
‘പുലർച്ചെ 2.30ന് വിളിച്ചു, നൂർഖാൻ വ്യോമതാവളത്തിൽ ഇന്ത്യ ആക്രമണം നടത്തിയെന്ന് പറഞ്ഞു’: ഒടുവിൽ സമ്മതിച്ച് പാക്ക് പ്രധാനമന്ത്രി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി∙ നൂർഖാൻ വ്യോമതാവളത്തിൽ ഇന്ത്യ മിസൈൽ ആക്രമണം നടത്തിയതായി സമ്മതിച്ച് പാക്കിസ്ഥാന് പ്രധാനമന്ത്രി . റാവൽപിണ്ടിയിലാണ് നൂർഖാൻ വ്യോമതാവളം. പാക്ക് കരസേനാ മേധാവി അസിം മുനീർ 9ന് പുലർച്ചെ 2.30ന് തന്നെ നേരിട്ട് ഫോൺ ചെയ്താണ് ഇക്കാര്യം അറിയിച്ചതെന്നും പാക്ക് പ്രധാനമന്ത്രി പറഞ്ഞു. ആക്രമണത്തിന് പാക്ക് പ്രധാനമന്ത്രിയുടെ സ്ഥീരീകരണം ലഭിക്കുന്നത് ആദ്യമായാണ്.
‘‘പുലർച്ചെ സൈനിക മേധാവി എന്നെ വിളിച്ച് നൂർഖാൻ വ്യോമതാവളത്തിൽ ഇന്ത്യ ബാലസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായി അറിയിക്കുകയായിരുന്നു.’’– ഇസ്ലാമാബാദിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി പറഞ്ഞു. വ്യോമതാവളങ്ങളെ ഇന്ത്യ ലക്ഷ്യമിട്ടതായി പാക്ക് അധികൃതർ മേയ് 10ന് വെളിപ്പെടുത്തിയിരുന്നു. ഇന്ത്യൻ ആക്രമണത്തിൽ പാക്ക് വ്യോമതാവളങ്ങൾക്കു കാര്യമായ നാശനഷ്ടമുണ്ടായതായാണ് സാറ്റലൈറ്റ് ദൃശ്യങ്ങളില് വ്യക്തമാകുന്നത്. ആക്രമണത്തിനു മുൻപും ശേഷവുമുള്ള വ്യോമതാവളങ്ങളുടെ ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു.
ഇന്ത്യയുമായി ചർച്ചയ്ക്കു തയാറാണെന്നു കഴിഞ്ഞ ദിവസം ഷഹ്ബാസ് ഷെരീഫ് വ്യക്തമാക്കിയിരുന്നു. ഒരു മേശയ്ക്കു ചുറ്റുമിരുന്ന് ഇരു രാഷ്ട്രങ്ങളും പ്രശ്നങ്ങൾ പരിഹരിക്കണമെന്നാണ് പാക്ക് പ്രധാനമന്ത്രി അഭ്യർഥിച്ചത്. മൂന്നു യുദ്ധങ്ങൾ നടത്തിയിട്ടും ഇരു രാജ്യങ്ങൾക്കും ഒന്നും നേടാനായില്ലെന്നും ഷഹബാസ് പറഞ്ഞു. ജമ്മു കശ്മീർ വിഷയം ഉൾപ്പെടെയുള്ളവ ചർച്ചയിലൂടെ പരിഹരിക്കണം. പ്രശ്നങ്ങൾ പരിഹരിക്കാതെ സമാധാനം പുനഃസ്ഥാപിക്കാനാകില്ലെന്നും പറഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തെ തുടർന്നാണ് ഇന്ത്യ പാക്കിസ്ഥാനിൽ പേരിൽ ആക്രമണം നടത്തിയത്. പാക്ക് അഭ്യർഥനയെ തുടർന്ന് ഇന്ത്യ പിന്നീട് വെടിനിർത്തലിനു തയാറാകുകയായിരുന്നു. ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്നും ഭീകരരെ തുടച്ചു നീക്കുമെന്നും ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കി. പാക്കിസ്ഥാനിൽ ബ്രഹ്മോസ് മിസൈൽ ഉപയോഗിച്ച് ആക്രമണം നടത്തിയതായും അദ്ദേഹം ഇന്നലെ സ്ഥീരികരിച്ചിരുന്നു.