
ആറുവരിപ്പാത പൂർത്തിയായപ്പോൾ ‘പെട്ടത്’ കോഹിനൂർ; സർവീസ് റോഡിൽ ഗതാഗതക്കുരുക്കും അപകടവും പതിവ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേഞ്ഞിപ്പലം ∙ കോഹിനൂറിൽ സർവീസ് റോഡിൽ ഗതാഗതക്കുരുക്കും അപകടവും പതിവാകുന്നു. എൻഎച്ച് ആറുവരിപ്പാത പൂർത്തിയായശേഷം കോഹിനൂർ യാത്രാദുരിതത്തിലാണ്. എൻഎച്ചിന് കിഴക്കു വശത്തെ സർവീസ് റോഡ് കോഹിനൂർ ജംക്ഷൻ മുതൽ യൂണിവേഴ്സിറ്റി ക്യാംപസിലെ ചെനക്കൽ റോഡ് ജംക്ഷൻ വരെ അര കിലോമീറ്റർ രണ്ടുവരി പാതയാണ്. പക്ഷേ, ഡിവൈഡർ സ്ഥാപിച്ചിട്ടില്ല. തലങ്ങും വിലങ്ങും വാഹനങ്ങളെത്തുന്നതും തമ്മിൽ ഉരസുന്നതും കൂട്ടിയിടിക്കുന്നതുമെല്ലാം പതിവായിരിക്കുകയാണ്. സ്കൂൾ തുറക്കുന്നതോടെ റോഡിൽ വാഹനം കൂടുന്നതോടെ ദുരിതം ഇരട്ടിക്കുമെന്നാണ് ആശങ്ക. ഇവിടെ സർവീസ് റോഡ് കഴിഞ്ഞും സ്ഥലമുണ്ട്. പക്ഷേ അവിടെ മണ്ണ് കൂടിക്കിടക്കുകയാണ്. ഇതു റോഡിന് ഉപയോഗപ്പെടുത്താമെങ്കിലും 45 മീറ്റർ എൻഎച്ചിന് പുറത്തായതിനാൽ എൻഎച്ച് അതോറിറ്റി ഇതിനു തയാറാവില്ല. പടിഞ്ഞാറ് വശത്ത് സ്ഥിതി ഇതിലേറെ കഷ്ടമാണ്. അവിടെ ബസിറങ്ങുന്നവർക്കടക്കം കോഹിനൂർ ജംക്ഷനിൽ എത്തണമെങ്കിൽ 2 കിലോമീറ്ററിലധികം ചുറ്റി യൂണിവേഴ്സിറ്റി മേൽപാലം വഴി എത്തണം.
കാൽനട യാത്രക്കാരുടെ അവസ്ഥയും ഇതുതന്നെ. കോഹിനൂരിൽ എൻഎച്ചിന് മീതെ നടപ്പാലം ലിഫ്റ്റ് സൗകര്യത്തോടെ സ്ഥാപിക്കാമെന്ന് എൻഎച്ച് അതോറിറ്റി വാഗ്ദാനം ചെയ്തത് പ്രാവർത്തികമാകുമെന്നതിന് ഇപ്പോൾ ആർക്കും ഉറപ്പില്ല. നടപ്പാലത്തിന് പടിഞ്ഞാറു വശത്ത് പടികൾ സ്ഥാപിക്കാൻ കാലിക്കറ്റ് സർവകലാശാലാ ക്യാംപസിൽനിന്ന് 3 സെന്റ് സ്ഥലം ലഭിക്കണം. യൂണിവേഴ്സിറ്റി ക്യാംപസിൽ നടപ്പാലം ആവശ്യപ്പെട്ടത് എൻഎച്ച് അതോറിറ്റി സമ്മതിച്ചിട്ടില്ല. ക്യാംപസിന്റെ പുതിയ കവാടത്തിൽ 4.7 ഹെക്ടർ സ്ഥലം വിശ്രമകേന്ദ്രം സ്ഥാപിക്കാൻ എൻഎച്ച് അതോറിറ്റി ആവശ്യപ്പെട്ടതും യൂണിവേഴ്സിറ്റി അധികൃതർ നിരസിച്ചു. ഇതിനിടയിൽ കോഹിനൂരിൽ നടപ്പാലം നിർമിക്കാൻ സ്ഥലം അനുവദിക്കുന്ന കാര്യത്തിൽ യൂണിവേഴ്സിറ്റി അധികൃതർ തിടുക്കപ്പെട്ട തീരുമാനത്തിനും തയാറല്ല. ഇക്കാര്യം പഠിക്കാൻ സിൻഡിക്കറ്റ് ഉപസമിതിയെ നിയോഗിച്ചിട്ട് മാസങ്ങളായെങ്കിലും സമിതി റിപ്പോർട്ട് നൽകിയിട്ടില്ല.