
യുവാവിന്റെ കൊലപാതകം: ബന്ധുവും സുഹൃത്തും അറസ്റ്റിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
റാന്നി ∙ യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു ബന്ധുവും സുഹൃത്തും അറസ്റ്റിൽ. വടശേരിക്കര പേങ്ങാട്ട് പീടികയിൽ ജോബി അലക്സാണ്ടറിന്റെ (40) കൊലപാതകക്കേസിൽ ബന്ധു വടശേരിക്കര പേങ്ങാട്ട് പീടികയിൽ റെജി (50), പുതുശേരിമല കരണ്ടകത്തുംപാറ ആഞ്ഞിലിപറമ്പിൽ വിശാഖ് (29) എന്നിവരെയാണു റാന്നി പൊലീസ് അറസ്റ്റ് ചെയ്തത്. റെജിയുടെ ഇരുനില വീട്ടിലെ ഹാളിലാണു വെള്ളിയാഴ്ച രാവിലെ ജോബിയെ രക്തം വാർന്നു മരിച്ച നിലയിൽ കണ്ടത്. വ്യാഴാഴ്ച വൈകിട്ടാണു ജോബി റെജിയുടെ വീട്ടിലെത്തിയത്. ഇരുവരും ചേർന്നു മദ്യപിച്ചു. പണമിടപാട് സംബന്ധിച്ച് ഇവർ തമ്മിൽ തർക്കം നിലനിന്നിരുന്നു.
മദ്യലഹരിയിൽ ഇതു സംസാര വിഷയമായി. കുടുംബ ഭൂമി പ്രശ്നവും ചർച്ചയായി. തുടർന്നു വാക്കേറ്റവും ചെറിയ കയ്യാങ്കളിയും നടന്നെന്നു പൊലീസ് പറയുന്നു. വിശാഖിനെ റെജി ഫോൺ ചെയ്തു വരുത്തി. പള്ളിക്കമുരുപ്പിലെ കടയിൽനിന്നു കത്തിയും വാങ്ങിയാണു വിശാഖ് എത്തിയത്. വിശാഖും ജോബിയും തമ്മിൽ തർക്കവും അടിപിടിയും നടന്നു. ഇതിനിടെ വിശാഖ് കത്തി വീശിയപ്പോൾ വെട്ടേറ്റു ജോബിയുടെ വലതു കയ്യിൽ 2 മുറിവുകളുണ്ടായി. പിന്നാലെ റെജി വീടിന്റെ മുകൾ നിലയിലേക്കും വിശാഖ് സ്വന്തം വീട്ടിലേക്കും പോയെന്നു പൊലീസ് പറഞ്ഞു. മുറിവുകളിലൂടെ രക്തം വാർന്നാണു ജോബി മരിച്ചത്.
വെള്ളിയാഴ്ച രാവിലെ റെജി താഴേക്കിറങ്ങി വന്നപ്പോഴാണു രക്തത്തിൽ കുളിച്ചു കിടക്കുന്ന ജോബിയെ കണ്ടത്. പിന്നീട് പഞ്ചായത്തംഗത്തെ വിവരം അറിയിക്കുകയായിരുന്നു. അവരാണ് പൊലീസിനെ അറിയിച്ചത്. പൊലീസെത്തിയപ്പോൾ ജോബി മരിച്ചു കിടക്കുകയായിരുന്നു. പ്രതികളെ ഇന്നലെ റെജിയുടെ വീട്ടിലെത്തിച്ചു തെളിവെടുപ്പു നടത്തി. കോടതി റിമാൻഡ് ചെയ്തു. റാന്നി ഡിവൈഎസ്പി ആർ.ജയരാജിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ആർ.മനോജ്കുമാർ, എസ്ഐമാരായി കൃഷ്ണകുമാർ, റെജി തോമസ് എന്നിവരാണ് അന്വേഷണം നടത്തിയത്.