
‘പൊൻ’മനസ്സുള്ളവർക്ക് സമാധാനം സമ്മാനിച്ച് ഇന്നലെ കൂപ്പുകുത്തിയ സ്വർണവിലയിൽ (gold rate) ഇന്നു നേരിയ വർധന. കേരളത്തിൽ (Kerala gold price) ഗ്രാമിന് (gold price today) 15 രൂപ ഉയർന്ന് 8,765 രൂപയും പവന് 120 രൂപ വർധിച്ച് 70,120 രൂപയുമായി. . ഇന്ത്യ-പാക്കിസ്ഥാൻ വെടിനിർത്തൽ, യുഎസ്-ചൈന വ്യാപാര ഡീൽ എന്നിവയുടെ പശ്ചാത്തലത്തിലായിരുന്നു ഇന്നലെ സ്വർണവിലയുടെ വീഴ്ച.
രാജ്യാന്തര സ്വർണവില ഇന്നലെ 3,280 ഡോളറിൽ നിന്ന് ഔൺസിന് 3,224 ഡോളറിലേക്കും വീണിരുന്നു. ഇന്ന് വില കൂടുതൽ ഇടിഞ്ഞേക്കുമെന്ന് പ്രതീക്ഷിച്ചിരിക്കേ, പത്ത് ഡോളറിന്റെ വർധനയുണ്ടായതാണ് കേരളത്തിലും വില ഉയരാൻ വഴിവച്ചത്. ഇന്നലെ കേരളത്തിലെ സ്വർണവില നിശ്ചയിക്കുമ്പോൾ രാജ്യാന്തരവില ഔൺസിന് 3,224 ഡോളറും രൂപയുടെ മൂല്യം 84.80വും ആയിരുന്നു. ഇന്ന് വിലനിർണയിക്കുമ്പോൾ രാജ്യാന്തര വിലയുള്ളത് 3,234 ഡോളറിൽ; 10 ഡോളറിന്റെ വർധന. രൂപയുള്ളത് 84.66ലും. ഇതോടെ, കേരളത്തിലെ സ്വർണവിലയും ഉയർത്തി നിശ്ചയിക്കുകയായിരുന്നുവെന്ന് വ്യാപാരികൾ വ്യക്തമാക്കി.
സംസ്ഥാനത്ത് 18 കാരറ്റ് (18 carat gold) സ്വർണവിലയും ഇന്നുയർന്നു. ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ.ബി. ഗോവിന്ദൻ നയിക്കുന്ന ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം വില ഗ്രാമിന് 10 രൂപ വർധിച്ച് 7,220 രൂപയായി. എസ്. അബ്ദുൽ നാസർ വിഭാഗം എകെജിഎസ്എംഎ നൽകിയ വില ഗ്രാമിന് 10 രൂപ തന്നെ ഉയർത്തി 7,190 രൂപ. വെള്ളിവില (Silver price) ഇരു കൂട്ടരും ഗ്രാമിന് 108 രൂപയിൽ നിലനിർത്തി.
ഇനി സ്വർണവില കുറയില്ലേ..?
ഇന്ത്യ-പാക്കിസ്ഥാൻ, റഷ്യ-യുക്രെയൻ സംഘർഷത്തിനും യുഎസ്-ചൈന വ്യാപാരയുദ്ധത്തിനും അയവുവരുന്നത് സ്വർണത്തിന് പ്രതികൂലമാണ്. കാരണം, പ്രതിസന്ധിക്കാലത്തെ ‘സുരക്ഷിത നിക്ഷേപം’ (safe-haven demand) നഷ്ടപ്പെടും. ഓഹരി, കടപ്പത്ര വിപണികളും ഡോളറും ബോണ്ടുമെല്ലാം കുതിക്കും. ഗോൾഡ് ഇടിഎഫിനെ കൈവിട്ട് നിക്ഷേപകർ ഓഹരി, കടപ്പത്ര വിപണികളിലേക്ക് തിരികെയെത്തും; സ്വർണവില താഴും. ഈ പ്രതീതിയാണ് ഇന്നലെ നിലനിന്നത്.
ഇന്ത്യയുൾപ്പെടെ മറ്റു രാജ്യങ്ങളുമായും യുഎസ് താരിഫ് വിഷയത്തിൽ സമവായത്തിലെത്തിയാൽ അതും സ്വർണവിലയെ കൂടുതൽ താഴേക്ക് നയിക്കാം. എന്നാൽ, ഇപ്പോൾ സ്വർണവില കൂടിയതിന്റെ കാരണം വ്യത്യസ്തമാണ്. ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ യുഎസിന്റെ കഴിഞ്ഞമാസത്തെ പണപ്പെരുപ്പക്കണക്ക് ഇന്ന് പുറത്തുവരും. പണപ്പെരുപ്പം ആശ്വാസനിരക്കിലാണെങ്കിൽ അടിസ്ഥാന പലിശനിരക്ക് കുറയാൻ വഴിയൊരുങ്ങും.
യുഎസിന്റെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് കഴിഞ്ഞ പണനയനിർണയ യോഗത്തിൽ അടിസ്ഥാന പലിശനിരക്ക് കുറച്ചിരുന്നില്ല. ഇതിൽ ട്രംപിന് വലിയ നീരസമുണ്ട്. യുഎസ് ഫെഡിന്റെ ചെയർമാനായ ജെറോം പവലിനെ ട്രംപ് ‘മണ്ടൻ’ എന്ന് വിളിക്കുകയും ചെയ്തിരുന്നു. പണപ്പെരുപ്പം കുറഞ്ഞാൽ പലിശഭാരം കുറയ്ക്കാൻ പവലും ഫെഡും നിർബന്ധിതരാകുമെന്ന് സാരം. പലിശ കുറയുന്നത് ഡോളറിനെയും ബോണ്ടിനെയും റിവേഴ്സ് ഗിയറിലാക്കും. ഇത് സ്വർണനിക്ഷേപങ്ങൾക്ക് ഗുണം ചെയ്യും. സ്വർണവില കൂടാനും വഴിതെളിയും. ഇന്ത്യൻ സമയം ഇന്നു രാത്രിയോടെയാണ് പണപ്പെരുപ്പക്കണക്ക് പുറത്തുവരുക.
അതേസമയം, കണക്കുകൾ സ്വർണത്തിന് പ്രതികൂലമെങ്കിൽ രാജ്യാന്തരവില ഔൺസിന് 3,150 ഡോളറിനും താഴെയെത്താം. ഇതു കേരളത്തിലെ വിലയും കുറയാൻ സഹായിക്കും. അങ്ങനെയെങ്കിൽ പവൻ വില 69,000 നിലവാരത്തിലേക്കും താഴാം. എന്നാൽ, ഇതിനുള്ള സാധ്യത വിരളമെന്ന അഭിപ്രായമാണ് സ്വർണ വ്യാപാരികൾക്കുള്ളത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: