
ഒരു ബിസിനസ് നല്ല രീതിയിൽ നടത്തണമെന്നുണ്ട്. പക്ഷേ എന്ത് ഉൽപ്പന്നം ആരംഭിക്കും, അത് എങ്ങനെ ആളുകളിലേയ്ക്ക് എത്തിക്കും എന്നതിനെക്കുറിച്ച് ഒരു പിടിയുമില്ലാതെ ഇരിക്കുകയാണോ? ഇത്തരക്കാർക്ക് പറ്റിയ ബിസിനസ് തുടങ്ങാൻ വേണ്ട അവസരമൊരുക്കുകയാണ് കൊച്ചിയിൽ മികച്ച ജനസാന്നിദ്ധ്യം കൊണ്ട് രണ്ടാം ദിവസവും ശ്രദ്ധേയമായ മെഷിനറി ആൻഡ് ട്രേഡ് എക്സ്പോ. കേരളത്തിന്റെ എല്ലാ ഭാഗത്ത് നിന്നുമുള്ള ആയിരക്കണക്കിന് പേരാണ് തങ്ങൾക്കാവശ്യമുള്ള ഉൽപ്പന്നമോ സേവനമോ തേടിയെത്തുന്നത്.
ദുബായിയിൽ എച്ച് എസ് ബിസി ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്ന ആലപ്പുഴക്കാരനായ റോബർട്ട് ലോറൻസ് വീടിനടുത്ത് സ്വന്തമായുള്ള കെട്ടിടത്തിൽ ഒരു ഭക്ഷ്യോൽപ്പന്ന യൂണിറ്റ് ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൊച്ചിയിൽ നടക്കുന്ന ക്വിക്ക് കേരള മെഷിനറി ആൻഡ് ട്രേഡ് എക്സ്പോയിലെത്തിയത്. തന്റെ മനസിലുണ്ടായിരുന്ന ആശയങ്ങൾക്കനുസരിച്ചുള്ള വിപുലമായ ഉൽപ്പന്നങ്ങൾ കണ്ടെത്താനായതിന്റെ സന്തോഷത്തിലാണ് റോബർട്ട്. ഇനി അവരുമായി ആശയവിനിമയം നടത്തി യോജിച്ച സംരംഭം എത്രയും വേഗം ആരംഭിക്കുകയാണ് അടുത്ത പടിയെന്ന് അദ്ദേഹം പറഞ്ഞു. ദുബായിലായിരുന്നപ്പോൾ രാജ്യാന്തര ശൈലിയിലുള്ള പല എക്സിബിഷനുകളും കണ്ടിട്ടുണ്ടെങ്കിലും മലയാളിയുടെ ചിന്തകൾക്കും ആശയങ്ങൾക്കും ഇണങ്ങുന്ന ധാരാളം ഉൽപ്പന്നങ്ങള്‍ ഈ മേളയിലുണ്ടെന്ന് റോബർട്ട് കൂട്ടിച്ചേർത്തു.
അദ്ദേഹത്തെപ്പോലെ തങ്ങളുടെ സങ്കൽപ്പത്തിലുള്ള ഉൽപ്പന്ന യൂണിറ്റ് ആരംഭിക്കാനുള്ള വഴി തുറന്നതിന്റെ സന്തോഷം മേള സന്ദർശിക്കാനെത്തിയ നിരവധിപ്പേരുടെ മുഖത്ത് ദൃശ്യമായിരുന്നു. തിരുവനന്തപുരത്തു നിന്നെത്തിയ അമൽ നിലവിൽ ചെറിയൊരു സംരംഭകനാണ്. നിലവിലുള്ള യൂണിറ്റിനൊപ്പം കൊണ്ടു പോകാനാകുന്ന അരിമാവ് യൂണിറ്റിനിണങ്ങിയ മെഷിനറികൾ മേളയിൽ നിന്ന് തെരഞ്ഞെടുക്കാൻ പറ്റിയെന്ന് അരുണ്‍ പറഞ്ഞു. മേളയെക്കുറിച്ചറിഞ്ഞ് അതിൽ പങ്കെടുക്കാനായി മാത്രമാണ് അരുണും അനിയനും എക്സ്പോയിലെത്തിയത്. ഇത്തരത്തിൽ എക്സ്പോയിൽ സ്വന്തം സംരംഭത്തിനിണങ്ങിയ ഉൽപ്പന്നം തെരഞ്ഞെടുക്കുന്നതിനെത്തിയത് നിരവധിപ്പേരാണ്. കൊല്ലത്ത് നിന്നെത്തിയ വൈദ്യശാല വീട്ടിൽ ആയുർവേദിക്സിന്റെ ഉടമകൾ പായ്ക്കിങ്ങിനാവശ്യമായ മെഷിനറി തിരക്കിയാണ് എക്സ്പോയിലെത്തിയതെങ്കിലും മരുന്നു പൊടിക്കാനുള്ളതുൾപ്പടെ പലതരം മെഷിനറികൾ വാങ്ങാനുള്ള തയാറെടുപ്പിലാണിപ്പോൾ. സാധാരണ ഇത്തരം ഉൽപ്പന്നങ്ങൾ വാങ്ങാൻ കോയമ്പത്തൂരിലും മറ്റും പോയി പലയിടങ്ങളിൽ തെരഞ്ഞു നടക്കേണ്ടതിന്റെ ബുദ്ധിമുട്ടൊന്നുമില്ലാതെ എല്ലാം ഒരുമിച്ച് വാങ്ങാനാകുമെന്നതാണ് മേളയുടെ ആകർഷണം.
