
ജീവിതത്തിലെ ഏറ്റവും പച്ചപ്പുള്ള നാളുകളാണ് കുട്ടിക്കാലം. അതില്‍ ഏറ്റവും വിശേഷപ്പെട്ട നാളുകള്‍ അവധിക്കാലങ്ങളും. ഓരോരുത്തര്‍ക്കുമുണ്ടാവും ഉള്ളില്‍ കൊണ്ടുനടക്കുന്ന അവധിക്കാല സ്മൃതികള്‍. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ വായനക്കാര്‍ എഴുതിയ ഈ കുറിപ്പുകളില്‍ സന്തോഷവും ആവേശവും ആരവവും മാത്രമല്ല, സങ്കടകരമായ അനുഭവങ്ങളും കയ്പ്പുള്ള ഓര്‍മ്മകളുമുണ്ട്. ഇതിലൂടെ കടന്നുപോവുമ്പോള്‍, സ്വന്തം കുട്ടിക്കാലം ഓര്‍ക്കാതിരിക്കാന്‍ ആര്‍ക്കുമാവില്ല.
അവധിക്കാലം ഞങ്ങള്‍ കുട്ടിപ്പട്ടാളങ്ങള്‍ക്ക് ഉത്സവമാണ്. വെക്കേഷന് തുടങ്ങുന്നതിന് ഒരാഴ്ച മുന്നേ കളികള്‍ പ്ലാന്‍ ചെയ്യും. അതില്‍ പ്രധാനമാണ് കളി വീടുണ്ടാക്കല്‍. വണ്ണമുള്ള മരച്ചീനി കോലെടുത്ത് നാല് തൂണാക്കും. മുകളില്‍ ചെറിയ കമ്പുകള്‍ വിലങ്ങനെ പാകി മേല്ക്കൂരയാക്കും. അതിന് മീതെ തെങ്ങോലവിരിക്കും. പനച്ചെടിയുടെ ഓല കൊണ്ട് സൈഡുകള്‍ മറയ്ക്കും.
കൊച്ചുവീട് രണ്ട് മുറിയായി തിരിച്ചിട്ടുണ്ടാകും. അതിലൊന്ന് അടുക്കള, പറമ്പില്‍ നിന്നും മണ്ണെടുത്ത് കുഴച്ച് ചുമര് മിനുസപ്പെടുത്തി കെട്ടിത്തിരിക്കും. അടുക്കളയില്‍ അടുപ്പും പാത്രം വെക്കാനുള്ള തട്ടുമുണ്ടാകും.
അവധിക്കാലമാകുമ്പോള്‍ പകല്‍ താമസം കൊച്ചുവീട്ടിലേക്ക് മാറും. സ്കൂള്‍ അടച്ച പിറ്റേദിവസം ഞങ്ങളെല്ലാവരും കൊച്ചുവീട്ടില്‍ കൂടും. അമ്മയുടെ കൂടെ ആലുവ ശിവരാത്രിക്ക് പോകുമ്പോള്‍ തന്നെ ഇതിനായുള്ള ചട്ടിയും, കലവുമെല്ലാം വാങ്ങി വച്ചിട്ടുണ്ടാകും. അതെടുത്താണ് കഞ്ഞിയും, കറിയും വെക്കുക.
അടുപ്പില്‍ തീ കൂട്ടി കൊച്ചുകലം അടുപ്പത്ത് വെച്ച് പൊടിയരിക്കഞ്ഞിയുണ്ടാക്കും. നേരിയ മധുരമുള്ള മൂവാണ്ടന്‍ മാങ്ങ പറിച്ച് ഉപ്പും, മുളകും, ഉള്ളിയും ചേര്‍ത്ത് കല്ലിലിടിച്ച് വെളിച്ചെണ്ണയും ഒഴിച്ച് നല്ല ചമ്മന്തിയുണ്ടാക്കും. പപ്പടം തീയില്‍ ചുട്ടെടുക്കും. കഞ്ഞി കുടിക്കാനുള്ള പാത്രം നല്ല ചിരട്ടയാണ്. സ്പൂണിനു പകരം പഴുത്ത പ്ലാവില കുത്തിയെടുക്കും. എല്ലാരും കൂടി വട്ടം കൂടിയിരുന്നാണ് ചൂട് കഞ്ഞി കുടിക്കുക. എന്ത് സ്വാദായിരുന്നു ആ കഞ്ഞിക്ക്…!
