
കൊച്ചി ∙ ഇന്ത്യയിൽ ഐഫോൺ നിർമിക്കുന്നതിനെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പരസ്യമായി എതിർക്കുകയാണെങ്കിലും ഈ രംഗത്ത് ഇന്ത്യയിൽ നടന്നിരിക്കുന്നത് കോടികളുടെ നിക്ഷേപവും ഒരുക്കവുമാണ്. അമേരിക്കയിൽ വിൽക്കുന്ന ഐഫോണുകൾ ജൂൺ മുതൽ കൂടുതലും ഇന്ത്യൻ നിർമിതമാകുമെന്ന് ഉറപ്പായിരിക്കെയാണ് ട്രംപിന്റെ പുതിയ തടസ്സവാദങ്ങൾ.
യുഎസിലെ വിൽപനയ്ക്കായി ഇന്ത്യൻ നിർമിത ഐഫോണുകൾ വൻതോതിൽ എത്തിച്ചു തുടങ്ങിയതോടെ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയിലും കുതിപ്പ് രേഖപ്പെടുത്തിയിരുന്നു. ഏപ്രിലിൽ ആപ്പിളിന്റെ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി 17,219 കോടി രൂപയിലെത്തിയെന്നാണു കണക്ക്; 2024 ഏപ്രിലിലെ കയറ്റുമതി വരുമാനമായ 7,971 കോടി രൂപയെ അപേക്ഷിച്ച് 116% വർധനയാണിത്. അമേരിക്കയിൽ നിലവിൽ ഐഫോൺ നിർമിക്കുന്നില്ല.
4 കോടിയോളം ഐ ഫോൺ അമേരിക്കയിലേക്ക് ഇന്ത്യ കയറ്റി അയക്കുകയും ലോകത്തെ മറ്റു രാജ്യങ്ങളിലേക്കുള്ള വിതരണം ചൈനയിൽ നിന്നും നടത്താനാണ് ആപ്പിളിന്റെ പദ്ധതി. ഐ ഫോൺ നിർമിതിയെ സംബന്ധിച്ചിടത്തോളം സപ്ലൈചെയിൻ പ്രധാനപ്പെട്ടതായതിനാൽ പെട്ടെന്ന് അമേരിക്കയിൽ നിർമാണം സാധ്യമല്ല. അമേരിക്ക നിർമാണം തുടങ്ങിയാലും ഐഫോൺ വില കുത്തനെ ഉയരും. ഇപ്പോൾ ശരാശരി 1,000 ഡോളറാണ് ഐഫോണിന്റെ വിലയെങ്കിൽ യുഎസ് ഉൽപാദിപ്പിച്ചാൽ 3,000 ഡോളർ വരെ വില ഉയരാം. ഇത് ഐ ഫോൺ വിൽപനയെ ബാധിക്കും. ട്രംപിനെ തണുപ്പിക്കാൻ 500 ബില്യൺ ഡോളറിന്റെ ആപ്പിൾ സർവർ പ്രോജക്ടുൾപ്പെടെ ടിം കുക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്.
അമേരിക്കൻ വിപണികൾക്കുള്ള ഐ ഫോണുകളുടെ ഉൽപാദനം ചൈനയിൽ നിന്ന് ഇന്ത്യയിലേക്കു മാറ്റുകയാണെന്ന് ആപ്പിൾ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ടിം കുക്ക് വ്യക്തമാക്കിയിരുന്നു. ജൂണിൽ ആരംഭിക്കുന്ന ത്രൈമാസം മുതൽ യു എസിൽ വിൽക്കുന്ന ഐ ഫോണുകളിൽ ഭൂരിഭാഗവും ഇന്ത്യയിൽ നിർമിച്ചവയാകുമെന്നാണ് കുക്കിന്റെ വെളിപ്പെടുത്തൽ നൽകുന്ന സൂചന.
