
ദില്ലി: റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടുകിട്ടിയ മൂന്ന് ദിവസം മാത്രം പ്രായമുള്ള പെൺകുട്ടി, അവളെ ദത്തെടുത്ത് സ്വന്തം മകളായി വളര്‍ത്തിയ അമ്മയെ കാത്തിരുന്നത് വലിയ ദുരന്തം. ആ പെൺകുട്ടി വളര്‍ന്ന് വലുതായി 14 വയസുകാരി ആയപ്പോൾ, രണ്ട് ആൺസുഹൃത്തുക്കളുടെ സഹായത്തോടെ ദത്തെടുത്ത് വളര്‍ത്തിയ അമ്മയെ അവൾ കൊലപ്പെടുത്തി. ഒഡീഷയിലാണ് ഞെട്ടിക്കുന്ന സംഭവം. പൊലീസ് പറയുന്നതനുസരിച്ച്, 13 വയസുള്ള എട്ടാം ക്ലാസുകാരിയും അവളുടെ രണ്ട് ആൺസുഹൃത്തുക്കളും ചേർന്ന് ഏപ്രിൽ 29നാണ് കൃത്യം നടത്തിയത്. 54 കാരിയായ രാജലക്ഷ്മി കറിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തുകയും പിന്നീട് പദ്ധതി നടപ്പിലാക്കി കൊലപ്പെടുത്തുകയുമായിരുന്നു. ഗജപതി ജില്ലയിലെ പരലഖേമുണ്ടി പട്ടണത്തിലെ വാടക വീട്ടിൽ വെച്ചായിരുന്നു കൃത്യം നടത്തിയത്.
മകൾക്ക് രണ്ട് യുവാക്കളുമായുള്ള ബന്ധം രാജലക്ഷ്മി എതിര്‍ത്തതായിരുന്നു പ്രകോപനം. ഇതോടൊപ്പം അവരുടെ സ്വത്ത് കൈവശപ്പെടുത്താനുള്ള ആഗ്രഹവും കൊലയിലേക്ക് നയിച്ചെന്ന് പൊലീസ് പറയുന്നു. രാജലക്ഷ്മിക്ക് ആദ്യം ഉറക്കഗുളികകൾ നൽകി മയക്കി. ശേഷം തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. രാജലക്ഷ്മിയെ അവര്‍ തന്നെ ആശുപത്രിയിൽ കൊണ്ടുപോയി. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്ന് ബന്ധുക്കളെ അറിയിച്ച ശേഷം അടുത്ത ദിവസം ഭുവനേശ്വറിൽ മൃതദേഹം സംസ്കരിച്ചു.
രണ്ടാഴ്ചയിലധികം സംശയമൊന്നുമില്ലാതെ സംഭവം മറഞ്ഞുകിടന്നു. എന്നാൽ രാജലക്ഷ്മിയുടെ സഹോദരൻ സിബാ പ്രസാദ് മിശ്ര പെൺകുട്ടിയുടെ മൊബൈൽ ഫോൺ അവിചാരിതമായി കാണുകയും, ഇത് പരിശോധിക്കുയും ചെയ്തു. കൊലപാതകത്തിന്റെ ഗൂഢാലചോനയും വിശദമായ പദ്ധതിയും വെളിവാക്കുന്ന ഇൻസ്റ്റാഗ്രാം ചാറ്റ് അദ്ദേഹം കണ്ടെത്തി. രാജലക്ഷ്മിയെ കൊല്ലുന്നതിനെയും അവരുടെ സ്വർണ്ണാഭരണങ്ങളും പണവും കൈവശപ്പെടുത്തുന്നതിനെയും കുറിച്ചുള്ള വ്യക്തമായ പരാമർശങ്ങൾ ചാറ്റുകളിൽ ഉണ്ടായിരുന്നു. തുടര്‍ന്ന് അദ്ദേഹം മെയ് 14ന് പരലഖേമുണ്ടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതോടെയാണ് കൊടും ക്രൂരതയുടെ വിവരങ്ങൾ പുറത്തുവന്നത്.അന്വേഷണത്തിൽ പെൺകുട്ടിക്കൊപ്പം ക്ഷേത്ര പൂജാരി ഗണേഷ് രഥ് (21), സുഹൃത്ത് ദിനേശ് സാഹു (20) എന്നിവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