കൊച്ചുവീട്ടിലെ കളി മടുക്കുമ്പോള്‍ ഉച്ചകഴിഞ്ഞ് എല്ലാരും പറമ്പിലേക്കിറങ്ങും. എല്ലാവരും കൂടി ആഞ്ഞിലിക്കുരു പെറുക്കി വീട്ടില്‍ കൊണ്ടുവരും. അത് നല്ലപോലെ വറുക്കാന്‍ ഞങ്ങള്‍ക്കറിയില്ല, വലിയവര്‍ ആരെങ്കിലും വറുത്തു തരും. എന്നിട്ട് മുറത്തിലിട്ട് നാഴികൊണ്ട് അതില്‍ സാവകാശം ഉരുട്ടി തൊണ്ട് കളയും. (അന്നത്തെ അരി അളക്കുന്ന നാഴി മുളകൊണ്ടുള്ളതായിരുന്നു).
എന്നിട്ടത് എല്ലാരും കൂടി വട്ടമിട്ടിരുന്നു കഴിക്കും. കൂടെ കട്ടന്‍ചായയും ഉണ്ടാക്കും. ചൂടോടെ വറുത്തെടുക്കുന്ന ആഞ്ഞിലിക്കുരുവിന് നല്ല സ്വാദാണ്. കളിവീട്ടിലെ വൈകിട്ടത്തെ ചായകുടി കൂട്ടത്തില്‍ അമ്മമാരും ചേരും. കാരണം അത് അവരുണ്ടാക്കിയതാണല്ലോ. അവര്‍ക്ക് തൃപ്തിയോടെ കഴിക്കാം.
ചില കൂട്ടുകാരുടെ വീട്ടില്‍ ഉണക്കക്കപ്പ വേവിച്ച് വെള്ളത്തിലിട്ടിട്ടുണ്ടാകും. ഒരു വലിയ പാത്രത്തില്‍ അത് വാരിയിട്ട് ഉപ്പ് തളിച്ച് ഞങ്ങള്‍ പെറുക്കി തിന്നും. വെയിലത്ത് പറമ്പിലും പാടത്തും ഓടിത്തിമിര്‍ത്തു കളിക്കുമ്പോള്‍ ഭയങ്കര വിശപ്പായിരിക്കും. ദാഹിക്കുമ്പോള്‍, കിണറില്‍ നിന്നും പാളത്തൊട്ടികൊണ്ട് വെള്ളം കോരികുടിക്കും. കിട്ടുന്നത് വാരിത്തിന്നും. കളി തുടരും.
ആഞ്ഞിലിചക്ക പറിച്ച് ചാരത്തില്‍ പൂഴ്ത്തിവെക്കും. രണ്ട് ദിവസംകൊണ്ട് അത് പഴുക്കും. അതിന്റെ തൊലിപൊളിച്ച് കളഞ്ഞ് കുലയോടെയായിരിക്കും ഞങ്ങളുടെ തീറ്റ. കുരുപോലും കളയില്ല. മൊത്തമായി വിഴുങ്ങും.
ആരും കൂട്ടില്ലാത്ത ദിവസങ്ങളില്‍ ഞാന്‍ ഒറ്റക്കാവും കളിക്കുക. പെറ്റിക്കോട്ടിന്റെ മീതെ തോര്‍ത്ത് സാരിയായി ചുറ്റി ടീച്ചറാകും. ചെടികളാണ് കുട്ടികള്‍. ഒരു വടി കയ്യിലുണ്ടാകും. ഓരോ ചെടിയെയും കുട്ടികളായി സങ്കല്പിച്ച്, പഠിപ്പിക്കാന്‍ തുടങ്ങും. ക്ലാസ് ടീച്ചറെ അനുകരിച്ചായിരിക്കും പഠിപ്പിക്കല്‍. ഇടക്കൊക്കെ നല്ല അടികൊടുക്കും. ചെടികള്‍ ഒടിയുമ്പോള്‍ അമ്മയുടെ വക അടി എനിക്ക് വേറെ കിട്ടും.