വലിയ ജോലികൾ വളരെ ഈസിയായി ചെയ്യാൻ സഹായിക്കുന്ന വൈവിധ്യമാർന്ന ഉൾപ്പന്നങ്ങളാണ് മേളയിലുള്ളത്. കൈകൊണ്ട് ചെയ്യേണ്ട ബുദ്ധിമുട്ടേറിയ പല ജോലികളും വേഗത്തിൽ പൂർത്തിയാക്കാൻ സഹായിക്കുന്ന വിധത്തിൽ രൂപകൽപ്പന ചെയ്ത മെഷിനറികളാണ് മേളയെ ശ്രദ്ധേയമാക്കുന്നത്. വീട്ടിലെ സാനിറ്ററി മാലിന്യങ്ങൾ അനായാസമായി സംസ്കരിക്കാൻ സഹായിക്കുന്ന പാലായിലെ യു ആർ ഫർണസ് വേസ്റ്റ് ഡിസ്പോസർ പ്രവർത്തനത്തിലെ പുതുമ കൊണ്ട് ശ്രദ്ധേയമാണ്. വൈദ്യുതി ആവശ്യമില്ലാത്ത, കൊണ്ടു നടക്കാനാകുന്ന ഈ ഫർണസിൽ വേസ്റ്റ് കത്തുമ്പോൾ മണമോ പുകയോ ഉണ്ടാകുന്നില്ല എന്നത് വേസ്റ്റ് മാനേജ്മെന്റിൽ തികച്ചും ആശ്വാസകരമാണ്.
ഉപയോഗ ശൂന്യമായ ബാറ്ററികൾ പെരുകുന്ന ഈ കാലത്ത് ബാറ്ററിയ്ക്ക് അൽപമെങ്കിലും ജീവനുണ്ടെങ്കില്‍ പുനരുജ്ജീവിപ്പിക്കാനാകുന്ന സൗകര്യമാണ് നിലമ്പൂര്‍ നിന്നുള്ള ബിആർജി–സി ദി ബാറ്ററി ഡോക്ടർ ഒരുക്കുന്നത്. വാഹനത്തിന്റെ ആയാലും ഇൻവർട്ടറായാലും കാലാവധി കഴിഞ്ഞ് കളയുന്നതിനു പകരം ഇത്തരത്തിൽ ഉപയോഗിക്കുന്നതിലൂടെ ചെലവ് മാത്രമല്ല മലീനികരണത്തോതും കുറയ്ക്കാനാകും.
രണ്ട് ദിവസമായി തുടരുന്ന എക്പോ ഞായറാഴ്ച അവസാനിക്കും.
English Summary:
The Quick Kerala Machinery and Trade Expo in Kochi successfully connected Kerala-based entrepreneurs with crucial machinery and resources, fostering numerous new business ventures and showcasing innovative solutions for waste management and battery recycling.
p-g-suja 4q3vqljuopj2o93u6e6rpc1pa3 7q27nanmp7mo3bduka3suu4a45-list 1uemq3i66k2uvc4appn4gpuaa8-list