
കാലിഫോര്‍ണിയ: വരാനിരിക്കുന്ന ഐഫോൺ 17 സീരീസിൽ വില വർധിപ്പിക്കാൻ ആപ്പിൾ ഒരുങ്ങുന്നതായി റിപ്പോർട്ട്. ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക ഏർപ്പെടുത്തിയ തീരുവ ആപ്പിൾ കമ്പനിയെ നേരിട്ട് ബാധിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഈ നഷ്ടം ഐഫോണുകളുടെ വിലയിൽ നിന്ന് നികത്താനാണ് കമ്പനിയുടെ നീക്കം എന്നാണ് റിപ്പോർട്ടുകൾ. സാമ്പത്തിക വർഷത്തിന്റെ ഈ പാദത്തിൽ തന്നെ ആപ്പിൾ ഏകദേശം 900 മില്യൺ ഡോളറിന്റെ അധിക ചെലവുകൾ നേരിടുന്നുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. 20 ശതമാനം സ്മാർട്ട്ഫോൺ ഇറക്കുമതി താരിഫ് ആണ് ഇതിന് പ്രധാന കാരണം.
ദി വാൾ സ്ട്രീറ്റ് ജേണലിനെ ഉദ്ദരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ആപ്പിൾ ഇതുവരെ ഔദ്യോഗികമായി വില വർധനവ് സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ വിലക്കയറ്റത്തെ ന്യായീകരിക്കുന്നതിനായി ഐഫോൺ 17 സീരീസിൽ കമ്പനി പുതിയതും നേർത്തതുമായ ഒരു മോഡൽ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. വില വർധനവിനുള്ള കാരണം ഡൊണാൾഡ് ട്രംപിന്റെ പുതിയ താരിഫ് നയമാണ് എന്നത് നേരിട്ട് ചൂണ്ടിക്കാണിക്കാൻ കമ്പനി ആഗ്രഹിക്കുന്നില്ല എന്നാണ് റിപ്പോർട്ടുകൾ. രാഷ്ട്രീയ വിവാദങ്ങൾ ഒഴിവാക്കാനാണ് കമ്പനിയുടെ ഈ ഒളിച്ചുകളി എന്നാണ് റിപ്പോർട്ടുകൾ. ഡിസൈൻ നവീകരണങ്ങളിലൂടെയും പുതിയ ഫീച്ചറുകളിലൂടെയും ഈ വർധനവിനെ ന്യായീകരിക്കാൻ ആപ്പിൾ സൂക്ഷ്മമായി പദ്ധതിയിടുന്നതായും അതുകൊണ്ടുതന്നെ വ്യാപാര താരിഫുകളെക്കുറിച്ചുള്ള നേരിട്ടുള്ള പരാമർശങ്ങൾ ശ്രദ്ധാപൂർവ്വം ഒഴിവാക്കുന്നുവെന്നും വിവിധ റിപ്പോർട്ടുകൾ പറയുന്നു.
അതേസമയം സ്മാർട്ട്ഫോൺ നിർമ്മാണത്തിൽ ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ആപ്പിൾ കുറച്ചുകാലമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കമ്പനിയുടെ ആഗോള കയറ്റുമതിയുടെ 13 മുതൽ 14 ശതമാനം വരെ ഇപ്പോൾ ഇന്ത്യയില്‍ നിന്നാണ് നടക്കുന്നത്. എന്നാൽ ഐഫോൺ പ്രോ, പ്രോ മാക്സ് പോലുള്ള ഉയർന്ന നിലവാരമുള്ള മോഡലുകൾ ഇപ്പോഴും ചൈനയിലാണ് കൂടുതലായും നിർമ്മിക്കുന്നത്. അമേരിക്കയിലും ഉൽപ്പാദനം ആരംഭിക്കാൻ കമ്പനി ആലോചിക്കുന്നതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. പക്ഷേ അതിന് വർഷങ്ങൾ എടുക്കാനാണ് സാധ്യത. ചൈനയ്ക്ക് പുറത്ത് പ്രീമിയം ഐഫോണുകളുടെ വൻതോതിലുള്ള ഉത്പാദനം നിലവിൽ ഒരു വലിയ വെല്ലുവിളിയാണെന്നും വിദഗ്ധർ വിശ്വസിക്കുന്നു.
ഇന്ത്യ പോലുള്ള ഒരു വിപണിയിൽ, ആപ്പിളിന്റെ സാന്നിധ്യം ക്രമേണ വർധിച്ചുകൊണ്ടിരിക്കുമ്പോൾ, വില വർധനവ് ഐഫോണിന്റെ ആവശ്യകതയെ എത്രത്തോളം ബാധിക്കും എന്നതും ശ്രദ്ധേയമായിരിക്കും. 2025 അവസാന പാദത്തോടെ ഐഫോൺ 17 സീരീസ് പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. വിലയിൽ വർധനവ് ഉണ്ടായാൽ പ്രോ, പ്രോ മാക്സ് മോഡലുകളെയായിരിക്കും ഏറ്റവും കൂടുതൽ ബാധിക്കുക.
ഐഫോണുകളുടെ ഉൽപ്പാദനം ഇന്ത്യയിലേക്ക് മാറ്റിക്കൊണ്ട് ഉൽപ്പാദനം വൈവിധ്യവൽക്കരിക്കുകയും ചെയ്യാനാണ് ആപ്പിളിന് ആലോചനയുണ്ട്. ആഗോള കയറ്റുമതിയുടെ 13 മുതൽ 14 ശതമാനം വരെ വരുന്ന ഐഫോൺ നിർമ്മാണത്തിൽ ഇന്ത്യയുടെ പങ്ക് വർധിച്ചുകൊണ്ടിരിക്കുകയാണെങ്കിലും, ചൈനീസ് ഫാക്ടറികൾ ഉയർന്ന നിലവാരമുള്ള പ്രോ, പ്രോ മാക്സ് മോഡലുകളുടെ ഉത്പാദനം തുടർന്നും കൈകാര്യം ചെയ്യും എന്നും റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ വർഷം അമേരിക്കയിൽ വിറ്റഴിച്ച 65 ദശലക്ഷം ഐഫോണുകളിൽ ഏകദേശം 36 മുതൽ 39 ദശലക്ഷം വരെ ഈ പ്രീമിയം മോഡലുകൾ ആയിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]