മണിപ്പുരിൽ സംഘർഷം രൂക്ഷമായി തുടർന്നിട്ടും പ്രധാനമന്ത്രി മൗനം പാലിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഒന്നരമാസത്തിലേറെയായി അശാന്തമായ മണിപ്പുരിനെ കുറിച്ച് ഞായറാഴ്ച നടന്ന ‘ മന് കീ ബാതി’ ലും പ്രധാനമന്ത്രി മൗനം തുടർന്നതോടെയാണ് ഇംഫാലിലെ നാട്ടുകാർ പരസ്യമായി റേഡിയോ തല്ലിപ്പൊട്ടിച്ചത്.
ഞായറാഴ്ച രാവിലെ 11 മണിയോടെയായിരുന്നു പ്രധാനമന്ത്രിയുടെ അരമണിക്കൂർ നീണ്ട ‘മൻ കീ ബാത്’. സ്ത്രീകളുൾപ്പടെ നിരവധിപ്പേരാണ് സിങ്ജേമെ ബസാറിൽ റേഡിയോകളുമായി പ്രധാനമന്ത്രിയുടെ പ്രസംഗത്തിനായി കാത്തിരുന്നത്. ഈ മൻ കീ ബാത് ഞങ്ങൾക്ക് വേണ്ടെന്ന് പ്രതിഷേധക്കാർ പറയുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 45 ദിവസമായിട്ടും മണിപ്പുരിലേക്ക് തിരിഞ്ഞുനോക്കാത്ത പ്രധാനമന്ത്രിയെ എന്തിന് കേൾക്കണം എന്നായിരുന്നു പൗര സമിതി മീഡിയ കോ– ഓർഡിനേറ്ററുടെ ചോദ്യം. പ്രധാനമന്ത്രി മൗനമാണ് സ്വീകരിക്കുന്നതെങ്കിൽ മൻ കീ ബാത് കേൾക്കേണ്ടെന്നാണ് തങ്ങളുടെ തീരുമാനമെന്നും ചിലർ മാധ്യമങ്ങളോട് പ്രതികരിച്ചു.
പ്രധാനമന്ത്രിയുടെ മൗനത്തിനെതിരെ ഉദ്ധവ് താക്കറെ രൂക്ഷ വിമർശനം ഉന്നയിച്ചു. കത്തുന്ന മണിപ്പുരിലേക്ക് ശാന്തിയുടെ ദൂതുമായി പോകാതെ പ്രധാനമന്ത്രി യുഎസ് സന്ദർശനത്തിന് പോയിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സൂര്യന് നേരെ തുപ്പരുതെന്നാണ് ഒരിക്കൽ തന്നോട് മോദി ആരാധകർ പറഞ്ഞതെന്നും, നിങ്ങളുടെ ഗുരു സൂര്യനെ പോലെയാണെങ്കിൽ, ആ സൂര്യൻ മണിപ്പുരിന് മേൽ പ്രകാശം പരത്താത്തത് എന്തുകൊണ്ടാണെന്നും ഉദ്ധവ് ചോദിച്ചു.
The post ‘മന് കി ബാത്തി’ല് മണിപ്പുര് ഇല്ല; കലി കയറിയ നാട്ടുകാര് റേഡിയോ തല്ലിപ്പൊട്ടിച്ചു appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]