
തുന്നിക്കെട്ടി നിർത്താനാകുമോ മലയെ? ഭയം വേണം, ജാഗ്രതയും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാസർകോട്∙ ദേശീയപാത നിർമാണത്തിനായി ഇടിച്ച കുന്നുകൾ ബലപ്പെടുത്താൻ ഉപയോഗിക്കുന്ന സോയിൽ നെയ്ലിങ് രീതി ഫലപ്രദമല്ലെന്ന് നിർമാണ രംഗത്തെ വിദഗ്ധർ. പാറയും കല്ലും കുറവുള്ള കുന്നുകളാണ് കഴിഞ്ഞ ദിവസം അപകടമുണ്ടായ മട്ടലായി അടക്കമുള്ളവ. മഴ ശക്തമാകുന്ന സമയത്ത് മണ്ണൊലിപ്പും ഇടിച്ചിലും കൂടാനിടയുണ്ട്. കുന്നിനു മുകളിൽ നിന്നു ശക്തമായി ഇടിഞ്ഞു വരുന്ന മണ്ണിനെ തടഞ്ഞു നിർത്താൻ സോയിൽ നെയ്ലിങ് സംവിധാനം വഴി സാധിക്കില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ശാശ്വതമായ ഒരു പരിഹാരമാർഗമായി സോയിൽ നെയ്ലിങ്ങിനെ ഉപയോഗിക്കാൻ കഴിയില്ല. ഈ സംവിധാനം നടപ്പാക്കിയ പലയിടങ്ങളിലും മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. മണ്ണു പരിശോധിച്ച് അനുയോജ്യമായ പരിഹാരമാർഗം കണ്ടെത്തി നടപ്പാക്കിയാലേ ദേശീയപാതയുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ കഴിയൂ.
ചരിവ് നോക്കി ബലപ്പെടുത്തണം
നിലവിൽ നടപ്പാക്കുന്ന പരിഹാരമാർഗങ്ങൾ ഫലപ്രദമല്ലെന്നു ദുരന്തനിവാരണ അതോറിറ്റിയുടെ പഠനത്തിലും കണ്ടെത്തിയിരുന്നു. ഓരോ സ്ഥലത്തെയും മണ്ണിന്റെ സ്വഭാവത്തെയും ചെരിവിനെയും അടിസ്ഥാനമാക്കി ഉപരിതലം ശക്തമാക്കണമെന്നാണ് സംഘം നിർദേശിച്ചത്. ചെരിവ് സംബന്ധിച്ച് ഓരോ സ്ഥലത്തുമെടുക്കുന്ന പരിഹാര നടപടികൾ വിശദമായ പഠനത്തിന് ശേഷമേ നടപ്പാക്കാവൂ എന്നും അതിൽ ബിഐഎസ് ഗുണമേന്മ ഉറപ്പാക്കണമെന്ന നിർദേശവും റിപ്പോർട്ടിലുണ്ട്. ഇതൊന്നും കണക്കിലെടുക്കാതെയാണ് നിലവിലെ നിർമാണം.
വേണ്ടത് ഹെവി റീട്ടെയ്നിങ് മതിൽ
മണ്ണിന്റെ അയഞ്ഞ ഘടന കണക്കിലെടുത്താൽ ജില്ലയിൽ കുന്നിൻചെരിവുകളിൽ വേണ്ടത് കോൺക്രീറ്റ് ഉപയോഗിച്ചുള്ള ഹെവി റീട്ടെയ്നിങ് മതിലാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മണ്ണുപരിശോധന നടത്തി വേണം ഇതിന്റെ വീതി നിശ്ചയിക്കാൻ. ഇതു താരതമ്യേന ചെലവു കൂടിയ രീതിയാണ്. സോയിൽ നെയിലിങ് ഉപയോഗിച്ച തെക്കിൽ, ചട്ടഞ്ചാൽ ഭാഗങ്ങളിൽ ഇപ്പോഴും മണ്ണിടിച്ചിൽ സാധ്യതയുണ്ടെന്നാണ് നിഗമനം. ഹെവി റീട്ടെയ്നിങ് മതിൽ തന്നെയാണ് ഈ ഭാഗത്തും വേണ്ടത്. ശാസ്ത്രീയമായി നിർമിക്കുന്ന മതിൽ ഉണ്ടെങ്കിൽ മണ്ണിടിഞ്ഞാൽ പോലും റോഡിലേക്ക് എത്തില്ലെന്നും നിർമാണരംഗത്തെ വിദഗ്ധർ പറയുന്നു.
