
ചെറുതനയിലെ ചെറിയ പാലങ്ങളുടെ അടിയിൽ മഴയെത്തും മുൻപേ മാലിന്യം അടിഞ്ഞു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഹരിപ്പാട് ∙ ചെറുതനയിലെ ചെറിയ പാലങ്ങളുടെ അടിയിൽ മഴക്കാലം ആരംഭിക്കുന്നതിനു മുൻപ് മാലിന്യം അടിഞ്ഞു തുടങ്ങി. ആറ്റിലൂടെ ഒഴുകി വരുന്ന മാലിന്യം പാലങ്ങളുടെ തൂണുകളിൽ അടിയുന്നതാണ് പ്രശ്നം. അടുപ്പിച്ച് ചെറിയ തൂണുകളിൽ നിർമിച്ച പാലങ്ങളുടെ താഴെയാണ് ഒഴുകിയെത്തുന്ന മാലിന്യങ്ങൾ കൂടുതലും അടിയുന്നത്. ആറ്റിലേക്ക് തള്ളിവിടുന്ന മാലിന്യം കൂടാതെ കാലവർഷം ശക്തമാകുമ്പോൾ കിഴക്കൻ വെള്ളത്തിനൊപ്പം വൻ തോതിൽ മാലിന്യങ്ങൾ ഒഴുകി എത്തും. ഇവയെല്ലാം ചെറിയ പാലങ്ങളുടെ തൂണുകളിൽ അടിഞ്ഞ് മഴക്കാലത്ത് നീരൊഴുക്ക് തടസ്സപ്പെടുന്നത് പതിവാണ്.
പാലങ്ങളുടെ അടിയിലെ മാലിന്യം നീക്കം ചെയ്യാൻ ലക്ഷക്കണക്കിനു രൂപയാണ് ഓരോ വർഷവും ചെലവഴിക്കുന്നത്. പെരുമാങ്കര പാലത്തിനടിയിലാണ് ഏറ്റവും കൂടുതൽ മാലിന്യം അടിയുന്നത്. മഴക്കാലത്ത് പാലത്തിനടിയിൽ എപ്പോഴും മാലിന്യക്കൂമ്പാരമാണ്. കിഴക്കു നിന്നു ഒഴുകിയെത്തുന്ന മരങ്ങൾ പാലത്തിന്റെ അടുത്തടുത്തുള്ള തൂണുകളിൽ തട്ടി നിൽക്കും. ഇതു കാരണം വെള്ളത്തിനൊപ്പം ഒഴുകിയെത്തുന്ന പ്ലാസ്റ്റിക് കുപ്പികൾ, പോള, പായൽ, ചത്ത മൃഗങ്ങളുടെ അവശിഷ്ടങ്ങൾ തുടങ്ങിയ മാലിന്യം ഒഴുകി മാറില്ല.
ആഴ്ചകളോളം മാലിന്യം കെട്ടി നിന്ന് ആറ്റിലെ നീരൊഴുക്ക് തടസ്സപ്പെടും. അതുമൂലം വെള്ളം സമീപ പ്രദേശങ്ങളിലേക്ക് ഒഴുകും. പെരുമാങ്കര പാലത്തിനു സമീപമുള്ള റോഡിന്റെ പല ഭാഗങ്ങളും വെള്ളത്തിന്റെ തള്ളൽ മൂലം ഇടിഞ്ഞ് ആറ്റിലേക്ക് വീണ നിലയിലാണ്. മാലിന്യം കെട്ടിക്കിടക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നതായി നാട്ടുകാരുടെ പരാതി. പാണ്ടി പാലത്തിന്റെ അടിയിലും എംപി പാലത്തിന് അടിയിലും മാലിന്യം അടിഞ്ഞു തുടങ്ങിയിട്ടുണ്ട്. ഇത്തവണ വേനൽ മഴ എത്തിയപ്പോൾ തന്നെ പാലങ്ങളുടെ അടിയിൽ പായലും മാലിന്യവും അടിഞ്ഞു കൂടി. നേരത്തെ വർഷ കാലത്ത് മാത്രമാണു പാലത്തിന്റെ തൂണുകളിൽ മാലിന്യം അടിഞ്ഞിരുന്നത്. ഇപ്പോൾ ഒരു മഴ പെയ്താൽ പോലും പാലത്തിന്റെ അടിയിൽ മാലിന്യം നിറയും. ഇതു മൂലം ഇതു വഴിയുള്ള ജല ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.
പാലം നിർമിക്കുന്നതിനു മുൻപ് ആറിന്റെ പടിഞ്ഞാറേ കരയിൽ കുളിക്കടവ് ഉണ്ടായിരുന്നു. ഹരിപ്പാട് കൊച്ചു കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ ആറാട്ടും, കന്യാട്ടുകുളങ്ങര ക്ഷേത്രത്തിലെ അവഭൃഥ സ്നാനവും നടക്കുന്നത് ഇൗ കടവിലായിരുന്നു. ഇപ്പോൾ കുളിക്കടവിൽ എക്കലും പായലും പോളയും കയറി ദുർഗന്ധം വമിക്കുന്ന സ്ഥിതിയാണ്. അതിനാൽ ആറാട്ട് പാലത്തിന് അക്കരെയുള്ള കടവിലേക്ക് മാറ്റുകയായിരുന്നു. ചെറിയ പാലങ്ങൾ പൊളിച്ച് വലിയ പാലങ്ങൾ പണിയണം എന്നതു വർഷങ്ങളായി ജനങ്ങളുടെ ആവശ്യമാണ്. രമേശ് ചെന്നിത്തല എംഎൽഎയുടെ ശ്രമഫലമായി ബജറ്റിൽ പാലത്തിന്റെ നിർമാണത്തിന് ചെറിയ തുക അനുവദിച്ചെങ്കിലും പിന്നീട് തുടർ നടപടികളുണ്ടായില്ല.