
ദില്ലി: സിന്ധു നദീജല കരാർ മരവിപ്പിച്ചതിനെ ചൊല്ലി ജമ്മുകശ്മീരിലെ പ്രാദേശിക പാർട്ടികൾക്കിടയിൽ തർക്കം മുറുകുന്നു. ജീവജലം ആയുധമാക്കുന്നത് ശരിയല്ലെന്ന പിഡിപി നിലപാട് തള്ളി മുഖ്യമന്ത്രി ഒമർഅബ്ദുള്ള രംഗത്തെത്തി. കരാർ ജമ്മുകശ്മീർ ജനതയുടെ താത്പര്യങ്ങൾ ഹനിക്കുന്നതാണെന്ന് ഒമർ അബ്ദുള്ള തിരിച്ചടിച്ചു.
പഹഗൽഗാം ഭീകരാക്രമണത്തിന് പിന്നാലെ സിന്ധു നദീജല കരാർ മുൻനിർത്തി ഇന്ത്യ ആരംഭിച്ച ജലയുദ്ധത്തിൽ ജമ്മു കശ്മീരിലെ രാഷ്ട്രീയ പാർട്ടികൾക്ക് ഇടയിലെ ഭിന്നിപ്പ് പരസ്യമായി. കരാർ മരവിപ്പിച്ചതോടെ തുൾബുൾ തടയണപദ്ധതി പുനർജ്ജീവിപ്പിക്കാനുള്ള മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ നീക്കമാണ് പ്രതിപക്ഷമായ പിഡിപിയെ ചൊടിപ്പിച്ചത്. നദീ ജല കരാർ മരവിപ്പിച്ചത് നിർഭാഗ്യകരമെന്നാണ് പിഡിപിയുടെ ഔദ്യോഗിക നിലപാട്. വെടിനിർത്തൽ പ്രഖ്യാപിക്കുകയും ഇരുരാജ്യങ്ങളും സമാധാന പാതയിലേക്കും മടങ്ങുന്നതിനിടെ തുൾബുൾ തടയണ പദ്ധതി പുനരാരംഭിക്കാനുള്ള നീക്കം പ്രകോപനം സൃഷ്ടിക്കുമെന്ന് മെഹബൂബ മുഫ്ത്തി ആരോപിച്ചു. കരാർ മരവിപ്പിച്ച തീരുമാനം പുനപരിശോധിക്കാൻ കേന്ദ്ര സർക്കാരും പ്രകോപനങ്ങളിൽ നിന്ന് ഒമർ അബ്ദുള്ളയും പിൻമാറണമെന്നും മെഹബൂബ മുഫ്ത്തി ആവശ്യപ്പെട്ടു.
പിഡിപി നിലപാടിനെ മുഖ്യമന്ത്രി ഒമർ അബ്ദുള്ള കടുത്ത ഭാഷയിൽ വിമർശിച്ചു. അതിർത്തിക്കപ്പുറത്തുളള ചിലരെ പ്രീണിപ്പിക്കാനാണ് മെഹബൂബയുടെ ശ്രമമെന്നും ഒമർ അബ്ദുളള കുറ്റപ്പെടുത്തി. സിന്ധു നദീജല കരാറിന് പിന്നാലെ വുള്ളർ തടാകത്തിൽ തുൾബുൾ തടയണ നിർമിക്കാൻ ഇന്ത്യ ശ്രമിച്ചെങ്കിലും 1980ൽ പാകിസ്ഥാൻ്റെ എതിർപ്പിനെ തുടർന്നാണ് നിർത്തിവെച്ചത്. തടയണ നിർമിക്കുന്നതോടെ ഝലം നദിയിലെ വെള്ളം ശൈത്യകാലത്ത് ഫലപ്രദമായി വിനിയോഗിക്കാൻ കഴിയുമെന്നാണ് ഭരണകക്ഷിയായ നാഷണൽ കോൺഫ്രൻസിൻ്റെ വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]