
കോഴിക്കോട് മെഡിക്കൽ കോളജിലെ തീയും പുകയും; അത്യാഹിത വിഭാഗം എപ്പോൾ തുറക്കും?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട്∙ തീപിടിത്തത്തിനു ശേഷം 11 ദിവസം അടച്ചിട്ട പിഎംഎസ്എസ്വൈ ബ്ലോക്കിലെ അത്യാഹിത വിഭാഗം തുറക്കുന്നതു സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. കെട്ടിടത്തിലെ സാങ്കേതിക പരിശോധനകളെല്ലാം പൂർത്തിയാക്കി സുരക്ഷ ഉറപ്പുവരുത്തിയ ശേഷം മാത്രം രോഗികളെ പ്രവേശിപ്പിച്ചാൽ മതിയെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്.
ഇതനുസരിച്ച് അഗ്നിരക്ഷാസേന, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, പിഡബ്ല്യുഡി, മറ്റ് സാങ്കേതിക വിദഗ്ധർ തുടങ്ങിയവരുടെ നേതൃത്വത്തിൽ കെട്ടിടത്തിൽ സുരക്ഷാ പരിശോധനകൾ നടന്നുവരികയാണ്. എംആർഐ സ്കാൻ മെഷീൻ സംബന്ധിച്ച് കമ്പനി പ്രതിനിധികൾ മാത്രമാണ് ഇന്നലെ പരിശോധന നടത്തിയത്.
അഗ്നിരക്ഷാസേന സുരക്ഷാ ഓഡിറ്റ് റിപ്പോർട്ട് സമർപിച്ചിട്ടില്ല. ഇലക്ട്രിക്കൽ ഇൻസ്പെക്ടററേറ്റ് പ്രാഥമിക റിപ്പോർട്ടാണ് സമർപിച്ചത്. കണ്ണൂരിൽ നിന്നുള്ള ഫൊറൻസിക് വിഭാഗത്തിന്റെ പരിശോധനാ റിപ്പോർട്ടും ലഭ്യമായിട്ടില്ല.
അന്തിമ റിപ്പോർട്ടുകൾ ലഭിച്ചശേഷം മാത്രമേ ആശുപത്രിയുടെ തുടർ പ്രവർത്തനങ്ങൾ സംബന്ധിച്ച് തീരുമാനമുണ്ടാകൂവെന്നാണ് അറിയുന്നത്. കെട്ടിടത്തിലെ എല്ലാ നിലകളിലെയും ലിഫ്റ്റുകളും യുപിഎസ് ബാറ്ററിയും മാറ്റാനുണ്ട്.
അസൗകര്യങ്ങളുടെ നടുവിൽ നട്ടംതിരിയുന്ന മെഡിക്കൽ കോളജ് ആശുപത്രിയിലെ പഴയ അത്യാഹിത വിഭാഗത്തിൽ രോഗികൾക്ക് വീണ്ടും നിന്നു തിരിയാൻ ഇടമില്ലാത്ത അവസ്ഥ. പിഎംഎസ്എസ്വൈ ബ്ലോക്കിലെ ആധുനിക സൗകര്യമുള്ള സർജിക്കൽ സൂപ്പർ സ്പെഷ്യൽറ്റിസ് ആക്സിഡന്റ് ആൻഡ് എമർജൻസി തുറന്നതോടെ ലഭിച്ച ആശ്വാസമാണ് പെട്ടെന്ന് നഷ്ടമായത്.
മെഡിസിൻ, എല്ലു രോഗ വാർഡുകളിൽ രോഗികളുടെ എണ്ണം കൂടിയതോടെ തറയിൽ കിടക്കുന്ന രോഗികളെ ഇവിടേക്കായിരുന്നു മാറ്റിയത്. തീപിടിത്തത്തിന് ശേഷം വാർഡുകളിലെ രോഗികളെ തിരിച്ച് അവിടേക്ക് തന്നെ മാറ്റി. നിത്യേനെ 600 രോഗികളാണ് അത്യാഹിതവിഭാഗത്തിൽ ചികിത്സ തേടിയെത്തുന്നത്.
റിപ്പോർട്ട് ഇന്ന് സമർപ്പിക്കും
കോഴിക്കോട് ∙ ഗവ. മെഡിക്കൽ കോളജ് പിഎംഎസ്എസ്വൈ സർജിക്കൽ സൂപ്പർ സ്പെഷ്യൽറ്റി വിഭാഗത്തിൽ തീപിടിത്തമുണ്ടായതുമായി ബന്ധപ്പെട്ട് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് നടത്തുന്ന അന്വേഷണം അന്തിമ ഘട്ടത്തിൽ. റിപ്പോർട്ട് ഇന്നു സമർപ്പിക്കും. ഇലക്ട്രിക്കൽ ഇൻസ്പെക്ടറ്റേറിന്റെ റിപ്പോർട്ട് ലഭിച്ച ശേഷമാണ് തീപിടിത്തവുമായി ബന്ധപ്പെട്ട കാര്യത്തിൽ തുടർനടപടികൾ ഉണ്ടാകുക.
ഡപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണ റിപ്പോർട്ട് തിരുവനന്തപുരം ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർക്കാണ് സമർപ്പിക്കുക. കഴിഞ്ഞ രണ്ടിനും അഞ്ചിനുമായി 2 തവണയാണ് പിഎംഎസ്എസ്വൈ കെട്ടിടത്തിൽ പൊട്ടിത്തെറിയും തീപിടിത്തവും ഉണ്ടായത്. ആദ്യം അത്യാഹിത വിഭാഗത്തിൽ എംആർഐ സ്കാനറിന്റെ യുപിഎസ് മുറിയിലായിരുന്നു ബാറ്ററിയിൽ നിന്നു പൊട്ടിത്തെറിയും തീപിടിത്തവും ഉണ്ടായത്. കഴിഞ്ഞ 5ന് ഉച്ചയ്ക്ക് രണ്ടേ മുക്കാലോടെയാണ് തിയറ്റർ കോംപ്ലക്സിലെ കാർഡിയോ തൊറാസിക് ശസ്ത്രക്രിയ തിയറ്ററിൽ തീപിടിത്തം ഉണ്ടായത്. ഉപകരണങ്ങൾ കത്തി നശിച്ച് ഒന്നര കോടിയോളം രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്.