
‘എന്റെ കേരളം’ മേള കൊല്ലത്ത് തുടങ്ങി; മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊല്ലം ∙ സംസ്ഥാന സർക്കാരിന്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായി 20 വരെ ആശ്രാമം മൈതാനത്ത് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയ്ക്ക് തുടക്കമായി. മന്ത്രി കെ.എൻ.ബാലഗോപാൽ പ്രദർശനം ഉദ്ഘാടനം ചെയ്തു. എസ്എൻ ഓപ്പൺ സർവകലാശാലയുടെ ആസ്ഥാന മന്ദിരത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ഈ വർഷം തന്നെ ആരംഭിക്കുമെന്നും ഒരു സാമ്പത്തിക പ്രതിസന്ധിയും അതിന്റെ നിർമാണത്തിനു തടസ്സമാകില്ലെന്നും മന്ത്രി പറഞ്ഞു.
അടുത്ത നവംബർ ഒന്നിന് അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കും. – മന്ത്രി അറിയിച്ചു.മന്ത്രി ജെ.ചിഞ്ചുറാണി അധ്യക്ഷയായി. എം.നൗഷാദ് എംഎൽഎ, കോർപറേഷൻ മേയർ ഹണി ബെഞ്ചമിൻ, ഡപ്യൂട്ടി മേയർ എസ്.ജയൻ, കലക്ടർ എൻ.ദേവിദാസ്, സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായണൻ, റൂറൽ എസ്പി സാബു മാത്യു, എഡിഎം ജി.നിർമൽകുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫിസർ എൽ.ഹേമന്ത് കുമാർ എന്നിവർ പ്രസംഗിച്ചു.
എന്റെ കേരളം പ്രദർശന വിപണന മേളയിൽ സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളും സൗജന്യ സേവനങ്ങളും അടങ്ങിയ 156 തീം സ്റ്റാളുകൾ സജ്ജീകരിച്ചിട്ടുണ്ട്. 96 മറ്റു സ്റ്റാളുകളിൽ വിവിധ വകുപ്പുകളുടെയും സർക്കാർ ഏജൻസികളുടെയും ഉൽപന്ന പ്രദർശനവും വിൽപനയും നടക്കും. വിവിധ സർക്കാർ സേവനങ്ങൾ മേളയിൽ സൗജന്യമായി ലഭിക്കും. കുടുംബശ്രീ ഏകോപിപ്പിക്കുന്ന ഫുഡ് കോർട്ടുമുണ്ടാകും.
ഇന്ന് രാവിലെ 10ന് വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ അങ്കണവാടി പ്രീ സ്കൂൾ കുട്ടികളുടെ സംഘനൃത്തം, ക്ഷേമ സ്ഥാപനങ്ങളിലെ കുട്ടികളുടെ പരിപാടികൾ, അങ്കണവാടി പ്രവർത്തകരുടെ നാടൻപാട്ട്, തിരുവാതിര, കവിതാപാരായണം, കൈകൊട്ടിക്കളി, പെൺകുട്ടികളുടെ കളരിപ്പയറ്റ്, ലഹരിവിരുദ്ധ ഡാൻസ്, കുളത്തൂപ്പുഴ തനത് കലാസംഘത്തിന്റെ പരിപാടി, വകുപ്പിന്റെ വിവിധ പദ്ധതികൾ ഉൾക്കൊള്ളിച്ച സ്കിറ്റ് എന്നിവ അരങ്ങേറും.
ഉച്ചയ്ക്ക് ഒന്നിന് എക്സൈസ് വകുപ്പ് സംഘടിപ്പിക്കുന്ന ജീവിതമാണ് ലഹരി സെമിനാർ നടക്കും. രാത്രി 7ന് കനൽ കലാസംഘം അവതരിപ്പിക്കുന്ന നാടൻപാട്ടുകൾ- ‘നാടൻ വൈബ്സ്’ അരങ്ങേറും.