് കുറയ്ക്കുന്നു. ബസ് സ്റ്റാൻഡിലും പരിസരത്തും പലപ്പോഴും രൂക്ഷമായ ദുർഗന്ധം കൊണ്ട് നടന്നു പോകാൻ കഴിയാത്ത സ്ഥിതി ഉണ്ട്.
ശുചിമുറി മലിനജലത്തിൽ നിന്നുൾപ്പെടെ ഉള്ളതാണ് ദുർഗന്ധം. യാത്രക്കാർ നടന്നു പോകുന്ന വഴിയിലെല്ലാം പരക്കെ തുപ്പൽ കോളാമ്പി എന്ന നിലയും ഉണ്ട്. ഇത് ചവിട്ടി വേണം യാത്രക്കാർ മുന്നോട്ടു പോകാൻ. ഇടയിൽ അവധി ദിവസങ്ങൾ വന്നാൽ പരക്കെ മാലിന്യം ഉണ്ടാകും. തുപ്പാതെ മുന്നോട്ട് പോകാൻ കഴിയാത്ത നിലയിലാണ് ബസ് സ്റ്റാൻഡ് കോംപ്ലക്സിലും പരിസരങ്ങളിലുമുള്ള ‘ ശുചിത്വം ’. ഇതിനിടയിലാണ് യാത്രക്കാർ ഹോട്ടലുകളിൽ നിന്നുൾപ്പെടെ ആഹാരം കഴിക്കുന്നത്. ബസുകൾ വന്നു നിൽക്കുന്ന ഭാഗത്ത് പരക്കെ മുറുക്കിത്തുപ്പിയ ചുവന്ന അടയാളം കാണാം. ഇതിൽ കാലു വയ്ക്കാതെ പോകാൻ കഴിയാത്ത നിലയാണ്. തുപ്പൽ ശല്യം തടയാൻ നടപടികളും ഉണ്ടാകുന്നില്ല.
സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്
പുതിയ ബസ് സ്റ്റാൻഡ് കോംപ്ലക്സിൽ മാലിന്യസംസ്കരണത്തിന് സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ബസ് സ്റ്റാൻഡ് കോംപ്ലക്സിലെ മലിനജലം മുഴുവൻ പോകുന്നത് കോട്ടക്കണി ഡ്രെയ്നേജ് വഴിയാണ്. മാലിന്യ പ്രശ്നം ശാശ്വതമായി പരിഹരിക്കണമെന്ന കോടതി നിർദേശം പോലും പാലിക്കപ്പെട്ടിട്ടില്ലെന്ന പരാതി തുടരുന്നുണ്ട്. സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുമെന്ന് നഗരസഭ അധികൃതർ എല്ലാ വേദികളിലും ഉറപ്പ് നൽകുന്നു. നഗരസഭ പരിധിയിലെ എല്ലാ മലിനജലവും സംസ്കരിക്കുന്നതിന് പ്ലാന്റ് സ്ഥാപിക്കുമെന്ന് മനുഷ്യാവകാശ കമ്മിഷനു വരെ നഗരസഭ ഉറപ്പ് നൽകിയിട്ടുണ്ട്. റോഡിലും ഓടകൾക്കു സമീപവും രാത്രി ചില നേരങ്ങളിൽ വിസർജ്യ ഗന്ധം ഉയരാറുണ്ട്. അത് പൈപ്പ് വഴി ഓടയിലേക്ക് വിടുന്നു എന്നാണ് ആരോപണം.