
തീരദേശ റോഡ് വികസന ഫണ്ടിൽ വെട്ടിപ്പ്: കരാറുകാരന് ബില്ല് അനുവദിക്കരുതെന്ന നിർദേശം അവഗണിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പൊന്നാനി ∙ പകുതി പണി പോലും ചെയ്യാതെ തീരദേശ റോഡ് വികസന ഫണ്ടിൽ വെട്ടിപ്പ് നടത്തിയ സംഭവത്തിൽ ഹാർബർ ചീഫ് എൻജിനീയർക്കും കുരുക്ക് മുറുകുന്നു. ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ചീഫ് എൻജിനീയർക്ക് ലഭിച്ച പരാതി അവഗണിച്ചാണ് കരാറുകാരന് ചെയ്യാത്ത പണിക്കുള്ള ബില്ല് അനുവദിച്ചിരിക്കുന്നത്. റോഡ് നിർമാണത്തിൽ വൻ ക്രമക്കേടു നടന്നിട്ടുണ്ടെന്നും കരാറുകാരന് ബില്ല് അനുവദിക്കരുതെന്നും ചൂണ്ടിക്കാട്ടി ഫെബ്രുവരി 26ന് ചീഫ് എൻജിനീയർക്ക് പരാതി സമർപ്പിക്കപ്പെട്ടിരുന്നു.ഇൗ പരാതി പൂർണമായി അവഗണിച്ചു കൊണ്ടാണ് ക്രമക്കേടിന് ചീഫ് എൻജിനീയർ തലത്തിലും ഒത്താശ നടന്നതെന്നാണ് ആരോപണം. പരാതി ലഭിച്ച് 2 മാസം കഴിഞ്ഞാണ് ബില്ല് പാസാക്കി നൽകുന്നത്.
പൊന്നാനി ഹാർബർ ഡിവിഷൻ ഓഫിസ് മുഖേന നടപ്പാക്കിയ പാലക്കാട് ജില്ലയിലെ പാലത്തറ–കൊടുമുണ്ട റോഡിലാണ് ക്രമക്കേട് നടന്നിരിക്കുന്നത്. സാങ്കേതികാനുമതിയിൽ നിർദേശിക്കപ്പെട്ട പണികളിൽ പകുതിയും ചെയ്തിട്ടില്ലെന്ന് ധനകാര്യ വകുപ്പ് ചീഫ് ടെക്നിക്കൽ എക്സാമിനർ (സിടിഇ) കണ്ടെത്തിയിരുന്നു. ചെയ്യാത്ത പണികൾ ചെയ്തുവെന്ന് കാണിച്ചാണ് ഉദ്യോഗസ്ഥരും കരാറുകാരും ചേർന്ന് വെട്ടിപ്പ് നടത്തിയത്.സംഭവത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ 20 ദിവസത്തിനകം നടപടി വേണമെന്നും ഇൗ ദിവസത്തിനുള്ളിൽത്തന്നെ റോഡ് പുനർനിർമിക്കണമെന്നും ചീഫ് ടെക്നിക്കൽ എക്സാമിനർ കർശനമായി ആവശ്യപ്പെട്ടിരുന്നു.പദ്ധതി തയാറാക്കിയ ഉദ്യോഗസ്ഥർക്കെതിരെയും നടപ്പാക്കിയ ഉദ്യോഗസ്ഥർക്കെതിരെയും നടപടി വേണമെന്നാണ് സിടിഇ ആവശ്യപ്പെട്ടിരിക്കുന്നത്.