
ഹൈബ്രിഡ് കഞ്ചാവ് കേസ്: അന്വേഷണ സംഘത്തിന് ലഭിച്ചത് സ്വർണ കള്ളക്കടത്ത് വിവരങ്ങൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആലപ്പുഴ∙ രണ്ടു കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിൽ പ്രതികളുടെ വിവരങ്ങൾ തേടി ചെന്നൈയിലെത്തിയ അന്വേഷണ സംഘത്തിനു ലഭിച്ചതു കൂടുതലും സ്വർണ കള്ളക്കടത്തിന്റെ വിവരങ്ങൾ. കേസിലെ മൂന്നാംപ്രതി ചെന്നൈ എണ്ണൂർ സത്യവാണി മുത്തുനഗർ സ്വദേശി സുൽത്താൻ അക്ബർ അലി (43) മലേഷ്യയിൽ നിന്നു ചെന്നൈ വഴിയാണു ഹൈബ്രിഡ് കഞ്ചാവ് കേരളത്തിലെത്തിച്ചത്. സുൽത്താന്റെ ഇടപാടുകളും കഞ്ചാവ് എത്തിച്ചതും ഉൾപ്പെടെയുള്ള വിവരങ്ങൾ തേടിയാണ് അന്വേഷണ സംഘം ചെന്നൈയിലെത്തിയത്.
സുൽത്താൻ, ഭാര്യയും കേസിലെ ഒന്നാംപ്രതിയുമായ തസ്ലിമ സുൽത്താന (ക്രിസ്റ്റീന– 23) എന്നിവർക്ക് ചെന്നൈ കേന്ദ്രീകരിച്ച് സ്വർണക്കടത്ത് ബന്ധങ്ങളുണ്ടെന്നു സ്ഥിരീകരിച്ചു. കേരളത്തിലും തമിഴ്നാട്ടിലും കർണാടകയിലുമാണ് ഇവർക്കു കള്ളക്കടത്തു ബന്ധങ്ങൾ ഉള്ളത്. ഇവരുടെ കൂടുതൽ സാമ്പത്തിക ഇടപാടുകളും സ്വർണക്കടത്തുമായി ബന്ധപ്പെട്ടാണ്. ചെന്നൈ എണ്ണൂരിൽ സുൽത്താൻ വാടകയ്ക്കു താമസിച്ചിരുന്ന വീട്ടിൽ മൂന്നു മാസത്തോളം സൂക്ഷിച്ച ശേഷമാണു കഞ്ചാവ് കേരളത്തിലെത്തിച്ചത്.
ചെന്നൈയിൽ നിന്നു വാടകയ്ക്കെടുത്ത കാറിലാണു കഞ്ചാവ് കോയമ്പത്തൂരിൽ എത്തിച്ചത്. ഈ കാറിന്റെയും വാടകയ്ക്ക് എടുത്തതിന്റെയും വിവരങ്ങൾ അന്വേഷണ സംഘത്തിനു ലഭിച്ചു. കോയമ്പത്തൂരിൽ നിന്നു മറ്റൊരു കാറിലാണു കഞ്ചാവ് കൊച്ചിയിലെത്തിച്ചത്. അവിടെ നാലു ദിവസം സൂക്ഷിച്ച ശേഷം ഓമനപ്പുഴയിൽ എത്തിച്ചപ്പോഴാണ് എക്സൈസിന്റെ പിടിയിലായത്. ചെന്നൈയിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചതോടെ അന്വേഷണ സംഘം കേരളത്തിലേക്കു തിരിച്ചു. സ്വർണക്കടത്തുമായി ബന്ധപ്പെട്ടു ലഭിച്ച വിവരങ്ങൾ ഉന്നത ഉദ്യോഗസ്ഥർക്കു കൈമാറുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ എസ്.അശോക് കുമാർ പറഞ്ഞു.