കൊച്ചി∙ അതിർത്തിയിലെ സംഘർഷം ഡ്രോണുകളുടെ പ്രാധാന്യം വ്യക്തമാക്കിയതോടെ ഇവ നിർമിക്കുന്ന കമ്പനികൾക്ക് പ്രാധാന്യമേറുന്നു. സൈനിക ആവശ്യപ്രകാരം കേരള സ്റ്റാർട്ടപ് മിഷൻ കേരളത്തിലെ ഡ്രോൺ നിർമാണ കമ്പനികളുടെ കണക്കെടുത്തപ്പോൾ അൻപതോളമുണ്ട്. അതിൽ തന്നെ ഡസൻ കമ്പനികൾ പ്രതിരോധ ആവശ്യങ്ങൾക്കുള്ള ഡ്രോണുകൾ തന്നെയാണു നിർമിക്കുന്നത്.

 ഡ്രോൺ നിർമാണ സ്റ്റാർട്ടപ്പുകൾക്കായി പ്രത്യേക പാർക്ക് കേരളത്തിൽ ആസൂത്രണം ചെയ്യുകയാണ്. സ്വകാര്യ പങ്കാളിത്തവും കോർപറേറ്റ് ഫണ്ടിങ്ങും കൊണ്ടുവരാനും വിവിധ കമ്പനികളുടെ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കാനും ഡ്രോൺ സ്റ്റുഡിയോ തുടങ്ങാനും പദ്ധതിയുണ്ട്.

 റോഡ് സർവേ മുതൽ കാട്ടിലെ നായാട്ടുകാരെ കണ്ടെത്തുന്നതിനു വരെ വൈവിധ്യമാർന്നതാണ് സംസ്ഥാനത്തെ സ്റ്റാർട്ടപ് കമ്പനികളുടെ ഡ്രോണുകൾ. പാടങ്ങളിൽ ഡ്രോൺ പറത്തി സെൻസറുകൾ ഉപയോഗിച്ച് കീടങ്ങളുടെ സാന്നിധ്യം കണ്ടെത്തി കീടനാശിനി പ്രയോഗിക്കാനും വളം വിതറാനും മറ്റും ഡ്രോണുകളുണ്ടാക്കുന്ന കമ്പനികളുണ്ട്. അതിലൊന്നായി തുടങ്ങിയ ഫ്യൂസലേജ് ഇന്നവേഷൻസ് ഫിയ, നിരീക്ഷ് എന്നീ കാർഷിക ഡ്രോണുകൾക്കു പുറമേ  പ്രതിരോധ ആവശ്യങ്ങൾക്കായി 2 തരം ഡ്രോണുകളും നിർമിക്കുന്നു.

കടലിനു മുകളിലൂടെ പറന്ന് അന്തർവാഹിനികളും മൈനുകളും മറ്റും കണ്ടെത്തും ഇവ. വെള്ളത്തിനടിയിൽ സഞ്ചരിക്കുന്ന ഡ്രോണുകളും ആഴക്കടൽ വയർലെസ് കമ്യൂണിക്കേഷനുള്ള ഡ്രോണുകളും ഐറോവ്, വെർസെയ്‌ൽ എന്നീ കമ്പനികൾ നിർമിക്കുന്നു. വെർഡാറ്റം, വോലദോർ, ഡേടോണെക്സ്, എഐ ഡ്രോൺ, ആറ്റ്‌വിക്, എഐ ഏരിയൽ, ആസ്ട്ര എക്സ് തുടങ്ങി ഡസനോളം സ്റ്റാർട്ടപ്പുകൾ പ്രതിരോധ ഡ്രോണുകൾ നിർമിക്കുന്നുണ്ട്. പ്രതിരോധ ആവശ്യം പരിഗണിച്ച് ഡ്രോൺ നിർമാണ മേഖലയിൽ കേന്ദ്ര പദ്ധതികൾ പ്രതീക്ഷിക്കുന്നുമുണ്ട്.

ആദ്യ ഡ്രോൺ പാർക്ക് കൊട്ടാരക്കരയിൽ

കൊച്ചി∙ കൊട്ടാരക്കരയിലാണ് ആദ്യ ഡ്രോൺ വ്യവസായ പാർക്ക് സ്ഥാപിക്കാൻ സ്ഥലം ഒരുങ്ങുന്നതെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. പാലക്കാട് ഐഐടിയുടെ സാങ്കേതിക സഹകരണത്തോടെ വിദ്യാഭ്യാസ വകുപ്പും അക്കാദമി ഓഫ് സ്കിൽ എക്സലൻസും (കെയ്സ്) ചേർന്നുള്ള സംയുക്ത സംരംഭമാണിത്. ടെസ്റ്റിങ് സൗകര്യം ഉൾപ്പെടെ ഡ്രോൺ വ്യവസായ വളർച്ചയ്ക്കു വേണ്ട ഇക്കോ സിസ്റ്റം ഇവിടെ ലഭ്യമാക്കും.

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:

English Summary:

Kerala’s burgeoning drone industry is taking flight, with numerous startups developing cutting-edge technology for defense and agriculture. The state is also establishing a dedicated drone industrial park to further boost this rapidly growing sector.