
ഒകിനാവ: വിനോദ സഞ്ചാര മേഖലയിൽ നിന്ന് സന്യാസി ഞണ്ടുകളെ കടത്താൻ ശ്രമം. മൂന്ന് പേർ അറസ്റ്റിൽ. ജപ്പാനിലെ ഒകിനാവയ്ക്ക് സമീപത്തെ അമാമി ദ്വീപിൽ നിന്ന് 160 കിലോഗ്രാം സന്യാസി ഞണ്ടുകളെ കടത്താൻ ശ്രമിച്ചതിനാണ് മൂന്ന് ചൈനീസ് യുവാക്കൾ അറസ്റ്റിലായത്. ഇവരുടെ സ്യൂട്ട് കേസിലെ അസ്വഭാവികത ശ്രദ്ധിച്ച ഹോട്ടൽ ജീവനക്കാരനാണ് വിവരം പരിസ്ഥിതി പ്രവർത്തകരേയും പൊലീസിനേയും വിവരം അറിയിച്ചത്. 24കാരനായ ലിയോ സിബിൻ, 26കാരനായ സോംഗ് സെൻഹോ, 27കാരനായ ഗുവോ ജിയാവേയ് എന്നിവരാണ് അറസ്റ്റിലായത്.
അമാമി ഓഷിമ ദ്വീപിലെ പ്രമുഖ ഹോട്ടലിലാണ് യുവാക്കൾ തങ്ങിയിരുന്നത്. എന്നാൽ മുറിയിലേക്ക് കൊണ്ടുവന്ന സ്യൂട്ട് കേസിനുള്ളിൽ നിന്ന് അസ്വഭാവിക ശബ്ദം കേൾക്കുന്നതായി തോന്നിയതോടെയാണ് യുവാക്കളെ ഹോട്ടൽ ജീവനക്കാരൻ ശ്രദ്ധിച്ചത്. ശംഖുകൾ കൂട്ടിമുട്ടുന്നത് പോലുള്ള ശബ്ദമായിരുന്നു സ്യൂട്ട് കേസിനുള്ളിൽ നിന്നും വന്നിരുന്നത്. ആറ് സ്യൂട്ട് കേസുകളാണ് യുവാക്കൾ ഹോട്ടൽ മുറിയിൽ എത്തിച്ചത്.
ഹോട്ടലിൽ നിന്ന് വെക്കേറ്റ് ചെയ്യാനൊരുങ്ങുമ്പോഴാണ് യുവാക്കളെ തിരഞ്ഞ് പൊലീസ് എത്തുന്നത്. പെട്ടികൾ തുറന്നതോടെ സന്യാസി ഞണ്ടുകൾ സ്യൂട്ട് കേസിനുള്ളിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു. എന്നാൽ യുവാക്കൾ സന്യാസി ഞണ്ടുകളെ വലിയ രീതിയിൽ കടത്തിയത് എന്തിനാണെന്ന് ഇനിയും വ്യക്തമല്ലെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കൃത്യമായി ഏതിനത്തിലുള്ള സന്യാസി ഞണ്ടുകളെയാണ് യുവാക്കൾ കടത്തിയതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല.
പ്രകൃതി സ്മാരകങ്ങളുടെ ഗണത്തിലുള്ള ജീവി വർഗമാണ് സന്യാസി ഞണ്ടുകൾ. ജപ്പാനിലെ നിയമം അനുസരിച്ച് സംരക്ഷിത ഇനത്തിലുള്ള ജീവി വർഗം കൂടിയാണ് സന്യാസി ഞണ്ടുകൾ. ഒകിനാവയുടെ വടക്കൻ മേഖലയിലാണ് അമാമി ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഈ മേഖലയിലെ സസ്യ ജന്തുജാലം ആസ്വദിക്കാനും കടലിനടിയിൽ നീന്താനുമായി നിരവധി പേരാണ് ഇവിടേക്ക് എത്താറുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]