
ക്യാംപിൽ തിരിച്ചെത്തി സ്ത്രീയുടെ ഫോണിൽ വിളിച്ചു, ‘യഥാർഥ’ പൊലീസിന് പരാതി നൽകി തൊഴിലാളികളും; എക്സൈസ് ഉദ്യോഗസ്ഥർക്ക് പിടിവീണത് ഇങ്ങനെ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ ക്രിമിനലുകൾക്കൊപ്പം അതിഥി തൊഴിലാളി ക്യാംപുകളിൽ ‘റെയ്ഡ്’ നടത്തിയ ഉദ്യോഗസ്ഥരുടേത് വമ്പൻ തട്ടിപ്പുസംഘം. തട്ടിയെടുക്കുന്ന പണത്തിന്റെ ഒരു പങ്ക് മേലുദ്യോഗസ്ഥർക്കും എത്തിയിരുന്നതിനാൽ വർഷങ്ങളായി ഈ ഇടപാട് നിർബാധം നടന്നുവരികയായിരുന്നു. ചില മേലുദ്യോഗസ്ഥർ വിവരങ്ങൾ അറിഞ്ഞ് ഇവർക്കു മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇതൊന്നും വകവയ്ക്കാതെ മുന്നോട്ടു പോവുന്നതിനിടെയാണ് അപ്രതീക്ഷിതമായി പിടിവീണത്. ഇതിനു കാരണമായതാകട്ടെ, സംഘത്തിന്റെ ഭാഗത്തു നിന്നുണ്ടായ ഒരു പ്രവൃത്തിയും.
കുന്നത്തുനാട് പ്രിവന്റീവ് ഓഫിസർ നെല്ലിക്കുഴി പുഴക്കര സലീം യൂസഫ് (52), തായ്ക്കാട്ടുകര മേക്കിലക്കാട്ടിൽ സിദ്ധാർഥ് (35) എന്നീ എക്സൈസ് ഉദ്യോഗസ്ഥരെയാണ് തടിയിട്ടപറമ്പ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇതിൽ സലീം യൂസഫ് നേരത്തേ തന്നെ വിജിലൻസിന്റെ നോട്ടപ്പുള്ളിയായിരുന്നു. തനിക്കെതിരെ നടപടി ഉണ്ടാകാൻ സാധ്യതയുണ്ടെന്നതിനാൽ സർവീസിൽ നിന്ന് വിആർഎസ് എടുക്കാൻ കഴിഞ്ഞ മാസം അപേക്ഷ നൽകിയിരുന്നു. അതിഥി തൊഴിലാളി ക്യാംപുകളിൽ പൊലീസ് എന്ന വ്യാജേനെ ‘റെയ്ഡ്’ നടത്തുമ്പോൾ ഈ ഉദ്യോഗസ്ഥൻ ലീവിലായിരുന്നു എന്നതാണു ശ്രദ്ധേയം.
ആലുവ സർക്കിൾ ഓഫിസിൽ നിന്ന് എറണാകുളം കമ്മിഷണർ സ്പെഷൽ സ്ക്വാഡിലേക്കു സ്ഥലം മാറ്റം കിട്ടിയ ആളാണ് എസ്.സിദ്ധാർഥ്. പുതിയ പോസ്റ്റിൽ ചേരുന്നതിനു മുമ്പുള്ള ലീവിലായിരുന്നു സിദ്ധാർഥും. എടത്തല പൊലീസ് സ്റ്റേഷനിലെ കൊലപാതക കേസിൽ പ്രതിയായ ചൂണ്ടി തെങ്ങളാംകുഴി മണികണ്ഠൻ ബിലാൽ (30), ഇയാളുടെ കൂട്ടാളി ജിബിൻ (32) എന്നിവരാണ് എക്സൈസ് ഉദ്യോഗസ്ഥർക്കൊപ്പം അറസ്റ്റിലായവർ.
