
ദില്ലി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങള്‍ക്കിടെ ഒരു മെസേജ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലായിരുന്നു. ഡ്രോണുകൾ ഉപയോഗിച്ച് ഉയർന്ന ജനസാന്ദ്രതയുള്ള പ്രദേശങ്ങൾ കണ്ടെത്താൻ മൊബൈല്‍ ഫോണ്‍ ലൊക്കേഷനെ ആശ്രയിക്കുന്നുണ്ടെന്നായിരുന്നു സന്ദേശത്തിൽ അവകാശപ്പെട്ടിരുന്നത്. ആളുകൾ അവരുടെ ഫോണുകളിലെ ലൊക്കേഷൻ സേവനങ്ങൾ ഓഫാക്കണമെന്ന് ഈ മുന്നറിയിപ്പ് സന്ദേശത്തില്‍ പറയുന്നു. എന്നാൽ ഈ സന്ദേശം വ്യാജമാണെന്ന് കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചു.
പ്രചരിക്കുന്ന വ്യാജ സന്ദേശം ഇപ്രകാരമാണ്: “എല്ലാവർക്കും നമസ്കാരം. ഒരു പ്രധാന നിര്‍ദേശം അടങ്ങിയ ഔദ്യോഗിക ഇമെയിൽ ഞങ്ങൾക്ക് ലഭിച്ചു. ദയവായി നിങ്ങളുടെ ഫോണിലെ ലൊക്കേഷൻ സേവനങ്ങൾ ഉടൻ ഓഫ് ചെയ്യുക. ഉയർന്ന ജനസംഖ്യയുള്ള പ്രദേശങ്ങൾ കണ്ടെത്താൻ ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ടെന്ന് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.”
അതിർത്തിയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് പലരും ഈ സന്ദേശം സത്യമാണെന്ന് വിശ്വസിച്ചു. എന്നാൽ ഇത്തരം കിംവദന്തികളിൽ വീഴരുതെന്ന് സർക്കാർ പൗരന്മാരോട് അഭ്യർഥിച്ചു. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം ഈ വ്യാജ പ്രചാരണം പൊളിച്ചടുക്കി. വൈറല്‍ മെസേജിലെ ഈ അവകാശവാദം വ്യാജമാണെന്നും ഇന്ത്യൻ സർക്കാർ അത്തരം ഒരു മുന്നറിയിപ്പും നൽകിയിട്ടില്ല എന്നും പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB) അറിയിച്ചു.
പാകിസ്ഥാനുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങളുടെ വർധനവിനെക്കുറിച്ച് കേന്ദ്ര സർക്കാർ നേരത്തെയും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. പാകിസ്ഥാൻ സ്പോൺസർ ചെയ്ത പ്രചാരണത്തിന്റെ ഭാഗമായി തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾ വരും ദിവസങ്ങളിൽ പ്ലാറ്റ്ഫോമുകളിൽ നിറഞ്ഞുനിൽക്കുമെന്നായിരുന്നു കേന്ദ്ര സർക്കാർ മുന്നറിയിപ്പ്. സംശയാസ്പദമായ ഉള്ളടക്കങ്ങള്‍, പ്രത്യേകിച്ച് ഇന്ത്യൻ സായുധ സേനയെക്കുറിച്ചോ നിലവിലുള്ള സാഹചര്യവുമായി ബന്ധപ്പെട്ട ഏതെങ്കിലും വിവരങ്ങളെക്കുറിച്ചോ നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍, അത് #PIBFactCheck-ൽ റിപ്പോർട്ട് ചെയ്യണമെന്നും സർക്കാർ അഭ്യർഥിച്ചിരുന്നു.
സംശയാസ്പദമായ എന്തെങ്കിലും ഉള്ളടക്കം ശ്രദ്ധയിൽപ്പെട്ടാൽ, +91 8799711259 എന്ന നമ്പറിൽ വാട്സ്ആപ്പ് നമ്പര്‍ വഴിയോ, [email protected] എന്ന ഇമെയിൽ വിലാസത്തിലോ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് പൊതുജനങ്ങളോട് പിഐബി നിര്‍ദ്ദേശിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]