അതേസമയം, യു എസിലേക്കുള്ള ഐ പാഡ്, മാക്, ആപ്പിൾ വാച്ച്, എയർ പോഡ് തുടങ്ങിയവ വിയറ്റ്നാം നിർമിതമായിരിക്കും. പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരമേറ്റതോടെ ചൈനയിൽ നിന്ന് അകലത്തിലാണ് ആപ്പിളും.
ആപ്പിളിന്റെ ഈ ചുവടു മാറ്റത്തിലൂടെ തുറന്നുകിട്ടുന്ന വ്യാപാര സാധ്യത പ്രയോജനപ്പെടുത്താൻ ഐ ഫോൺ ഘടക നിർമാതാക്കളായ ടാറ്റ ഇലക്ട്രോണിക്സ് അടക്കമുള്ള കമ്പനികളും നടപടി തുടങ്ങിയ ഘട്ടത്തിലാണ് യുഎസ് പ്രസിഡന്റിന്റെ പുതിയ ഭീഷണി. തമിഴ്നാട്ടിലെ ഹൊസൂരിലുള്ള യൂണിറ്റിൽ ഐ ഫോണുകൾക്കുള്ള കെയ്സിങ് (എൻക്ലോഷർ) ഉൽപാദനം ഇരട്ടിയാക്കി ഉയർത്താനാണ് ടാറ്റ ഇലക്ട്രോണിക്സിന്റെ നീക്കം.
വർഷം തോറും സെപ്റ്റംബറിൽ ആപ്പിൾ നടത്തുന്ന ഉൽപന്ന അവതരണത്തിനു മുന്നോടിയായി എൻക്ലോഷർ ഉൽപാദനശേഷി പ്രതിദിനം അര ലക്ഷം യൂണിറ്റിലെത്തിക്കാനാണു ടാറ്റയുടെ ശ്രമം. ഹൊസൂർ ശാലയുടെ രണ്ടാം ഘട്ട വികസനത്തിലൂടെ ഉൽപാദനശേഷി ഉയർത്താനാവുമെന്നു കമ്പനി കരുതുന്നു.
ആപ്പിളിന്റെ ആഗോള വിതരണ ശൃംഖലയിലെ സ്ഥാനം മെച്ചപ്പെടുത്താനായി ഊർജിത ശ്രമങ്ങളാണു ടാറ്റ ഇലക്ട്രോണിക്സ് നടത്തുന്നത്. ഈ വർഷം ആദ്യം പെഗാട്രോൺ ടെക്നോളജി ഇന്ത്യയിൽ (പിടിഐ) 60% ഓഹരി പങ്കാളിത്തം നേടിയ ടാറ്റ ഇലക്ട്രോണിക്സ്, കമ്പനിയുടെ നിയന്ത്രണവും സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം മാർച്ചിൽ വിസ്ട്രോണിന്റെ കർണാടകയിലെ നരസാപുര ആസ്ഥാനമായ ഇന്ത്യൻ വിഭാഗത്തെയും ടാറ്റ ഇലക്ട്രോണിക്സ് ഏറ്റെടുത്തു.
ടാറ്റ ഇലക്ട്രോണിക്സിനു പുറമേ ആപ്പിൾ എയർപോഡുകൾക്കുള്ള കെയ്സിങ് ലഭ്യമാക്കുന്ന ജാബിലും ഉൽപാദനം ഉയർത്താനുള്ള ശ്രമത്തിലാണ്. കരാർ വ്യവസ്ഥയിൽ ഫോൺ നിർമിച്ചു നൽകുന്ന തയ്വാൻ കമ്പനിയായ ഫോക്സ്കോണിന്റെ ഇന്ത്യൻ വിഭാഗവും നിർമാണം വേഗത്തിലാക്കിയിരുന്നു. ഇന്ത്യയിലെ മൊബൈൽ അസംബ്ലിങ് ശേഷി ഗണ്യമായി ഉയർത്താനുള്ള നീക്കത്തിലായിരുന്നു ഫോക്സ്കോൺ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: