
തിരുവനന്തപുരം: സംസ്ഥാന സർക്കാർ പണം മുടക്കാൻ സാധിക്കില്ലെന്ന് അറിയിച്ച 55 മേൽപ്പാലങ്ങളുടെ നിർമാണ തുക പൂർണമായും റെയിൽവെ വഹിക്കുമെന്ന് ദക്ഷിണ റെയിൽവെ അറിയിച്ചു. പാലങ്ങളുടെ നിർമാണ ചെലവ് പൂർണമായും വഹിക്കാനുള്ള റെയിൽവെ തീരുമാനം ഇതാദ്യമായാണെന്നും കേരളത്തിലുടനീളം സുഗമമായ യാത്ര ഉറപ്പാക്കാനും പൊതുജന സുരക്ഷ ഉറപ്പുവരുത്താനുമുള്ള റെയിൽവെയുടെ പ്രതിബദ്ധതയാണ് ഇതിലൂടെ വ്യക്തമാവുന്നതെന്നും ദക്ഷിണ റെയിൽവെ വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
അടിസ്ഥാന ചെലവ് പങ്കിടൽ മാതൃകയിൽ പകുതി തുക സംസ്ഥാന സർക്കാറും പകുതി തുക റെയിൽവെയും വഹിക്കാമെന്ന നിബന്ധനയിലാണ് സംസ്ഥാനത്തെ തിരക്കേറിയ 126 ലെവൽ ക്രോസിങുകൾ ഒഴിവാക്കി മേൽപ്പാലങ്ങൾ നിർമിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകിയതെന്ന് റെയിൽവെ അറിയിച്ചു. എന്നാൽ അംഗീകരിച്ച വ്യവസ്ഥയിൽ പണം നൽകാൻ സംസ്ഥാന സർക്കാറിന് സാധിച്ചില്ല. ഇതുകാരണം ഈ പദ്ധതികളുടെ നിർമാണം വൈകി. 55 മേൽപാലങ്ങളുടെ കാര്യത്തിൽ 18 എണ്ണത്തിൽ മാത്രമേ സംസ്ഥാന സർക്കാറിന് പദ്ധതി നിജപ്പെടുത്താനും സ്ഥലം ഏറ്റെടുക്കാനും സാധിച്ചിട്ടുള്ളൂ എന്ന് റെയിൽവെ അറിയിച്ചു. ഇവയാണ് റെയിൽവെ പൂർണമായ ചെലവിൽ നിർമാണം പൂർത്തീകരിക്കാൻ വീണ്ടും അംഗീകാരമായിരിക്കുന്നത്. സ്ഥലം ഏറ്റെടുക്കാനായി സംസ്ഥാന സർക്കാറിന് ഇതിനോടകം തന്നെ 95 കോടി രൂപ കൈമാറിയെന്നും റെയിൽവെ അറിയിച്ചു.
മറ്റ് 65 മേൽപ്പാലങ്ങളുടെ നിർമാണ പ്രവൃത്തികളും വർഷങ്ങളായി മന്ദഗതിയിലാണെന്നും സംസ്ഥാന സർക്കാർ ഫണ്ട് ലഭ്യമാക്കാത്തതോ അല്ലെങ്കിൽ പദ്ധതി അംഗീകാരം നൽകാത്തതോ അതുമല്ലെങ്കിൽ സ്ഥലം ഏറ്റെടുത്ത് കൈമാറാത്തതോ ആണ് ഇതിന് കാരണമെന്നും റെയിൽവെ ആരോപിച്ചു. കേരള റെയിൽ വികസന കോർപറേഷൻ ലിമിറ്റഡ്, റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ ഓഫ് കേരള എന്നിവയെ പേരെടുത്ത് പറഞ്ഞാണ് റെയിൽവെയുടെ വാർത്താക്കുറിപ്പ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]