
മലപ്പുറം നഗരസഭയിൽ ഡ്രോൺ സർവേ; വികസന പദ്ധതികൾക്ക് ജിഐഎസ് അധിഷ്ഠിത മാസ്റ്റർ പ്ലാൻ തയാറാക്കും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മലപ്പുറം∙ നഗരസഭയിൽ അമൃത് പദ്ധതിയുടെ ഭാഗമായി ജിഐഎസ് അധിഷ്ഠിത മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിനായി നഗരസഭ പ്രദേശത്തിന്റെയും ചുറ്റുമുള്ള പഞ്ചായത്തു പ്രദേശങ്ങളുടെയും നിലവിലുള്ള ഭൂവിനിയോഗ പഠനത്തിനുള്ള ഡ്രോൺ സർവേ ആരംഭിച്ചു. ഓരോ പ്രദേശത്തിന്റെയും ഭൂവിനിയോഗം, റോഡുകൾ, തോടുകൾ, മറ്റു ജലാശയങ്ങൾ തുടങ്ങിയ 150 ഘടകങ്ങൾ ഭൂപടത്തിൽ രേഖപ്പെടുത്തി വികസന സാധ്യതകൾ അപഗ്രഥിച്ചു പഠനം നടത്തി നഗരസഭ കൗൺസിൽ കരട് മാസ്റ്റർ പ്ലാൻ ആദ്യഘട്ടത്തിൽ തയാറാക്കും.
ഇതിനായി കേന്ദ്രസർക്കാരിന്റെ സർവേ ഓഫ് ഇന്ത്യ നിയോഗിച്ച സർവേ ഏജൻസി മൂന്നാഴ്ചയ്ക്കുള്ളിൽ നഗരസഭാ പ്രദേശത്തെ പൂർണമായി സർവേ നടപടികൾ പൂർത്തീകരിക്കും. ഉയർന്ന സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഡ്രോണിൽ 120 മീറ്റർ ഉയരത്തിൽനിന്നു മേഘപാളികളുടെ മറയില്ലാതെ വ്യക്തമായ ചിത്രങ്ങൾ എടുക്കാൻ ഡ്രോൺ ഏരിയൽ മാപ്പിങ് സർവേയിലൂടെ സാധ്യമാകും. തുടർന്നു ചിത്രങ്ങൾ ഡിജിറ്റൈസ് ചെയ്തു വിവിധ അപഗ്രഥനം നടത്തി നഗരസഭയുടെ നേതൃത്വത്തിൽ ഭാവി വികസനത്തിനുള്ള പദ്ധതികളും പരിപാടികളും രൂപപ്പെടുത്തുകയാണ് സർവേ കൊണ്ട് ഉദ്ദേശിക്കുന്നത്.
വികസന പ്രവർത്തന പദ്ധതികൾ നടപ്പാക്കുമ്പോൾ ഓരോ പ്രദേശത്തിന്റെയും ഭൂമിയുടെയും ഘടനയും സ്വഭാവം ഉൾപ്പെടെയുള്ളതു മനസ്സിലാക്കുന്നതിനും നിലവിലുള്ള പശ്ചാത്തലങ്ങളുടെ വിശദമായ പരിശോധനയ്ക്കും സർവേ പൂർത്തീകരിക്കുന്നതോടു കൂടി സാധ്യമാകും.വിവിധ സർക്കാർ ഏജൻസികൾ അവരുടെ സ്വന്തമായ രീതിയിൽ പ്രവർത്തനങ്ങൾ നടത്തുന്നതിലുപരിയായി സർവേ അടിസ്ഥാനത്തിൽ രൂപപ്പെടുന്ന പൊതു മാസ്റ്റർ പ്ലാൻ വികസന പ്രവർത്തനങ്ങൾക്കുള്ള അടിസ്ഥാന രേഖയായി കണക്കാക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.
ഡ്രോൺ സർവേ പദ്ധതി ഉദ്ഘാടനം ഹാജിയാർ പള്ളിയിലെ നഗരസഭാ ഗ്രൗണ്ടിൽ അധ്യക്ഷൻ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. സ്ഥിരസമിതി അധ്യക്ഷൻ പരി അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ മഹമൂദ് കോതേങ്ങൽ, വി.രത്നം, നഗരസഭാ സെക്രട്ടറി കെ.പി.ഹസീന, മുനിസിപ്പൽ എൻജിനീയർ പി.ടി.ബാബു, ഡോ. ആർ.പ്രദീപ്, തരുവായ്കുട്ടി നൈസാം, വി.അഖിൽ എന്നിവർ പ്രസംഗിച്ചു.