വേണ്ടത്ര ഹയർ സെക്കൻഡറി സ്കൂളുകൾ ഇല്ല; എവിടെ പഠിക്കും, ഞങ്ങൾ? മലയോര മേഖലയിലെ വിദ്യാർഥികൾ ആശങ്കയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എരുമേലി ∙ മലയോര മേഖലയിലെ വിദ്യാലയങ്ങൾ എസ് എസ്എൽസി പരീക്ഷകളിൽ മികച്ച വിജയം നേടിയപ്പോഴും ഇഷ്ടവിഷയങ്ങൾ പഠിക്കാൻ ഹയർ സെക്കൻഡറി സ്കൂളുകളുടെ കുറവ് വിദ്യാർഥികളെയും മാതാപിതാക്കളെയും വലയ്ക്കുന്നു. 5 ഹൈസ്കൂളുകൾ ഉണ്ടെങ്കിലും ഒരു ഹയർ സെക്കൻഡറി സ്കൂൾ മാത്രമാണു പഞ്ചായത്തിൽ ഉള്ളത്. ഇവിടെയുള്ളത് 180 പ്ലസ് വൺ സീറ്റ് മാത്രം. പഞ്ചായത്തിലെ സ്കൂളുകളിൽ നിന്ന് നാനൂറിലേറെ വിദ്യാർഥികളാണ് ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടിയത്. വിദ്യാർഥികൾ ഏറെ ആശ്രയിക്കുന്ന സയൻസ് ബാച്ചുകളും കുറവാണ്.2 സയൻസ് ബാച്ചുകൾ മാത്രമാണുള്ളത്. സയൻസ് വിഷയങ്ങൾക്ക് വേണ്ടി സമീപ ജില്ലകളിലെ ഹയർ സെക്കൻഡറി സ്കൂളുകളെ ആശ്രയിക്കുകയാണ് ചെയ്യുന്നത്.
പഞ്ചായത്തിലെ എല്ലാ സ്കൂളുകളിൽ നിന്നുമായി 63 വിദ്യാർഥികൾക്കാണു മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത്. ഇതുകൂടാതെ 9, 8 എ പ്ലസുകൾ ലഭിച്ച നാൽപതിലധികം വിദ്യാർഥികളും ഉണ്ട്. ഭൂരിഭാഗം വിദ്യാർഥികളും സയൻസ് വിഷയങ്ങളാണ് ആഗ്രഹിക്കുന്നത്. കണമല, ഉമിക്കുപ്പ തുടങ്ങിയ സ്ഥലങ്ങളിലെ സ്കൂളുകളിൽ മികച്ച വിജയം നേടിയെങ്കിലും ഇവിടെ നിന്നുള്ള വിദ്യാർഥികൾക്കു ഹയർ സെക്കൻഡറി പഠനത്തിനായി 20 കിലോമീറ്ററിൽ അധികം ദൂരമുള്ള സ്കൂളുകളെ ആശ്രയിക്കേണ്ടിവരുന്നു. വനമേഖലയിലൂടെ കിലോമീറ്ററുകളോളം യാത്ര ചെയ്യേണ്ട സാഹചര്യവുമുണ്ട്. പത്തനംതിട്ട ജില്ലയിലെ ഹയർ സെക്കൻഡറി സ്കൂളുകളെ ആശ്രയിക്കേണ്ടിവരികയും ചെയ്യുന്നു.
മികച്ച വിജയം നേടിയ മലയോര സ്കൂളുകൾ
∙ എസ്എസ്എൽസി പരീക്ഷയിൽ മലയോര സ്കൂളുകൾ മികച്ച വിജയം നേടി. സെന്റ് തോമസ് ഹൈസ്കൂളിൽ 185 വിദ്യാർഥികളാണ് ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടിയത്. 33 പേർക്ക് ഫുൾ എ പ്ലസ്. 7 പേർക്ക് 9 എ പ്ലസ്, 5 പേർക്ക് 8 എ പ്ലസ് ലഭിച്ചു. കണമല സാന്തോം സ്കൂളിൽ 128 വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടി. 13 പേർക്ക് ഫുൾ എ പ്ലസും ലഭിച്ചു. വാവർ മെമ്മോറിയൽ ഹൈസ്കൂളിൽ പരീക്ഷ എഴുതിയ 56 വിദ്യാർഥികളിൽ എല്ലാവരും ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടി. 3 പേർക്ക് എല്ലാ വിഷയങ്ങൾക്ക് എ പ്ലസ് ലഭിച്ചു.
ഉമിക്കുപ്പ സെന്റ് മേരീസ് സ്കൂളിൽ 70 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ എല്ലാവരും ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടി. 13 വിദ്യാർഥികൾക്ക് ഫുൾ എ പ്ലസും 5 വിദ്യാർഥികൾക്ക് 9 എ പ്ലസും ലഭിച്ചു. ദേവസ്വം ബോർഡ് സ്കൂളിൽ പരീക്ഷ എഴുതിയ 14 വിദ്യാർഥികളും ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടി. തിരുവള്ളൂർ ഹൈസ്കൂളിൽ പരീക്ഷ എഴുതിയ 85% വിദ്യാർഥികളും ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടി.