
ശുദ്ധജലമെത്തിക്കുമെന്ന വാക്ക് പാലിച്ചില്ല; പഞ്ചായത്ത് ഓഫിസ് ഉപരോധിച്ച് പ്രതിഷേധം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കേണിച്ചിറ ∙ പൂതാടി പഞ്ചായത്ത് അധികൃതർ വാക്ക് പാലിക്കാത്തതിൽ പ്രതിഷേധിച്ച് ചെറുകുന്ന് 4 സെന്റ് ഊരുകാർ വീണ്ടും പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു. ഊരിൽ ശുദ്ധജലം എത്തിക്കുമെന്ന് കഴിഞ്ഞ 3 ന് പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശൻ നൽകിയ ഉറപ്പ് പാലിക്കാത്തതിലും പല തവണയായി പറഞ്ഞുപറ്റിച്ചതിലും പ്രതിഷേധിച്ചാണ് ഇന്നലെ എകെഎസ് പൂതാടി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ചു മണിക്കൂറിലേറെ നേരം പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചത്.പഞ്ചായത്ത് ഓഫിസിന്റെ പ്രധാന പ്രവേശന കവാടത്തിന് മുൻപിൽ സ്ത്രീകളും കുട്ടികളും അടങ്ങുന്ന അൻപതോളം പേർ ചേർന്ന് കപ്പ പുഴുങ്ങിയും മത്തി ചുട്ടു വിളമ്പിയും നടത്തിയ സമരത്തിന് ഐക്യദാർഢ്യം അർപ്പിച്ച് കർഷക സംഘം പ്രതിനിധികളും സിഐടിയു ഓട്ടോറിക്ഷ തൊഴിലാളി കേണിച്ചിറ യൂണിറ്റ് അംഗങ്ങളും എത്തി.
ഒഴിഞ്ഞ ബക്കറ്റും കലങ്ങളും പായും പച്ചക്കപ്പയും ഉണക്ക മത്തിയുമായി പഞ്ചായത്ത് ഓഫിസിൽ എത്തിയ സമരക്കാർ വീടുകളിൽ ശുദ്ധജലം ഉറപ്പുവരുത്തിയ ശേഷം മാത്രമേ സമരം അവസാനിപ്പിക്കൂ എന്ന മുദ്രാവാക്യം ഉയർത്തി. സ്ത്രീകളിൽ ചിലർ പഞ്ചായത്ത് ഓഫിസിന് മുൻപിൽ പായ് വിരിച്ച് കിടന്ന് ഉപരോധം ശക്തമാക്കിയത് ചെറിയ സംഘർഷത്തിനിടയാക്കി. തുടർന്ന് കേണിച്ചിറ പൊലീസും പഞ്ചായത്ത് സെക്രട്ടറിയും അടക്കമുള്ളവർ 4 സെന്റ് ഊര് സന്ദർശിച്ച് സ്ഥിതി വിലയിരുത്തി. തുടർന്ന് പഞ്ചായത്ത് സെക്രട്ടറി വി.ഡി. തോമസ്, പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ കെ.ജെ.സണ്ണി എന്നിവർ സിപിഎം പൂതാടി ലോക്കൽ സെക്രട്ടറി പി.കെ.മോഹനൻ, കർഷകസംഘം ജില്ലാ പ്രസിഡന്റ് എ.വി.ജയൻ, എകെഎസ് ജില്ലാ സെക്രട്ടറി എ.എം.പ്രസാദ് എന്നിവരുടെ സാന്നിധ്യത്തിൽ ഊര് നിവാസികളുമായി ചർച്ച നടത്തി.
ശാശ്വത പരിഹാരം ആകും വരെ ഊരിൽ ശുദ്ധജലം വാഹനത്തിൽ എത്തിക്കുമെന്നും എല്ലാ വീടുകളിലും എത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തുമെന്നും രേഖാമൂലം പഞ്ചായത്ത് സെക്രട്ടറി ഉറപ്പ് നൽകിയതോടെ വൈകിട്ട് 5ന് സമരം അവസാനിപ്പിച്ച് പ്രവർത്തകർ വീടുകളിലേക്ക് മടങ്ങി.പഞ്ചായത്തിലെ ചെറുകുന്ന് നാല് സെന്റ് ഊരിൽ കിണറും കുഴൽക്കിണറും ഉണ്ടെങ്കിലും വെള്ളം പമ്പു ചെയ്യുന്നതിന് വൈദ്യുതി കണക്ഷൻ നൽകി ആവശ്യമായ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് എട്ടാമത്തെ തവണയാണ് ഇന്നലെ ഊരുനിവാസികൾ സമരവുമായി എത്തിയത്. ഇന്നലെ നടന്ന സമരത്തിന് ഊരിലെ ജയ സുബ്രഹ്മണ്യം, ബിന്ദു രാജൻ, സന്ധ്യ സത്യൻ, കെ .ടി സത്യൻ എന്നിവർ നേതൃത്വം നൽകി.