വഴിയരികിൽ നിന്ന് എടുത്തു വളര്‍ത്തി
ഏകദേശം 14 വർഷം മുമ്പ് ഭുവനേശ്വറിലെ ഒരു വഴിയരികിൽ നിന്നാണ് രാജലക്ഷ്മിയും ഭർത്താവും ഈ പെൺകുഞ്ഞിനെ കണ്ടെത്തിയത്. കുട്ടികളില്ലാതിരുന്ന ദമ്പതികൾ കുഞ്ഞിനെ ദത്തെടുത്ത് സ്വന്തം മകളെപ്പോലെ വളർത്തി. ഒരു വർഷത്തിനു ശേഷം രാജലക്ഷ്മിയുടെ ഭർത്താവ് മരിച്ചു. പിന്നീട് അവൾ ഒറ്റയ്ക്കായിരുന്നു പെൺകുട്ടിയെ വളർത്തിയത്. കുറച്ച് വർഷങ്ങൾക്ക് മുമ്പ്, മകൾക്ക് കേന്ദ്രീയ വിദ്യാലയത്തിൽ പഠിക്കാൻ സൗകര്യമൊരുക്കുന്നതിനായി അവർ പരലഖേമുണ്ടിയിലേക്ക് താമസം മാറി. അവിടെ അവളെ ചേർക്കുകയും പട്ടണത്തിൽ ഒരു വീട് വാടകയ്ക്ക് എടുക്കുകയും ചെയ്തു. കാലക്രമേണ, പെൺകുട്ടി തന്നേക്കാൾ പ്രായമുള്ള രഥുമായിം സാഹുവുമായിം അടുപ്പത്തിലായി. രാജലക്ഷ്മി ഈ ബന്ധത്തെ എതിർത്തു. ഇത് അവര്‍ക്കിടയിൽ രസക്കേടുകളുണ്ടാക്കിയെന്നും ഗജപതി പൊലീസ് സൂപ്രണ്ട് ജതീന്ദ്ര കുമാർ പാണ്ട പറഞ്ഞു.
ആസൂത്രണം, കൊലപാതകം
പൊലീസ് പറയുന്നതനുസരിച്ച്, രഥാണ് കൊലപാതകം നടത്താൻ പെൺകുട്ടിക്ക് പ്രേരണ നൽകിയത്. രാജലക്ഷ്മിയെ കൊലപ്പെടുത്തിയാൽ, അവർക്ക് എതിർപ്പില്ലാതെ തങ്ങളുമായുള്ള ബന്ധം തുടരാനും അമ്മയുടെ സ്വത്ത് കൈവശപ്പെടുത്താനും കഴിയുമെന്ന് രഥ് അവളെ വിശ്വസിപ്പിച്ചു. തുടര്‍ന്ന് ഏപ്രിൽ 29 ന് വൈകുന്നേരം പെൺകുട്ടി അമ്മയ്ക്ക് ഉറക്കഗുളികകൾ നൽകി. രാജലക്ഷ്മി ഉറക്കിത്തിലാണ്ട സമയം, അവൾ രഥിനെയും സാഹുവിനെയും വിളിച്ചു.
മൂവരും ചേർന്ന് തലയണ ഉപയോഗിച്ച് രാജലക്ഷ്മിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. പിന്നാലെ രാജലക്ഷ്മിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് പ്രതികൾ കുടുംബാംഗങ്ങളോടും ആശുപത്രി ജീവനക്കാരോടും പറഞ്ഞു. രാജലക്ഷ്മിക്ക് മുൻപ് ഹൃദ്രോഗമുണ്ടായിരുന്നതിനാൽ ഈ വാദം ആരും ചോദ്യം ചെയ്തതുമില്ല. പെൺകുട്ടി നേരത്തെ രാജലക്ഷ്മിയുടെ ചില സ്വർണ്ണാഭരണങ്ങൾ രഥിന് കൈമാറിയിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]