മണ്ണിടിഞ്ഞുവീണ് മരിച്ചയാളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് തൊഴിലാളികൾ
ചെറുവത്തൂർ∙ മട്ടലായിയിൽ ദേശീയപാതയുടെ നിർമാണവുമായി ബന്ധപ്പെട്ട ജോലിക്കിടെ മണ്ണിടിഞ്ഞ് വീണ് മരിച്ച കൊൽക്കത്ത മെത്തുന ഗ്രാമത്തിലെ മുൻതാജ് മിറിന്റെ (18) കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് മറ്റു തൊഴിലാളികൾ രംഗത്ത്. ഇന്നലെ രാവിലെ 10 മണിയോടെയാണ് പണി നിർത്തിവച്ച് അമ്പതോളം വരുന്ന തൊഴിലാളികൾ കഴിഞ്ഞദിവസം അപകടം നടന്ന സ്ഥലത്ത് ഒത്തുകൂടിയത്. കാര്യങ്കോട് പാലത്തിനും ആണൂരിനും ഇടയിൽ ജോലി ചെയ്യുന്നവരായിരുന്നു ഇവർ.
ഇതിന് മുൻപ് മട്ടലായിൽ പണിയെടുക്കുമ്പോൾ അപകടത്തിൽപെട്ട് പരുക്കേറ്റ 2 തൊഴിലാളികളെ നാട്ടിലേക്ക് തിരിച്ചയച്ചെങ്കിലും നഷ്ടപരിഹാരമൊന്നും നിർമാണക്കകമ്പനി നൽകിയില്ലെന്ന് ഇവിടെ കൂടിയ തൊഴിലാളികൾ ആരോപിച്ചു. ദേശീയപാതയുടെ നിർമാണം നടക്കുന്ന സൈറ്റുകളിൽ ജോലിക്കാർക്ക് വേണ്ടത്ര സുരക്ഷിതത്വം ഇല്ലെന്നും തൊഴിലാളികൾ പറഞ്ഞു. മരിച്ച മുൻതാജ് മിറിന്റെ കുടുംബത്തിന് ഉചിതമായ നഷ്ടപരിഹാര തുക ലഭിക്കുന്നതുവരെ പണി നിർത്തിവച്ച് പ്രതിഷേധിക്കുമെന്നാണ് തൊഴിലാളികൾ പറയുന്നത്. ഇതിനിടയിൽ മേഘ കൺസ്ട്രക്ഷൻ കമ്പനിയുടെ ആൾക്കാർ സ്ഥലത്തെത്തി തൊഴിലാളികളെ ഇവിടെ നിന്ന് അനുനയിപ്പിച്ച് കൊണ്ടു പോയി.
മുൻതാജ് മിറിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി
ചെറുവത്തൂർ∙ മുൻതാജ് മിറിന്റെ മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് പോസ്റ്റ്മോർട്ടം കഴിഞ്ഞ് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ സഹോദരൻ മാസിബുർ മിർ ഏറ്റുവാങ്ങി. തുടർന്ന് പയ്യന്നൂർ പ്രിയദർശിനി ആശുപത്രിയിൽ സൂക്ഷിച്ചു. വൈകിട്ട് 5ന് മൃതദേഹം ഇവിടെ നിന്ന് ആംബുലൻസിൽ ബെംഗളൂരുവിലെ വിമാനത്താവളത്തിലേക്ക് കൊണ്ടു പോയി. ഇന്ന് പുലർച്ചെ 5നുള്ള വിമാനത്തിൽ കൊൽക്കത്തയിലേക്ക് കൊണ്ടു പോയി അവിടെ നിന്ന് മെത്തുന ഗ്രാമത്തിലെ വീട്ടിലെത്തിച്ച് സംസ്കരിക്കും.