ചില ദിവസം ചൂണ്ടയിടാന്‍ പോകും. വീടിന്റെ തൊട്ടു താഴെ ചെറിയൊരു കുളമുണ്ട്. ചിലപ്പോള്‍ മീനിന് പകരം ആമയോ, നീര്‍ക്കോലിയോ ആയിരിക്കും കുടുങ്ങുക. ആരും കളിക്കാന്‍ വന്നില്ലെങ്കില്‍ കുടക്കമ്പികൊണ്ട് അമ്പും വില്ലുമുണ്ടാക്കി ചുമലില്‍ തൂക്കി ഞാന്‍ രാവിലെ ഇറങ്ങും. തവളയെ അമ്പെയ്ത് കൊല്ലും. ഇപ്പോള്‍ അതൊക്കെ ഓര്‍ക്കുമ്പോള്‍ ഒത്തിരി സങ്കടം തോന്നും. അന്നത്തെ പ്രായം അതാണല്ലോ.
വെക്കേഷന് തീരാറാകുമ്പോള്‍ കൂട്ടുകാര്‍ ബന്ധുവീടുകളില്‍ താമസിക്കാന്‍ പോകും. ഞാനും ഒരാഴ്ച്ച അച്ഛന്റെ തറവാട്ടില്‍ പോയി താമസിക്കും. റിസള്‍ട്ട് അറിയുന്ന സമയമാകുമ്പോള്‍ അമ്മ വന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകും.
ഹില്‍പാലസിന്റെ അടുത്താണ് തറവാട്. വല്യച്ഛന്റെ വീടിന്റെ തൊട്ടടുത്ത് മണ്കലമുണ്ടാക്കുന്നവരുടെ വീടുണ്ട്. പകല്‍ സമയം ഞാന്‍ അവിടെപ്പോയിരിക്കും, കലങ്ങള്‍ ഉണ്ടാക്കുന്നത് കാണാന്‍ നല്ല രസമാണ്. തിരികെ വീട്ടിലേക്കു പോരാന്‍ നേരം അവര്‍ പൈസ ഇടുന്ന മണ്കുടുക്കയുണ്ടാക്കിത്തരും.
തറവാട്ടില്‍ സര്‍പ്പക്കാവും, കുളവുമുണ്ട്. സന്ധ്യയാകുമ്പോള്‍ കാവില്‍ വിളക്ക് കൊളുത്താന്‍ വല്യമ്മയുടെ കൂടെ ഞാനും പോകും. വള്ളികള്‍ മരത്തില്ച്ചുറ്റി പടര്ന്നുകിടക്കുമ്പോള് പാമ്പുകളെപ്പോലെ തോന്നും. അതിനിടയില്ക്കൂടിവേണം വിളക്ക് വെക്കാന്‍ പോകേണ്ടത്. സര്‍പ്പം തുള്ളലും, നൂറും പാലും കൊടുക്കലും അങ്ങനെ ആചാരങ്ങള്‍ പലതും നടത്തിയിരുന്നു. കാലം മാറിയപ്പോള്‍ കാര്യങ്ങളും മാറി. വല്യച്ഛനും, വല്യമ്മയും മരിച്ചതോടെ ഒന്നിലും വിശ്വാസമില്ലാതായി. കാവ് വെട്ടിത്തെളിച്ചു. പിന്നീട് മക്കളായി കാര്യങ്ങള്‍ നോക്കുന്നത്. കാലക്രമേണ സര്‍പ്പം തുള്ളലും, സര്‍പ്പങ്ങള്‍ക്കുള്ള പാലൂട്ടും നിലച്ചു. ഇപ്പോള്‍ അമ്പലം മാത്രമുണ്ട്. കുടുംബക്കാര് എല്ലാരും മാസത്തില്‍ പോയി തൊഴുതു വരും. ഇപ്പോള്‍ വീണ്ടുമാ സാഹചര്യം മാറി. പുളിക്കല്‍ ക്ഷേത്രം ഇന്നവിടെ പ്രസിദ്ധമാണ്. ആ വഴികളിലൂടെ ഒരിക്കല്ക്കൂടിപോവണമെന്നുണ്ട്. കാവ് ഇല്ലങ്കിലും ആ നടയില്‍ ഒരു തിരി തെളിയിക്കണം.
