
ഭോപ്പാൽ: കേണൽ സോഫിയ ഖുറേഷിയെക്കുറിച്ച് അപകീർത്തികരവും സ്ത്രീവിരുദ്ധവുമായ പരാമര്‍ശങ്ങള്‍ നടത്തിയ ബിജെപി നേതാവും മധ്യപ്രദേശ് മന്ത്രിയുമായ കന്‍വാര്‍ വിജയ് ഷാക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഭാരതീയ ശിക്ഷാ നിയമത്തിലെ 152, 196(1)(ബി), 197(1)(സി) വകുപ്പുകള്‍ ചേര്‍ത്താണ് വിജയ് ഷാക്കെതിരെ എഫ്ഐആര്‍ ഇട്ടിരിക്കുന്നത്. വിജയ് ഷായ്ക്കെതിരെ വ്യാപക പ്രതിഷേധം രാജ്യത്ത് പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നടക്കം ഉയര്‍ന്നതോടെ സ്വമേധയാ കേസെടുത്ത മധ്യപ്രദേശ് ഹൈക്കോടതി, മന്ത്രിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ സംസ്ഥാന പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിരുന്നു. മന്ത്രിയുടെ പരാമര്‍ശങ്ങള്‍ നിന്ദ്യവും സമൂഹത്തിൽ വിള്ളലുണ്ടാക്കാൻ ശേഷിയുള്ളതുമാണെന്ന് മധ്യപ്രദേശ് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
മധ്യപ്രദേശിലെ ഗോത്രകാര്യ മന്ത്രിയായ വിജയ് ഷാ ചൊവ്വാഴ്ച മൗവിലെ ഒരു സാംസ്കാരിക പരിപാടിയിൽ സംസാരിക്കവേയാണ് കേണൽ സോഫിയ ഖുറേഷിയെക്കുറിച്ച് അപകീർത്തികരവും സ്ത്രീവിരുദ്ധവുമായ പരാമര്‍ശങ്ങള്‍ നടത്തിയത്. ‘പാക് ഭീകരവാദികൾ നമ്മുടെ സഹോദരിമാരുടെയും പെൺമക്കളുടെയും സിന്ദൂരം മായ്ച്ചു. ഭീകരവാദികൾ ഹിന്ദുക്കളെ വിവസ്ത്രരാക്കി കൊലപ്പെടുത്തി. എന്നാല്‍ മോദിജി അവരുടെ തന്നെ സഹോദരിയെ അങ്ങോട്ടേക്കയച്ച് പ്രതികാരം ചെയ്യു, അങ്ങനെ പാകിസ്ഥാനെ പാഠം പഠിപ്പിച്ചു’- എന്നുമായിരുന്നു മന്ത്രിയുടെ പ്രസ്താവന. കേണല്‍ സോഫിയ ഖുറേഷിയെ ഭീകരവാദികളുടെ സഹോദരിയെന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള മന്ത്രിയുടെ ഈ പ്രസ്താവന വലിയ വിവാദമായിരുന്നു.
FIR registered against Madhya Pradesh Minister Kunwar Vijay Shah under sections 152, 196(1)(b), and 197(1)(c) of the BNS.
The FIR has been registered on the directions of the Madhya Pradesh High Court over Kunwar Vijay Shah’s objectionable remarks against Colonel Sofiya…— ANI (@ANI)
കേന്ദ്ര വനിതാ ശിശു വികസന സഹമന്ത്രി സാവിത്രി താക്കൂർ, എംഎൽഎയും മുൻ കാബിനറ്റ് മന്ത്രിയുമായ ഉഷ താക്കൂർ, ബിജെപിയുടെ നിരവധി പ്രാദേശിക നേതാക്കൾ എന്നിവരടക്കം സദസിൽ ഇരിക്കുമ്പോഴായിരുന്നു കേണല്‍ സോഫിയ ഖുറേഷിക്കെതിരെ കന്‍വാര്‍ വിജയ് ഷായുടെ വിവാദ പരാമർശങ്ങള്‍. സൈനിക മേധാവികളും പ്രതിപക്ഷ പാർട്ടികളും ഷായുടെ പരാമര്‍ശത്തെ ശക്തമായി അപലപിച്ചിരുന്നു. കന്‍വാര്‍ വിജയ് ഷായെ മധ്യപ്രദേശ് മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, താൻ പറഞ്ഞതിനെ വളച്ചൊടിച്ചുവെന്നായിരുന്നു വിജയ് ഷായുടെ ആദ്യ പ്രതികരണം. വിവാദം ആളിക്കത്തിയതോടെ പിന്നീട് അദേഹം മാപ്പ് പറയുകയും ചെയ്തു. ‘കേണൽ സോഫിയ ഖുറേഷി എന്റെ സഹോദരിയേക്കാൾ എനിക്ക് പ്രധാനപ്പെട്ടവളാണ്, കാരണം അവർ ജാതിക്കും സമുദായത്തിനും അതീതമായി പ്രതികാരം ചെയ്തു. ആരെയും വേദനിപ്പിക്കാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല. എന്നിട്ടും ആർക്കെങ്കിലും എന്റെ പരാമര്‍ശങ്ങളില്‍ വിഷമം തോന്നിയെങ്കിൽ, ഞാൻ ഒരിക്കലല്ല പത്ത് തവണ മാപ്പ് പറയുന്നുവെന്നായിരുന്നു’- വിജയ് ഷായുടെ വാക്കുകള്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]