
‘യാത്രകളെല്ലാം അവർ ഒരുമിച്ചായിരുന്നു; മരണത്തിലേക്കു മുങ്ങിത്താഴ്ന്നതും ഒരുമിച്ച്: ദുഃഖവാർത്ത കേട്ട് തേങ്ങി നാട്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാലക്കാട് ∙ യാത്രകളെല്ലാം അവർ ഒരുമിച്ചായിരുന്നു. മരണത്തിലേക്കു മുങ്ങിത്താഴ്ന്നതും ഒരുമിച്ച്. പുതുപ്പള്ളിത്തെരുവ് തോട്ടിങ്ങൽ റായിൻ മൻസിലിൽ മുഹമ്മദ് നിഹാലും മുഹമ്മദ് ആഹിലും സഹോദരങ്ങൾ മാത്രമല്ല, ഉറ്റസുഹൃത്തുക്കൾ കൂടിയായിരുന്നു. ഇരുവരുടെയും ഇഷ്ടങ്ങൾ ഒരുപോലെ. എസ്എസ്എൽസി പരീക്ഷയിൽ മികച്ച ജയം നേടിയ ആഹിലിനു ചെലവു ചെയ്യാമെന്നു നിഹാൽ പറഞ്ഞിരുന്നു. വീട്ടിൽ പറഞ്ഞിട്ടാണ് ഇരുവരും ബസിൽ മലമ്പുഴയിലേക്കു പോയത്. വൈകിട്ട് അഞ്ചോടെ മാതാവ് റജീന ഫോണിൽ വിളിച്ചപ്പോൾ ഇരുവരും രാത്രിക്കു മുൻപേ എത്താമെന്ന് അറിയിച്ചിരുന്നു. വൈകിയപ്പോൾ സുഹൃത്തുക്കളുടെ വീട്ടിൽ പോയിട്ടുണ്ടാകുമെന്നു കരുതി. ഏറെ നേരം വിളിച്ചിട്ടും ഫോൺ എടുക്കാതായതോടെയാണു സൗത്ത് പൊലീസിൽ പരാതി നൽകിയത്. പുലർച്ചെ ആ ദുഃഖവാർത്ത കേട്ടു നാടു തേങ്ങി.
സ്ഥിരം അപകടമേഖല, മുന്നറിയിപ്പില്ല
മലമ്പുഴ ഡാമിന്റെ പലഭാഗത്തും, ആളുകൾ ഇറങ്ങാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ആഴവും ചെളിയുമുണ്ട്. ഇന്നലെ സഹോദരങ്ങൾ മുങ്ങിത്താഴ്ന്ന ഭാഗം സ്ഥിരം അപകട മേഖലയാണ്. രണ്ടു വർഷം മുൻപു തമിഴ്നാട്ടിൽ നിന്നെത്തിയ മൂന്നു വിനോദ സഞ്ചാരികൾ മരിച്ചത് ഇവിടെയാണ്. നന്നായി നീന്തൽ അറിയാവുന്നവർക്കു പോലും രക്ഷപ്പെടാൻ പ്രയാസം. പക്ഷേ എവിടെയും സുരക്ഷാ സംവിധാനങ്ങളോ മുന്നറിയിപ്പു ബോർഡുകളോ ഇല്ല. ദിനംപ്രതി നൂറുകണക്കിനു സന്ദർശകരാണു ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ഇറങ്ങുന്നത്. ഇവിടെ സുരക്ഷാ സംവിധാനങ്ങളും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കണമെന്നതു വർഷങ്ങളായുള്ള നാട്ടുകാരുടെ ആവശ്യമാണ്. ജലസേചന വകുപ്പും പൊലീസും ഇതു കണ്ടില്ലെന്നു നടിക്കുകയാണ്.എയ്ഡ് പോസ്റ്റിൽ പൊലീസ് ഉണ്ടാകാറില്ലെന്ന പരാതിയുമുണ്ട്. രണ്ടാഴ്ച മുൻപ് ഈ ഭാഗത്തു സെൽഫി എടുക്കുന്നതിനിടെ വെള്ളത്തിൽ വീണ വിനോദ സഞ്ചാരിയെ മത്സ്യത്തൊഴിലാളികളാണു രക്ഷിച്ചത്.
മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു
പാലക്കാട് ∙ മലമ്പുഴ ഡാമിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങൾ മുങ്ങി മരിച്ചു. പാലക്കാട് പുതുപ്പള്ളിത്തെരുവ് പൂളക്കാട് തോട്ടിങ്ങൽ റായിൻ മൻസിലിൽ ജാബിർ നസീബിന്റെയും റജീനയുടെയും മക്കളായ മുഹമ്മദ് നിഹാൽ (21), മുഹമ്മദ് ആഹിൽ (16) എന്നിവരാണു മരിച്ചത്. മലമ്പുഴ സന്ദർശിക്കാൻ പോയ ഇരുവരും 14നു വൈകിട്ടാണു തെക്കേ മലമ്പുഴ ഭാഗത്തു കുളിക്കാനിറങ്ങിയത്. രാത്രി വൈകിയും ഇരുവരും വീട്ടിൽ തിരിച്ചെത്താതിരുന്നതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. മൊബൈൽ ലൊക്കേഷൻ പരിശോധിച്ചപ്പോൾ ഡാമിന്റെ വൃഷ്ടിപ്രദേശത്താണെന്നു കണ്ടെത്തി. ഡാമിന്റെ കരയിൽ ഇരുവരുടെയും വസ്ത്രങ്ങളും മൊബൈൽ ഫോണും ചെരിപ്പുമുണ്ടായിരുന്നു.
മലമ്പുഴ പൊലീസും അഗ്നിരക്ഷാസേനയും പുലർച്ചെ നടത്തിയ തിരച്ചിലിൽ മൃതദേഹങ്ങൾ കണ്ടെത്തി. ആദ്യം മുഹമ്മദ് നിഹാലിന്റെ മൃതദേഹവും സമീപത്തായി മുഹമ്മദ് ആഹിലിന്റെ മൃതദേഹവും കണ്ടെത്തി. തെക്കേ മലമ്പുഴയിൽ രണ്ടുമല ഭാഗത്തു ചെളിയും ആഴവുമുള്ള ഭാഗമായിരുന്നു ഇത്. ഇരുവർക്കും നീന്തൽ അറിയാമെന്നു ബന്ധുക്കൾ പറഞ്ഞു. ആഴമുള്ള ഭാഗത്തു ചെളിയിൽ താഴ്ന്നു പോയതാണെന്നു സംശയിക്കുന്നതായി മലമ്പുഴ പൊലീസ് അറിയിച്ചു. ഇരുവരുടെയും മൃതദേഹങ്ങൾ കബറടക്കി. മുഹമ്മദ് നിഹാൽ ബിരുദധാരിയാണ്. മുഹമ്മദ് ആഹിൽ പ്ലസ് ടു വിദ്യാർഥിയും. സഹോദരൻ: മുഹമ്മദ് ഷാസിൽ.