വീട്ടില്‍ മടങ്ങി ചെല്ലുമ്പോഴേക്കും കൂട്ടുകാരും എത്തിയിട്ടുണ്ടാകും. അവര്‍ക്കുമുണ്ടാകും വിശേഷങ്ങള്‍ പറയാന്‍. റിസള്‍ട്ട് അറിയും വരെ എല്ലാര്ക്കും ടെന്‍ഷനായിരിക്കും. റിസള്‍ട്ട് അറിയുന്ന ദിവസം എല്ലാരും ഒരുമിച്ച് സ്കൂളില്‍ പോവും. ജയിച്ചോ എന്നറിയാനുള്ള ആകാംക്ഷ. അന്നൊക്കെ പഠിക്കാന്‍ മടിയുള്ളവരെ മാത്രമേ തോല്പ്പിക്കാറുള്ളു. ഞങ്ങള്‍ എല്ലാരും പാസ്സാകും. തിരിച്ചു വരുംവഴി വലിയവരുടെ എല്ലാരുടെയും ചോദ്യമുണ്ടാകും. ‘എല്ലാവരും ജയിച്ചോ?’. അഭിമാനത്തോടെ ഞങ്ങള്‍ പറയും, ഞങ്ങള്‍ എല്ലാവരും ജയിച്ചല്ലോ’ എന്ന്.
സ്കൂള്‍ തുറക്കാന്‍ സമയമാകുമ്പോള്‍ കളികള്‍ നിര്‍ത്തി കളിസാധങ്ങളെല്ലാം എടുത്തു വെക്കും. കളിവീട് മാത്രം അവധിക്കാല ഓര്‍മ്മയായ് അവിടെയുണ്ടാകും. പിന്നെ സ്കൂള്‍ തുറക്കാനുള്ള കാത്തിരിപ്പ്. പുതിയ ബുക്കുകള്‍ പൊതിയുന്ന തിരക്ക്. പുത്തന്‍ കുട, ബാഗ്, ചെരുപ്പ് -എല്ലാം വാങ്ങാനുള്ള ഒരുക്കങ്ങള്‍.
മഴയുടെ അകമ്പടിയോടെയാണ് പുതിയ അധ്യയനവര്‍ഷം ആരംഭിക്കുന്നത്. ആദ്യ ദിവസം തന്നെ മഴ. പുത്തന്‍ കുടചൂടി പോകാന്‍ ഭയങ്കര ഉത്സാഹമായിരിക്കും. എല്ലാരും കൂടി വര്‍ത്തമാനവും, കളിചിരിയുമായി യാത്ര. വീട്ടില്‍ നിന്നും നടന്നു പോകാനുള്ള ദൂരമേയുള്ളു. ആദ്യദിനം പഠിപ്പിക്കില്ല, ടീച്ചര്‍ എല്ലാരുടെയും പേരുകള്‍ ചോദിച്ചു പരിചയപ്പെടും. പുതിയതായി വന്ന കുട്ടികളെ പരിചയപ്പെടും.
ഉച്ചവരെയെ അന്ന് ക്ലാസ്സ് ഉണ്ടാകൂ. പുതിയ പാഠപുസ്തകത്തിന്റെ താളുകള്‍ മറിക്കുമ്പോഴുള്ള മണം ഇപ്പോഴുമുണ്ട് ഓര്‍മ്മയില്‍. സ്കൂളില്‍ പോകുംവഴി റോഡരുകിലെ മഴവെള്ളം തട്ടി തെറിപ്പിച്ചു കുസൃതി കാട്ടിയും, മഴവെള്ളത്തില്‍ വാഹനങ്ങളുടെ ഓയില്‍ പടരുമ്പോള്‍ കാണുന്ന വര്‍ണ്ണങ്ങള്‍ നോക്കി വിസ്മയം പൂണ്ടും ഞങ്ങള്‍ അതിശയങ്ങളില്‍ ജീവിക്കും.
മുഴുവന്‍ അനുഭവക്കുറിപ്പുകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]