ന്യൂഡൽഹി: ജീവനുള്ള മൃഗങ്ങളെ കയറ്റുമതിയും ഇറക്കുമതിയും ചെയ്യുന്നതിനുള്ള വിവാദ കന്നുകാലി ബിൽ കേന്ദ്ര സർക്കാർ പിൻവലിച്ചു. സർക്കാർ അനുകൂല സംഘടനകളിൽ നിന്നുവരെ ബില്ലിലെ ചില വ്യവസ്ഥകൾക്കെതിരെ അഭിപ്രായമുയർന്ന സാഹചര്യത്തിലാണ് ബിൽ പിൻവലിച്ചത്. മൃഗങ്ങളോടുള്ള ക്രൂരതയ്ക്ക് ഇടയാക്കുന്നതാണ് കരടിലെ വ്യവസ്ഥകൾ എന്നാണ് മൃഗസ്നേഹികളുടെ വാദം.
പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കുന്നതിനായി ജൂൺ 7-നാണ് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പിന്റെ വെബ്സൈറ്റിൽ കന്നുകാലി ബില്ലിന്റെ കരട് പ്രസിദ്ധീകരിച്ചത്. 10 ദിവസമായിരുന്നു കരടിൽ അഭിപ്രായം അറിയിക്കുന്നതിനായി നൽകിയിരുന്ന സമയം. ജീവനുള്ള മൃഗങ്ങളെ കയറ്റി അയയ്ക്കുന്നതിനും ഇറക്കുമതി ചെയ്യുന്നതിനും പുറമെ നായ്ക്കൾ, പൂച്ചകൾ, പക്ഷികൾ തുടങ്ങിയവയെയും പട്ടികയിൽ ഉൾപ്പെടുത്തിയെന്നതും എതിർപ്പിനിടയാക്കി. കഴുതകൾ, കുതിരകൾ, കോവർകഴുതകൾ, പശുക്കൾ, പോത്ത്, ചെമ്മരിയാടുകൾ, ആട്, പന്നികൾ, നായ്ക്കൾ, പൂച്ചകൾ, പക്ഷികൾ, ലബോറട്ടറി മൃഗങ്ങൾ, ജലജീവികൾ തുടങ്ങിയവയെയും ലൈവ്സ്റ്റോക്ക് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ജീവനുള്ള മൃഗങ്ങളെ, ചലിക്കാനോ ശ്വസിക്കാനോ കൈകാലുകൾ നീട്ടാനോ കഴിയാതെ കൊണ്ടുപോകുന്നത് ക്രൂരതയാണെന്ന് മൃഗാവകാശ സംഘടനയായ അനിമൽ, ക്ലൈമറ്റ് ആൻഡ് ഹെൽത്ത് സേവ് ഇന്ത്യ പറഞ്ഞു. ബിൽ പാസാക്കുന്നത് ഇന്ത്യ കൈവരിക്കാൻ ലക്ഷ്യമിടുന്ന സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ നീണ്ട കാലതാമസമുണ്ടാക്കും. മാരകമായ പകർച്ചവ്യാധികൾ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് എളുപ്പത്തിൽ പകരുകയും ലോകത്തെ നിശ്ചലമാക്കുകയും ചെയ്യുമെന്നതിന്റെ തെളിവാണ് കോവിഡ് മഹാമാരി. അതുകൊണ്ട് തന്നെ ഇത്തരത്തിൽ കന്നുകാലിളുടെ കയറ്റുമതിയും/ ഇറക്കുമതിയും പ്രോത്സാഹിപ്പിക്കുന്നത് അപകടമാണെന്നും മൃഗാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
The post പ്രതിഷേധത്തെ തുടർന്ന് വിവാദ കന്നുകാലി ബിൽ പിൻവലിച്ച് കേന്ദ്ര സർക്കാർ appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]