വനിതാ കഥകളിയരങ്ങിൽ പുത്തൻ ചുവട്; ദശാവതാര കഥകളുമായി കല്ലേക്കുളങ്ങര കഥകളി ഗ്രാമം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാലക്കാട് ∙ വനിതാ കഥകളിയരങ്ങിൽ മറ്റൊരു പുത്തൻ ചുവടുമായി കല്ലേക്കുളങ്ങര കഥകളി ഗ്രാമം. ഒരു വനിത രചിച്ച 10 ആട്ടക്കഥകൾ വനിതകൾ തന്നെ ഒരേ ദിവസം അരങ്ങിലെത്തിക്കുന്നു എന്നതാണ് ഇത്തവണത്തെ സവിശേഷത.നാളെയും മറ്റന്നാളും ചെമ്പൈ സംഗീത കോളജിൽ നടക്കുന്ന കല്ലേക്കുളങ്ങര കഥകളി ഗ്രാമത്തിന്റെ വാർഷികാഘോഷത്തിലാണു ഭാഗവതത്തിലെ മത്സ്യം മുതൽ കൽക്കി വരെയുള്ള അവതാരങ്ങൾ അടിസ്ഥാനമാക്കി ഉദയ എസ്.ദാസ് രചിച്ച ആട്ടക്കഥകൾ അരങ്ങിലെത്തുന്നത്. നാളെ രാവിലെ എട്ടിനു ദശാവതാരം കഥകളി ആരംഭിക്കും.
19ന് ഉച്ചയ്ക്കു രണ്ടിനു വാർഷികാഘോഷങ്ങൾ വി.കെ.ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്യും. കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ മുഖ്യാതിഥിയാകും. കലാമണ്ഡലം രാമൻകുട്ടി നായർ, കലാമണ്ഡലം ചന്ദ്രമന്നാടിയാർ എന്നിവരെ അനുസ്മരിക്കും. തുടർന്നു നരകാസുരവധം കഥകളി നിണം സഹിതം. ഭാഗവതത്തെ അടിസ്ഥാനമാക്കി നിലവിലുള്ള ആട്ടക്കഥകളെ സ്പർശിക്കാതെയാണു ദശാവതാരം ആട്ടക്കഥാരചന നിർവഹിച്ചിരിക്കുന്നത്.
മത്സ്യം, കൂർമം വരാഹം എന്നിവയ്ക്കു കഥാപാത്രത്തിനു യോജിച്ച മുഖത്തു തേപ്പായിരിക്കും. കൂർമാവതാരത്തിൽ മന്ഥരപർവതം കഥാപാത്രമായി വരുന്നതും പ്രത്യേകതയാണ്. കേശഭാരത്തോടെയുള്ള മിനുക്കുവേഷത്തിനു പർവതമെന്നു തോന്നിക്കുന്ന പ്രത്യേക ആഹാര്യവും രൂപകൽപന ചെയ്തിട്ടുണ്ട്. പത്തു വേഷങ്ങൾ അവതാരചിഹ്നങ്ങളോടെ അരങ്ങിലെത്തുന്ന ധനാശിയും സവിശേഷമാണ്.ആട്ടക്കഥകൾ ചിട്ടപ്പെടുത്തിയതു കലാമണ്ഡലം വെങ്കിട്ടരാമനാണ്. സംഗീതസംവിധാനം: സദനം ശിവദാസൻ, ആദിത്യ പിഷാരടി. ചെണ്ട: സദനം രാമകൃഷ്ണൻ. മദ്ദളം: സദനം രതീഷ്. മുഖത്തെഴുത്ത്, ചമയം: കലാനിലയം രാജീവ്.