
നോക്കുമെന്ന ഉറപ്പിൽ സഹോദരിക്ക് സ്വത്തെഴുതി നൽകി; രണ്ടാം മാസം അനന്തരവന്റെ അരുംകൊല: ആ 15 ലക്ഷം ഇനി കേഡലിന്റെ അമ്മാവന്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ പ്രതിയായ കേഡല്‍ ജീന്‍സണ്‍ രാജ, പിഴത്തുകയായി 15 ലക്ഷം രൂപ അമ്മയുടെ സഹോദരനായ ജോസ് സുന്ദരത്തിനു നല്‍കണമെന്നാണ് കോടതി വിധിച്ചിരിക്കുന്നത്. കേഡല്‍ അമ്മയായ ഡോ.ജീന്‍ പത്മ, പിതാവ് പ്രഫ.രാജ് തങ്കം, സഹോദരി കാരലിന് എന്നിവരെ ക്രൂരമായി കൊലപ്പെടുത്തിയപ്പോള്‍ ജീന്‍ പത്മയുടെ സഹോദരനായ ജോസിന്റെ ജീവിതമാണ് ഇരുട്ടിലായത്. ജീവിത സായാഹ്നത്തില്‍ സഹോദരി തുണയാകുമെന്ന ജോസിന്റെ പ്രതീക്ഷകള്‍ക്കൊപ്പം നഗരത്തിന്റെ കണ്ണായ സ്ഥലത്ത് സ്വന്തമായുണ്ടായിരുന്ന കോടികള്‍ വിലവരുന്ന വീടും സ്ഥലവും നഷ്ടമാകുന്ന നിലയും ഉണ്ടായി.
തന്റെ ചെലവുകള്‍ക്കായി പ്രതിമാസം 50,000 രൂപ നല്‍കണമെന്ന വ്യവസ്ഥയില്‍ ജോസ് നാലു സെന്റ് സ്ഥലവും വീടും സഹോദരി ഡോ.ജീന്‍ പത്മയുടെ പേരില്‍ എഴുതി നല്‍കിയിരുന്നു. കേഡലിന്റെ വീടിനു തൊട്ടടുത്താണ് ഈ പുരയിടം ഉണ്ടായിരുന്നത്. കരാര്‍ പ്രകാരം ആദ്യ മാസം 50,000 രൂപ ജോസിനു നല്‍കിയിരുന്നു. എന്നാല്‍ തൊട്ടടുത്ത മാസമാണ് കേഡല്‍ അമ്മയെ കൊന്നത്. വീല്‍ചെയറില്‍ കഴിഞ്ഞിരുന്ന ജോസിന് ഇതോടെ വരുമാനം നിലച്ചു. ഭൂമിയുടെ അവകാശിയായി മാറിയ കേഡലിനോടു വീടും വസ്തുവും തിരിച്ചു നല്‍കണമെന്ന് ജോസ് പല തവണ ആവശ്യപ്പെട്ടെങ്കിലും കേഡല്‍ വഴങ്ങിയില്ല. ഇപ്പോള്‍ സുഹൃത്തുക്കളുടെയും മറ്റും സഹായത്തോടെയാണ് ജോസിന്റെ ജീവിതം മുന്നോട്ടുപോകുന്നത്. വസ്തുവുമായി ബന്ധപ്പെട്ട സിവില്‍ കേസും നിലനില്‍ക്കുന്നുണ്ട്.
ക്ലിഫ് ഹൗസും മന്ത്രി വസതികളും ഉള്‍പ്പെടുന്ന അതീവ സുരക്ഷാ മേഖലയിലുള്ള നന്തന്‍കോട് ബെയിന്‍സ് കോംപൗണ്ടിലെ 117ാം നമ്പര്‍ ഇരുനില വീട്ടിലാണ് മാതാപിതാക്കളെയും സഹോദരിയെയുമടക്കം 4 പേരെ കേഡല്‍ അരുംകൊല ചെയ്തത്. എട്ടു വര്‍ഷമായി കൊടുംക്രൂരതയുടെ സാക്ഷിയായ വീട് ഇപ്പോള്‍ കാടുകയറിയ നിലയിലാണ്. കൃത്യം നടന്നതു മുതല്‍ അയല്‍വാസികള്‍ക്ക് ഇവിടമൊരു പേടി സ്വപ്നമാണ്. വീടന്വേഷിച്ചെത്തുന്നവരോട് ഒഴിഞ്ഞു മാറുകയാണു രീതി. ഉയര്‍ന്ന ജോലിയില്‍നിന്നു വിരമിച്ചശേഷം വിശ്രമജീവിതം നയിച്ചിരുന്ന ഇവരുടെ കൊലപാതകം ഞെട്ടലോടെയാണ് അന്നു പരിസരവാസികള്‍ കേട്ടത്. വീടിന്റെ മുകള്‍നിലയിലെ മുറിയില്‍ വച്ചാണ് കേഡല്‍ കൊലപാതകങ്ങള്‍ നടത്തിയതും മൃതദേഹം കത്തിച്ചതും. തീ പടര്‍ന്നതിന്റെ കറുത്ത പാടുകള്‍ മുകളിലത്തെ നിലയില്‍ ഇപ്പോഴുമുണ്ട്.