
കൊഴുപ്പുമാറ്റൽ: നീതുവിനുണ്ടായത് അത്യപൂർവ ‘മെഡിക്കൽ സങ്കീർണത’; ചികിത്സയിലെ അപാകത ബോധ്യപ്പെട്ടില്ല
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ കൊഴുപ്പുനീക്കൽ ശസ്ത്രക്രിയയ്ക്കിടെ നീതുവിന് സംഭവിച്ചത് അത്യപൂർവമായി ഉണ്ടാകുന്ന ‘മെഡിക്കൽ സങ്കീർണത’യെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). ശസ്ത്രക്രിയയിൽ പിഴവ് ഉള്ളതായി പ്രഥമദൃഷ്ട്യാ കാണുന്നില്ലെന്നു ഐഎംഎ തിരുവനന്തപുരം ബ്രാഞ്ച് പ്രസിഡന്റ് ഡോ. ആർ.ശ്രീജിത്ത്, സെക്രട്ടറി ഡോ. സ്വപ്ന എസ്.കുമാർ എന്നിവർ അറിയിച്ചു.
കോസ്മറ്റിക് ക്ലിനിക്കിലെ ചികിത്സയിൽ അപാകതയുള്ളതായി അന്വേഷണത്തിൽ ബോധ്യപ്പെട്ടില്ല. രോഗിക്കു നൽകേണ്ട എല്ലാ ചികിത്സയും ഇവിടെ നൽകുകയും ഗുരുതരമായപ്പോൾ കൂടുതൽ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ക്ലിനിക്കിനെതിരെയുള്ള പ്രചാരണങ്ങൾ ചെറിയ ചെലവിൽ ചികിത്സ നടത്തുന്ന ആശുപത്രികളെയും ശസ്ത്രക്രിയകളെയും ബാധിക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടി. ഇത്തരം ക്ലിനിക്കുകളുടെ റജിസ്ട്രേഷൻ സാങ്കേതികം മാത്രമാണെന്നും മികവിന്റെ മാനദണ്ഡമല്ലെന്നും ഡോ. ആർ.ശ്രീജിത്ത് പറഞ്ഞു.
സമിതി റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ഓഫിസിനു കൈമാറി
തിരുവനന്തപുരം∙ കൊഴുപ്പു നീക്കുന്നതിനായി നീതുവിന് നടത്തിയ ശസ്ത്രക്രിയയെപ്പറ്റി അന്വേഷണം നടത്തിയ വിദഗ്ധ സമിതിയുടെ (മെഡിക്കൽ ബോർഡ്) റിപ്പോർട്ട് ജില്ലാ മെഡിക്കൽ ഓഫിസർ ബിന്ദു മോഹൻ കഴക്കൂട്ടം പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ ജെ.കെ. ദിനിലിനു കൈമാറി. ഡിഎംഒയുടെ അന്വേഷണ റിപ്പോർട്ട്, വിദഗ്ധ സമിതിയുടെ റിപ്പോർട്ട് എന്നിവ മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും ഓഫിസുകളിലേക്കും അയച്ചു.
പരാതിയിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫിസ് നൽകിയ കത്ത് നിലനിൽക്കുമ്പോൾ തന്നെ ക്ലിനിക്കിന് റജിസ്ട്രേഷൻ അനുവദിച്ചതിൽ ഉദ്യോഗസ്ഥർക്ക് എതിരെ വകുപ്പുതല നടപടിയുണ്ടാകുമെന്നാണ് സൂചന. ക്ലിനിക് തുറക്കുന്നതിനും തനിക്കെതിരായ പൊലീസ് നടപടി തടയുന്നതിനുമായി കോസ്മറ്റിക് ക്ലിനിക്കിന്റെ മാനേജിങ് ഡയറക്ടർ ഹൈക്കോടതിയെ സമീപിച്ചു. റിപ്പോർട്ടിലെ ചില ഭാഗങ്ങളിൽ വ്യക്തത തേടി ജില്ലാ മെഡിക്കൽ ഓഫിസർക്ക് കത്തു നൽകുമെന്ന് പൊലീസ് അറിയിച്ചു.
റിപ്പോർട്ട് എത്തിക്സ് കമ്മിറ്റി തള്ളി
വിദഗ്ധസമിതി നൽകിയ റിപ്പോർട്ട് ജില്ലാ മെഡിക്കൽ ഓഫിസിന്റെ ഭാഗമായുള്ള എത്തിക്സ് കമ്മിറ്റി തള്ളി. ശസ്ത്രക്രിയയിൽ പിഴവ് ഇല്ലെന്ന് മെഡിക്കൽ ബോർഡിന്റെ വിലയിരുത്തലിൽ കമ്മിറ്റി സംശയം പ്രകടിപ്പിച്ചു. തുടർചികിത്സയ്ക്കു കാലതാമസമുണ്ടായെന്നു മാത്രമാണ് വിദഗ്ധസമിതിയുടെ റിപ്പോർട്ടിലുള്ളത്. ശസ്ത്രക്രിയയ്ക്ക് പിറ്റേന്ന് രക്തസമ്മർദത്തിൽ മാറ്റം കണ്ടപ്പോൾ ക്ലിനിക്കിൽ കിടത്തിയതല്ലാതെ മികച്ച സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റാൻ ഉടനെ തയാറായില്ല.ഡിഎംഒ, പബ്ലിക് പ്രോസിക്യൂട്ടർ, ഫൊറൻസിക് സർജൻ എന്നിവരടങ്ങിയ എത്തിക്സ് കമ്മിറ്റി വേണ്ടത്ര സൂക്ഷ്മപരിശോധന നടത്തി വീണ്ടും റിപ്പോർട്ട് നൽകാൻ വിദഗ്ധസമിതിയോട് ആവശ്യപ്പെടും. മെഡിക്കൽ ബോർഡ് സംഭവം അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു.
