
ആറുവരിപ്പാതയിൽ 32 മീറ്റർ വീതിയുള്ള പുതിയ പാലം വന്നു; 72 വർഷം പഴക്കമുള്ള കുറ്റിപ്പുറം പാലം ചരിത്രത്തിലേക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുറ്റിപ്പുറം ∙ മഹാകവി ഇടശ്ശേരി അഭിമാനപൂർവം കയറി നിന്ന കുറ്റിപ്പുറം പാലം ആറുവരിപ്പാതയുടെ വരവോടെ അപ്രസക്തമാകുന്നു. മലബാറിനേയും തിരുവിതാംകൂറിനേയും റോഡ് മാർഗം ബന്ധിപ്പിക്കാൻ ഭാരതപ്പുഴയിൽ 72 വർഷം മുൻപ് യാഥാർഥ്യമാക്കിയ കുറ്റിപ്പുറം പാലം, അതിന്റെ ചരിത്ര പ്രാധാന്യം പരിഗണിച്ച് സംരക്ഷിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. 7 പതിറ്റാണ്ടുമുൻപ് ഭാരതപ്പുഴയെ മറികടന്ന് പുതിയലോകം തുറന്ന പാലമാണിത്.
ആറുവരിപ്പാതയുടെ ഭാഗമായി 32 മീറ്റർ വീതിയിലുള്ള പുതിയപാലം വന്നതോടെ സമീപത്തെ പഴയ പാലം പ്രാദേശിക ഗതാഗതത്തിനുള്ള സർവീസ് റോഡിന്റെ ഭാഗമായി മാറുകയാണ്. ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോയിരുന്ന പഴയപാലത്തിൽ തിരക്കൊഴിഞ്ഞു തുടങ്ങി.
1949ൽ 23 ലക്ഷം രൂപ ചെലവിൽ നിർമിച്ചതാണ് കുറ്റിപ്പുറത്തെ ‘റ’ പാലം. 1949 ജനുവരിയിൽ നിർമാണം ആരംഭിച്ച പാലം1953 നവംബർ 11നാണ് അന്നത്തെ മദ്രാസ് മരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന ഷൺമുഖ രാജേശ്വര സേതുപതി നാടിനു സമർപ്പിച്ചത്. പാലത്തിന്റെ പ്രധാന ശിൽപികൾ പൊന്നാനി സ്വദേശിയായ കെ.വി.അബ്ദുൽ അസീസ് അടക്കമുള്ളവരായിരുന്നു. കുറ്റിപ്പുറം പാലം വരുന്നതുവരെ ഷൊർണൂർ വഴി വളഞ്ഞാണ് മലബാറിൽ നിന്ന് തിരുവിതാംകൂറിലേക്ക് വാഹനങ്ങൾ എത്തിയിരുന്നത്.
കുറ്റിപ്പുറം പാലത്തെ അതിന്റെ ചരിത്ര പ്രാധാന്യം കണക്കിലെടുത്ത് സംരക്ഷിക്കണമെന്നാണ് വിവിധ സംഘടനകൾ ആവശ്യപ്പെടുന്നത്. നേരത്തെ സ്ഥലം സന്ദർശിച്ച മന്ത്രി മുഹമ്മദ് റിയാസ് കുറ്റിപ്പുറം പാലം മോടികൂട്ടി സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പാലത്തിന്റെ തൂണുകളിൽ പലതും ഇപ്പോൾ വാഹനങ്ങൾ ഇടിച്ച് അപകട ഭീഷണിയിലാണ്. മഹാകവി ഇടശ്ശേരിയുടെ ‘കുറ്റിപ്പുറം പാലം’ എന്ന കവിതയിലൂടെ പ്രസിദ്ധമായ ഈ ഭാരതപ്പുഴപ്പാലം കുറ്റിപ്പുറത്തുകാരുടെ അഭിമാനമാണ്.