
വായ്പ മുടങ്ങി; വീടു പൂട്ടി സ്വകാര്യ പണമിടപാട് സ്ഥാപനം: രോഗിയായ വീട്ടമ്മയ്ക്കും കുടുംബത്തിനും അഭയം പെരുന്നാൾ സ്ഥലം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നിരണം ∙ വായ്പ കുടിശികയായതോടെ സ്വകാര്യ പണമിടപാട് സ്ഥാപനം വീടു പൂട്ടി. ഉടുതുണിയല്ലാതെ മറ്റൊന്നുമില്ലാതെ രോഗിയായ വീട്ടമ്മയുൾപ്പെടെ മൂന്നംഗ കുടുംബം ഒരാഴ്ചയായി കഴിയുന്നത് എടത്വ പള്ളിയിലെ പെരുന്നാൾ സ്ഥലത്ത്.നിരണം വാഴനിലത്തുപറമ്പിൽ കെ.ജി.മനോജും കുടുംബവുമാണു ദുരിതത്തിലായത്. കെട്ടിടനിർമാണ തൊഴിലാളിയാണു മനോജ്. 8 സെന്റ് സ്ഥലമാണ് ഇവർക്കുള്ളത്. 2016ൽ പഞ്ചായത്തിൽനിന്നു വീടു നിർമിക്കുന്നതിന് 2 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഭിത്തി കെട്ടികഴിഞ്ഞപ്പോഴേക്കും പണം തീർന്നു. തുടർന്ന്, തിരുവല്ലയിലെ സ്വകാര്യ പണമിടപാടു സ്ഥാപനത്തിൽനിന്നു 2 ലക്ഷം രൂപ വായ്പയെടുത്ത് വീടു പൂർത്തിയാക്കി. എന്നാൽ, കോവിഡ് വന്നതോടെ ജോലിയില്ലാതെ തിരിച്ചടവ് മുടങ്ങി.
മനോജിന്റെ ഭാര്യ വി.സി.രേഖയുടെ പേരിലാണ് വായ്പ. മകൻ പ്ലസ് വൺ വിദ്യാർഥിയാണ്. കഴിഞ്ഞ മാസം സ്ഥാപന അധികൃതർ വീട്ടിലെത്തി 4 ലക്ഷം രൂപ കുടിശികയുണ്ടെന്നും 3.75 ലക്ഷം അടച്ചാൽ വായ്പ തീർക്കാമെന്നും അറിയിച്ചു. തുടർന്ന് 3 ലക്ഷം രൂപയുമായി സ്ഥാപനത്തിലെത്തിയപ്പോൾ മാനേജർ 4 ലക്ഷം രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടതായി മനോജ് പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ച, രേഖയും മകനും ആശുപത്രിയിലും മനോജ് ജോലിസ്ഥലത്തും ആയിരുന്ന സമയത്ത് സ്ഥാപന അധികൃതർ പൂട്ടിക്കിടന്ന വീട്ടിലെത്തി. അടുക്കളവശത്തെ കതക് തകർത്ത് അകത്തുകയറി വാതിലുകൾ പൂട്ടി. ഈ സമയം അയൽവാസികൾ വസ്ത്രം എടുക്കാൻ ശ്രമിച്ചെങ്കിലും അനുവദിച്ചില്ല. വീട്ടിലെത്തിയ മനോജിനെയും കുടുംബത്തെയും അകത്തേക്ക് കടത്തിയില്ല.സാമ്പത്തിക പ്രയാസമുള്ളതിനാൽ താമസിക്കാൻ മറ്റു വീടൊന്നും കിട്ടാതെ വന്നു. ഇതോടെയാണ് കുടുംബം പള്ളിയിലെ പെരുന്നാൾ സ്ഥലത്തു അഭയം തേടിയത്.