
ആ സ്വപ്നം നടക്കാതെ പോയി; വിജീഷിലൂടെയുള്ള മാർപാപ്പയുടെ ഓർമ ഇനി ബിഷപ് ഹൗസിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തലോർ ∙ ലാളിത്യത്തിന്റെ പ്രതീകമായ ഫ്രാൻസിസ് മാർപാപ്പയെ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഹിന്ദു മത വിശ്വാസിയായ എറവക്കാട് സ്വദേശി വിജീഷ് പാണപറമ്പിൽ ഒരു വർഷം മുൻപ് ആ വാർത്ത ഏറെ സന്തോഷത്തോടെയാണ് കേട്ടത്. മാർപാപ്പ ഇന്ത്യ സന്ദർശിക്കും, ചിലപ്പോൾ തൃശൂരിലും എത്തും എന്നായിരുന്നു ആ വാർത്ത. മാർപാപ്പയ്ക്ക് സമ്മാനിക്കാൻ ശിൽപിയായ വിജീഷ് ഉടനെ മരത്തടിയിൽ മാർപാപ്പയുടെ മുഖം കൊത്തിയൊരുക്കാൻ ആരംഭിച്ചു. 2 മാസത്തെ പ്രയത്നം കൊണ്ട് 3 അടി ഉയരത്തിലുള്ള മരത്തിൽ ശിൽപം തയാറായി. നേരിട്ടു കൊടുക്കാനായിരുന്നു ആഗ്രഹം.
എന്നാൽ അധികം വൈകാതെ മാർപാപ്പ രോഗാവസ്ഥയിൽ ആയി. കഴിഞ്ഞ മാസം മാർപാപ്പ മരിക്കുകയും ചെയ്തതോടെ വിജീഷിന്റെ സ്വപ്നം നടക്കാതെ പോയി. മാർപാപ്പയുടെ ഓർമ നിലനിർത്താൻ പറ്റിയ ഇടം തൃശൂർ ബിഷപ് ഹൗസാണു എന്ന് അറിഞ്ഞതോടെ ശിൽപവുമായി അവിടെയെത്തി. ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ശിൽപം ഏറ്റുവാങ്ങി. ഫ്രാൻസിസ് മാർപാപ്പയുടെ ആശംസ സന്ദേശം അടങ്ങിയ രേഖകൾ ബിഷപ്, വിജീഷിനു സമ്മാനിച്ചു. ശിൽപം അതിന്റെ പ്രാധാന്യത്തോടെ തന്നെ ബിഷപ് ഹൗസിൽ സൂക്ഷിക്കുമെന്ന് വിജീഷിനു ഉറപ്പും നൽകി. വിജീഷിന്റെ ഭാര്യ നിത്യ, മക്കളായ നീരവ്, നീരജ് എന്നിവരും സന്നിഹിതരായിരുന്നു.