ആലുവ – പെരുമ്പാവൂർ റൂട്ടിലുള്ള തെക്കേ വാഴക്കുളത്ത് സ്ഥിതി ചെയ്യുന്ന അതിഥി തൊഴിലാളി ക്യാംപിൽ എത്തിയായിരുന്നു സംഘത്തിന്റെ ‘റെയ്ഡ്’. ഈ മേഖലയിലെ തൊഴിലാളി ക്യംപുകളിൽ വൻതുകയ്ക്ക് ചീട്ടുകളി അടക്കമുള്ള അനധികൃത പ്രവർത്തനങ്ങൾ വ്യാപകമാണ്. ഇതിനിടയിലേക്കാണ് എന്ന പേരിൽ എക്സൈസ് ഉദ്യോഗസ്ഥർ ക്രിമിനലുകൾക്കൊപ്പമെത്തി ഈ തുക തട്ടിയെടുക്കാറ്. ഇത് നിർബാധം തുടരുന്നതിനിടെയായിരുന്നു അസമിൽ നിന്നുള്ള തൊഴിലാളികൾ താമസിച്ചിരുന്ന ക്യംപിലും എത്തിയത്. ലഹരി മരുന്ന് ഇടപാടുകൾ അടക്കം വ്യാപകമായതോടെ വീട്ടുടമ ഇവിടെ സിസിടിവി ക്യാമറകൾ ഘടിപ്പിച്ചിരുന്നു. ഇതിൽ ഉദ്യോഗസ്ഥർ അടക്കമുള്ളവരുടെ മുഖം കുടുങ്ങുകയും ചെയ്തു.
തൊഴിലാളികൾ ഹൈബ്രിഡ് കഞ്ചാവ് ഒളിപ്പിച്ചിട്ടുണ്ട് എന്നായിരുന്നു വീട്ടുടമയോട് റെയ്ഡിനു കാരണമായി പറഞ്ഞത്. റെയ്ഡിൽ തൊഴിലാളികളുടെ 4 ഫോണുകളും 56,000 രൂപയും പിടിച്ചെടുക്കുകയും ചെയ്തു. ഇതിനിടയിൽ, തൊഴിലാളികൾക്കൊപ്പമുണ്ടായിരുന്ന ഒരു സ്ത്രീയുടെ ഫോൺ നമ്പറും ഇവർ കൈവശപ്പെടുത്തിയിരുന്നു. തട്ടിയെടുത്ത പണത്തിൽ 5000 രൂപയും 2 ഫോണുകളും മണികണ്ഠൻ ബിലാലിനും ജിബിനും നൽകിയ ശേഷം ബാക്കി തുക സലീമും സിദ്ധാർഥും വീതിച്ചെടുത്തു. എന്നാൽ പണവും തട്ടിയെടുത്ത് കടന്ന ശേഷം ഇവർ തിരികെ ക്യാംപിലെത്തിയതാണ് പിടിവീഴാൻ പ്രധാനമായും കാരണമായത്.
പുലർച്ചെ ക്യാംപിൽ തിരികെ എത്തിയ ഇവർ നേരത്തേ കൈവശപ്പെടുത്തിയ ഫോണിൽ വിളിച്ച് സ്ത്രീയോട് പുറത്തേക്കു വരാൻ ആവശ്യപ്പെട്ടു. എന്നാൽ ഇവരുടെ പ്രവൃത്തിയിൽ സംശയം തോന്നിയ സ്ത്രീ പുറത്തു വന്നില്ല. റെയ്ഡ് നടത്തി തങ്ങളുടെ പണവും ഫോണും പിടിച്ചെടുത്തതാണെന്ന് അതുവരെ കരുതിയിരുന്ന തൊഴിലാളികൾ പിറ്റേന്ന് ‘യഥാർഥ’ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. ഇതിനിടെയാണ് തന്നെ വിളിച്ച മണികണ്ഠൻ ബിലാലിന്റെ നമ്പറും സ്ത്രീ കൈമാറിയത്. ഇതോടെ എക്സൈസുകാർക്കൊപ്പം ഉണ്ടായിരുന്നത് ക്രിമിനലുകളാണെന്ന് പൊലീസിനു മനസ്സിലാവുകയും എല്ലാവരേയും പിടികൂടുകയുമായിരുന്നു.
എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ ഇത്തരത്തിലുള്ള ഒട്ടേറെ തട്ടിപ്പുകൾ പുറത്തു വരുന്നുണ്ട്. കഞ്ചാവും രാസലഹരിയുമൊക്കെ പിടിച്ചാലും ചെറിയ അളവ് മാത്രം രേഖപ്പെടുത്തി ബാക്കിയുള്ളത് ക്രിമിനലുകളായ കൂട്ടാളികൾ വഴി പുറത്തു വിൽപന നടത്തിയിരുന്നു എന്ന പ്രധാന വിവരവും പുറത്തു വരുന്നവയിൽ ഉൾപ്പെടും.