
തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ ഒഴിഞ്ഞ പുരയിടത്തില്‍ കത്തിക്കരിഞ്ഞ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. അതേസമയം കൊലപാതക സാധ്യതയും പരിശോധിക്കുന്നുണ്ട്. അന്തരിച്ച മുരളി – സുധർമ ദമ്പതികളുടെ മകളും അവിവാഹതയുമായ കരുമം സ്വദേശി ഷീജ(50)യുടെ മൃതദേഹമാണ് കരമന-കളിയിക്കാവിള പാതയ്ക്ക് സമീപം കൈമനത്തെ ഒഴിഞ്ഞ പുരയിടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഷീജയുടെ ആൺസുഹൃത്ത് സജികുമാറിന് സംഭവത്തിൽ പങ്കുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇതു കണക്കിലെടുത്ത് കൊലപാതകസാധ്യത ഉണ്ടോ എന്നു വിശദമായി പരിശോധിക്കുകയാണ് പൊലീസ്.
ശാസ്ത്രീയപരിശോധനാ ഫലം കൂടി ലഭിച്ച ശേഷമേ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകൂവെന്ന് പൊലീസ് അറിയിച്ചു. വ്യാഴാഴ്ച രാത്രി പുരയിടത്തിൽനിന്നു സ്ത്രീയുടെ നിലവിളിയും തീയും പുകയുമുയരുന്നത് പരിസരവാസികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ശബ്ദം കേട്ട് ഇവരെത്തിയപ്പോഴേക്കും ആളെ തിരിച്ചറിയാൻ കഴിയാത്തവിധം മൃതദേഹം പൂർണമായി കത്തിയിരുന്നു. ഇതിനിടെ, കരുമത്ത് നിന്ന് ഒരു സ്ത്രീയെ കാണാതായിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം ഷീജയുടെതാണെന്നു കണ്ടെത്തിയത്.
സജിയുടെ വീടിന്റെ തൊട്ടടുത്ത പുരയിടത്തിലാണ് ഷീജയുടെ മൃതദേഹം കണ്ടത്. ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട സജികുമാറിന്റെ ഭീഷണിയെ തുടർന്ന് ഷീജ ജീവനൊടുക്കിയതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. കൊവിഡ് സമയത്താണ് സജികുമാറും ഷീജയും പരിചയപ്പെട്ടത്. ഷീജയുടെ സ്വകാര്യ ചിത്രങ്ങൾ പകർത്തിയ സജികുമാർ, അതുകാട്ടി നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഷീജയുമായുള്ള ഇയാളുടെ ഫോൺ ചാറ്റിൽ ഭീഷണി സംബന്ധിച്ച തെളിവുകളുണ്ട്. ചിത്രങ്ങൾ ഡിലീറ്റ് ചെയ്യാമെന്ന് പറഞ്ഞ് സംഭവദിവസം ഷീജയെ ഇയാൾ വീട്ടിലേക്കു വിളിച്ചുവരുത്തുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി.
അവിടെ വച്ചുണ്ടായ തർക്കത്തിനൊടുവിലാണ് ഷീജയ്ക്കു ജീവൻ നഷ്ടമായിരിക്കുന്നതെന്നതിനാൽ ഷീജ ജീവനൊടുക്കിയതാണോ അതോ അവരെ ആരെങ്കിലും അപായപ്പെടുത്തിയതാണോ എന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇന്നലെ രാവിലെ ഇവരുടെ ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. ചിത്രങ്ങൾ കാട്ടി നിരന്തരം ഷീജയെ ഇയാൾ ഭീഷണിപ്പെടുത്തി പണം വാങ്ങിയിരുന്നെന്നും ശല്യം സഹിക്കാനാവാതെ ബന്ധത്തിൽ നിന്ന് ഷീജ പിന്മാറിയതുമാകാം തർക്കത്തിന് കാരണമെന്നും ബന്ധുക്കൾ സംശയിക്കുന്നു. വീടിനടുത്ത് നിന്നും രണ്ട് കിലോമീറ്ററോളം ദൂരത്താണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടന്നതിനാൽ രാത്രി ഷീജ ഒറ്റയ്ക്ക് അവിടെ വരെ പോകാനിടയില്ലെന്ന് സഹാദരി ഷീബ പറയുന്നു. സജികുമാറിനെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]