
ജനങ്ങളിൽ പ്രതീക്ഷയുണർത്തുന്നതു കൂടെയാകണം മാധ്യമപ്രവർത്തനം: മാസ്കോം ബിരുദ സമർപ്പണച്ചടങ്ങിൽ ശാരദ മുരളീധരൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം∙ ആളുകൾ വളരെപ്പെട്ടെന്ന് അപ്രസക്തരാകുകയാണെന്ന് മുൻ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. വളരെപ്പെട്ടെന്നുപോകുന്ന സമയത്തിന് അനുസരിച്ച് ആളുകൾ മാറിക്കൊണ്ടിരിക്കുകയാണെന്നും മനോരമ സ്കൂൾ ഓഫ് കമ്യൂണിക്കേഷന്റെ (മാസ്കോം) 23–ാം ബാച്ചിന്റെ ബിരുദ സമർപ്പണച്ചടങ്ങിൽ അവർ പറഞ്ഞു. ‘‘സത്യം ഒരിക്കലും ഇല്ലാതാക്കാനാകില്ല. സത്യം ബുദ്ധിമുട്ടേറിയതാണ്. സത്യമെന്നത് ഒരിക്കലും നമ്മളോ അധികാരത്തിൽ ഇരിക്കുന്നവരോ കേൾക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങളുമായിരിക്കില്ല. പ്രലോഭനങ്ങൾ ഉണ്ടായാലും സത്യാന്വേഷണത്തിൽ മുന്നോട്ടുപോകണം. സമയമെടുത്താണെങ്കിലും സത്യം പുറത്തു വരും.
പാർശ്വവൽക്കരിക്കപ്പെട്ടവരുടെ പ്രശ്നങ്ങൾ കൂടുതൽ ആഴത്തിലാണ്. അംബേദ്കറെ മനസ്സിലാക്കാൻ ആരും ശ്രമിച്ചിരുന്നില്ല. എന്നാൽ നമ്മുടെതന്നെ ചരിത്രധാരണകൾ തിരുത്തി എഴുതപ്പെടുകയാണ്. അതുകൊണ്ടുതന്നെ സത്യം പുറത്തുവരാൻ ഇനിയും സമയമെടുക്കും. നിങ്ങളുടെ നിലനിൽപ്പിനെ നീതീകരിക്കണം, നിങ്ങളുടെ പേനയിലാണ് കാര്യങ്ങളിരിക്കുന്നത്. അരികുവൽക്കരിക്കപ്പെടാതിരിക്കുക. ഇന്നത്തെ കുട്ടികളുടെ ഭാഷ പഠിക്കണം. പഠനമെന്നത് ജീവിതത്തിൽ ഉടനീളം തുടരണം. സന്തോഷമായി ഇരിക്കണം. നല്ലൊരു മനുഷ്യായി ഇരിക്കാൻ ശ്രമിക്കണം. ലോകത്തെ മോശം കാര്യങ്ങളിൽ അമൂല്യമായവ കണ്ടെത്തണം. ജനങ്ങളിൽ പ്രതീക്ഷയുണർത്തുന്നതു കൂടെയാകണം മാധ്യമപ്രവർത്തനം.’’ – അവർ പറഞ്ഞു.
പ്രതിസന്ധിഘട്ടങ്ങളെ നേരിടാൻ പഠിക്കണം. ഒരിക്കലും തളർന്നു പോകരുത്. സമയം മാറിവരും. ഔദ്യോഗിക ജീവിതത്തിലെ ചില നിർണായകഘട്ടത്തിൽ സ്വയം വിരമിക്കലിനെക്കുറിച്ചുപോലും ചിന്തിച്ചിരുന്നെന്നും ശാരദ മുരളീധരൻ പറഞ്ഞു.
പഠനത്തിൽ മികവു തെളിയിച്ച വിദ്യാർഥികൾക്കു പുരസ്കാരങ്ങളും സമ്മാനിച്ചു. മാസ്കോം ഡയറക്ടർ എ. രവി ശങ്കർ സ്വാഗതം ആശംസിച്ചു. മാസ്കോം അസിസ്റ്റന്റ് ഡയറക്ടർ എസ്. രാധാകൃഷ്ണൻ നന്ദി അറിയിച്ചു. മാസ്കോം മാനേജിങ് ട്രസ്റ്റി ജയന്ത് മാമ്മൻ മാത്യു ശാരദാ മുരളീധരന് ഉപഹാരം നൽകി.