ക്ലിനിക്കിന്റെ സ്ഥിര റജിസ്ട്രേഷൻ സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം ∙ അടിവയറ്റിലെ കൊഴുപ്പു നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ വനിതാ സോഫ്റ്റ്വെയർ എൻജിനീയർ എം.എസ്. നീതുവിന്റെ 9 വിരലുകൾ മുറിച്ചു മാറ്റേണ്ടി വന്ന സംഭവത്തിൽ ശസ്ത്രക്രിയ നടത്തിയ കുളത്തൂർ തമ്പുരാൻ മുക്കിലെ ‘കോസ്മെറ്റിക്ക് ഹോസ്പിറ്റൽ’ എന്ന ക്ലിനിക്കിന്റെ സ്ഥിര റജിസ്ട്രേഷൻ സസ്പെൻഡ് ചെയ്തു. ജില്ലാ മെഡിക്കൽ ഓഫിസർ വൈസ് ചെയർപഴ്സനായ ജില്ലാ റജിസ്ട്രേഷൻ അതോറിറ്റി തിരക്കിട്ട് അനുവദിച്ച റജിസ്ട്രേഷൻ ആണ് കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ്സ് റദ്ദാക്കിയത്. ഇക്കഴിഞ്ഞ 10ന് ആയിരുന്നു നടപടി .
ഈ മാസം 5ന് തിരക്കിട്ട് അനുവദിച്ച റജിസ്ട്രേഷൻ 10ന് റദ്ദാക്കിയെന്ന് അധികൃതർ സ്ഥിരീകരിച്ചു. ഏപ്രിൽ 7ന് ആണ് ക്ലിനിക് റജിസ്ട്രേഷനായി അപേക്ഷ നൽകിയത്. ഡിഎംഒയുടെ ഉത്തരവിനെ തുടർന്ന് ഏപ്രിൽ 29, 30 തീയതികളിൽ ഉദ്യോഗസ്ഥ സംഘം ക്ലിനിക് സന്ദർശിച്ചു സ്ഥാപനം ‘യോഗ്യ’മെന്നു കണ്ടെത്തിയ ഇവർ 6 ദിവസത്തിനകം ഈ മാസം 5ന് റിപ്പോർട്ട് നൽകി. അന്നു തന്നെ നടപടി പൂർത്തിയാക്കി റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഓൺലൈനായി അനുവദിക്കുകയായിരുന്നു. ക്ലിനിക്കിന് എതിരായി നീതുവിന്റെ കുടുംബാംഗങ്ങൾ നൽകിയ പരാതി നിലനിൽക്കുമ്പോഴായിരുന്നു റജിസ്ട്രേഷൻ അനുവദിച്ചത്. ഫെബ്രുവരി 22ന് ശസ്ത്രക്രിയ നടക്കുമ്പോൾ ക്ലിനിക്കിന് റജിസ്ട്രേഷൻ ഉണ്ടായിരുന്നില്ല.
ചികിത്സപ്പിഴവ് സംഭവിച്ചെന്ന പരാതിയിൽ മാർച്ച് 21ന് പൊലീസ് കേസ് റജിസ്റ്റർ ചെയ്തു 16 ദിവസം കഴിഞ്ഞാണ് ക്ലിനിക്ക് അധികൃതർ റജിസ്ട്രേഷനായി അപേക്ഷ നൽകിയത്. ക്ലിനിക്കിന് എതിരായ പരാതിയിൽ വിശദീകരണവും റിപ്പോർട്ടും ആവശ്യപ്പെട്ട് കലക്ടറുടെ ഓഫിസിൽ നിന്ന് ഏപ്രിൽ 8നും മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസിൽ നിന്നു ഏപ്രിൽ 19നും ജില്ലാ മെഡിക്കൽ ഓഫിസിനു കത്ത് ലഭിച്ചിരുന്നു. ഇതു രണ്ടും ഡിഎംഒ അവഗണിച്ചു. ക്ലിനിക്കിന് എതിരായി പരാതി ലഭിച്ച സമയത്തു തന്നെ റജിസ്ട്രേഷൻ നടപടി വേഗത്തിലാക്കുകയും ചെയ്തു. നീതുവിന്റെ കുടുംബാംഗങ്ങളുടെ പരാതിയോടെ ശസ്ത്രക്രിയ നടത്തിയതായി തെളിഞ്ഞതിനെ തുടർന്നാണ് റജിസ്ട്രേഷൻ റദ്ദാക്കിയതെന്നാണ് അധികൃതരുടെ വിശദീകരണം.